Friday 7 March 2014

ഓര്‍മ്മക്കുറിപ്പുകള്‍ - 10

ഓര്‍മ്മക്കുറിപ്പുകള്‍ - 10 
------------------------------------
പത്താം ക്ലാസ്സിലേക്ക് .. 
ഏതാണ്ടു ഒരു പാട് വലിയ ആളാണ്‌ എന്നൊരു തോന്നല്‍ ഉള്ളില്‍ ! സ്കൂളിലെ ഏറ്റവും മുതിര്‍ന്ന ചേച്ചിമാരില്‍ ഒരാള്‍ . എല്ലാം കുട്ടികള്‍ .. ഞങ്ങള്‍ അവരെ നിയന്ത്രിക്കാനുള്ളവര്‍ . രാവിലെ ആറുമണിക്ക് വീട്ടില്‍ നിന്നും പുറപ്പെടും.. ട്യൂഷന്‍ 6.30 നാണ് . എന്നും 5 മണിക്കെഴുന്നേല്‍ക്കും .
പഠിത്തത്തില്‍ സീരിയസ് ആയിത്തുടങ്ങി . ട്യൂഷന്‍ സയന്‍സ് അക്കാദമിയില്‍ . പല സ്കൂളിലെ കുട്ടികള്‍ .. ആണുങ്ങളും പെണ്ണുങ്ങളും ആയി കുറെ പേര്‍ . തമ്മില്‍ മിണ്ടാതെ അറിയാതെ ഒരു വര്‍ഷം . ആര്‍ക്കും അതിനൊന്നും നേരമില്ല . എങ്കിലും ചില സൌഹൃദങ്ങള്‍ ഒരേ കോളേജില്‍ വന്നപ്പോള്‍ ഓര്‍ത്തെടുത്തു .. ട്യൂഷന് നമ്മള്‍ ഒരുമിച്ചായിരുന്നില്ലേ എന്ന് !
രാവിലെ എഴുന്നേറ്റു ൫മനി തുടങ്ങി 5.30 വരെ പഠിത്തം . അപ്പോഴാണ്‌ രസം . ഒരേ ഒരു മകള്‍ മെലിഞ്ഞുണങ്ങി ഊതിയാല്‍ കാറ്റു പിടിച്ചു പോലും പോലെ ആണ് ഇരിക്കുന്നത് .. ഇവളെ ഒന്ന് വണ്ണം വയ്പ്പിക്കാന്‍ എന്താണൊരു വഴി എന്നാലോചിച്ചു അച്ഛന് കിട്ടിയ ഐഡിയ ആണ് ഏത്തക്ക ചിപ്സ് തീറ്റിക്കുക എന്നത് . കാരണം ഞാന്‍ ഏത്തപ്പഴം അല്ലാതെ കഴിക്കില്ല പോരെങ്കില്‍ പക്കാ വെജിറെററിയനും ! ഒരു അമൂല്‍ പാല്‍പ്പൊടി ടിന്നില്‍ അതു വാങ്ങി ഇട്ടു വയ്ക്കും . തീരും മുറയ്ക്ക് അച്ഛന്‍ വീണ്ടും വാങ്ങും . പഠിക്കുന്ന സമയം ഇത് കഴിച്ചു ബോണ്‍വിറ്റയും കുടിക്കുന്നതാണ് എന്റെ ബ്രേക്ക്‌ ഫാസ്റ്റ് ! അന്നൊക്കെ ഒന്ന് വണ്ണം വച്ചെങ്കില്‍ എന്ന് കൊതിച്ചിട്ടുണ്ട് . എന്നിട്ട് 15 മിനുട്ട് നടപ്പുണ്ട് ബസ്‌ സ്റ്റോപ്പിലേക്ക് . അതോടെ ഈ കഴിച്ചത് ആവിയാകും .. കാരണം അത് നടപ്പല്ലാ ഓട്ടമാരുന്നു . സമയത്ത് ചെല്ലാനുള്ള ഓട്ടം . അത് എന്റെ ആരോഗ്യവും കൂടി ആയിരുന്നു .
പോകുന്ന വഴിയില്‍ ആരെയും ശ്രദ്ധിക്കാറില്ല . പക്ഷേ... പിന്നീടുള്ള കാലങ്ങളില്‍ അറിയാന്‍ കഴിഞ്ഞു .. എന്നെ ശ്രദ്ധിക്കുന്നവരും ഉണ്ടായിരുന്നു എന്ന് !
ഏലിക്കുട്ടി ടീച്ചര്‍ ആയിരുന്നു ക്ലാസ്സ്‌ ടീച്ചര്‍ .. ഒരു സാധു .. കുട്ടികള്‍ക്ക് വലിയ ഇഷ്ടമായിരുന്നു . സ്കൂള്‍ ജീവിതം ശരിക്കും ആസ്വദിച്ചത് അവസാന വര്‍ഷത്തില്‍ ആണ് . വിസ്താരഭയത്താല്‍ അതിലേക്കു കടക്കുന്നില്ല . സ്കൂളിനു മുന്നില്‍ ഒരു കടയുണ്ട് . അവിടെ പിങ്ക് കളറില്‍ കിട്ടുന്ന കപ്പലണ്ടി മിട്ടായി എന്റെ വീക്ക്‌നസ് ആയിരുന്നു . 5 പൈസക്ക് 5 എണ്ണം . പിന്നെ വെളുത്ത ഗുളിക പോലെ ഗ്യാസ് മിട്ടായി . സ്ഥിരം വാങ്ങുമായിരുന്നു അതൊക്കെ ! തിരിച്ചു ബസ് കയറാന്‍ നില്‍ക്കുമ്പോള്‍ കൂട്ടുകാരിയുടെ ചേട്ടനും കൂടും . ആല്‍ബര്‍ട്സ് കോളേജില്‍ ആയിരുന്നു . ഒരിക്കല്‍ പോലും മിണ്ടാന്‍ ശ്രമിച്ചിട്ടില്ല . പക്ഷേ ... മിണ്ടുന്നതിലൊന്നും കാര്യമില്ലല്ലോ .. കാണുമ്പോള്‍ ഒന്ന് ചിരിക്കും ! ബസ്സിറങ്ങി നടക്കുമ്പോള്‍ അവള്‍ ടാറ്റാ കാണിക്കും .. അപ്പോള്‍ വീണ്ടും ഒന്ന് കൂടി ചിരിക്കും . ഇപ്പോഴും അതോര്‍ക്കുമ്പോള്‍ ഒരു ചെറു ചിരി ചുണ്ടില്‍ ..   ഇനി അടുത്തതില്‍ ... നന്ദി നമസ്കാരം !

Thursday 6 March 2014

ഓര്‍മ്മക്കുറിപ്പുകള്‍- 9

ഓര്‍മ്മക്കുറിപ്പുകള്‍ - 9
---------------------------------
ഒന്‍പതാം ക്ലാസ്സിലേക്ക് ..
പത്തിലേക്ക് പാസ്സാകുമോ എന്ന ചിന്തയാരുന്നു ... പഠിത്തം ഉഴപ്പാരുന്നു..!
ശരാശരി മാര്‍ക്കും വാങ്ങി ഇരുന്നാല്‍ കേറ്റി വിടില്ല .. എന്റെ കൂട്ടായി ഇവിടെ തന്നെ ഇരുന്നോ എന്ന് ക്ലാസ്സ്‌ ടീച്ചര്‍ ഏലിയാമ്മ .. ഹും .. പരീക്ഷ പാസാകണം .. പഠിക്കാന്‍ മടിയും ! . ജാതകത്തില്‍ പറയുന്നു .. പഠിത്തം ഉഴപ്പും എന്ന് ! അവസാനം സഹികെട്ട് അച്ഛനും അമ്മയും കൂടി ജ്യോത്സ്യരുടെ അടുത്തേക്ക് ! ചരട് വാങ്ങുന്നു .. സാരസ്വതഘൃതം നെയ്യ് വാങ്ങുന്നു ... പൂജിക്കുന്നു ... ഏലസ്സ് കെട്ടിക്കുന്നു ! എന്റെ മഹത്തായ സസ്യാഹാര ജീവിതം അവിടെ തുടങ്ങുകയായി . എല്ലാം ഗൌഡ സരസ്വത ബ്രാഹ്മണ കുട്ടികളും കൂട്ടുകാര്‍ ആയി . തികഞ്ഞ സസ്യഭുക്ക് ആയതോടെ അവര്‍ക്കെല്ലാം എന്നോട് സ്നേഹവും കൂടി !
ഇപ്പോഴും പഠനത്തില്‍ പിന്നോക്കമാകുന്ന കുട്ടികള്‍ക്ക് ഫലപ്രദമാണ് ആ നെയ്യ് സേവ ! രാവിലെ കുളിച്ചു വെറും വയറ്റില്‍ സേവിക്കണം . സസ്യാഹാരം മാത്രമേ പാടുള്ളൂ ! അപ്പോള്‍ മുതല്‍ ആണ് സരസ്വതി മന്ത്രം കൂടെ കൂട്ടിയത് . പ്രയോജനമുണ്ടായി ..അതിപ്പോള്‍ എംഫില്‍ എത്തി നില്‍ക്കുന്നു !
പൊക്കക്കുറവു മാറി .. എന്നിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങി ! ബാല്യം വിട്ടു വളര്‍ച്ചയുടെ കൌമാരത്തിലേക്ക് ! ... എങ്കിലും മറ്റുകുട്ടികളുടെ രഹസ്യ ഭാഷണങ്ങളിലേക്ക് ഇടം കിട്ടി തുടങ്ങിയില്ല . എങ്കിലും പതിയെ ഞാനും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ തുടങ്ങി . ഫെമിന എന്ന എന്റെ കൂട്ടുകാരി ആണ് .. പെണ്‍കുട്ടികള്‍ വളരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആദ്യമായി പറഞ്ഞു തരുന്നത് .. അതും എന്താ .. ഏതാ എന്നൊക്കെ ചോദിച്ചു കുറെ പിറകെ നടന്നതില്‍ പിന്നെ . അതിനവള്‍ക്ക് കൈക്കൂലി കൊടുക്കേണ്ടിയും വന്നു ഹക്കിള്‍ബറിയുടെ കഥാപുസ്തകം !
ട്യൂഷന്‍ പോയിത്തുടങ്ങി ഞാനും ! മൂത്ത ചേട്ടനും കൂട്ടുകാരും ഉണ്ടായിരുന്നു അവിടെ . ചേട്ടന്റെ കൂട്ടുകാരിലൂടെ ആണ് .. അത്രയും നാള്‍ ഗേള്‍സ്‌ സ്കൂളില്‍ പഠിച്ചിട്ടും ആണ്‍കുട്ടികള്‍ നല്ല കൂട്ടുകാര്‍ ആകുമെന്നും പേടിച്ചു മാറ്റി നിറുത്തേണ്ടവരല്ലെന്നും ഞാന്‍ അറിഞ്ഞു തുടങ്ങിയത് . ഹരികൃഷ്ണന്‍ എന്ന പട്ടരു കുട്ടി .. ആനന്ദ്‌ .. റോഷന്‍ അങ്ങിനെ ചേട്ടന്റെ കൂട്ടുകാര്‍ എന്റെയും നല്ല കൂട്ടുകാര്‍ ആയി . അവരൊക്കെ എന്തുചെയ്യുന്നു .. എവിടെ ആണ് എന്നൊന്നും ഇപ്പോള്‍ അറിയില്ല . ഇതില്‍ ആനന്ദിനോടാരുന്നു ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് അടുപ്പം കൂടുതല്‍ ! എനിക്കവന്‍ ഇംഗ്ലീഷ് ഗ്രാമ്മര്‍ ഗുരു ആയിരുന്നു . ഗുരുവേ നമ:
നന്ദി നമസ്കാരം !

ഓര്‍മ്മക്കുറിപ്പുകള്‍ - 8

ഓര്‍മ്മക്കുറിപ്പുകള്‍ - 8
----------------------------------
എട്ടാം ക്ലാസ്സിലേക്ക് ..
പറയത്തക്ക സംഭവ ബഹുലതയൊന്നുമില്ലായിരുന്നു .. ഹൈസ്കൂളിന്റെ
കാലഘട്ടം തുടങ്ങുന്നതിന്റെ ടെന്‍ഷന്‍ .. അത്രയേ ഉള്ളൂ ! ക്ലാസ്സിലിരുന്നു നോക്കിയാല്‍ നല്ല മധുരമുള്ള അമ്പഴം വിളഞ്ഞു നില്‍ക്കുന്നത് കാണാം . ടീച്ചിംഗ് പ്രാക്ടീസിന് വരുന്ന കുട്ടി ടീച്ചര്‍മാരുടെ കണ്ണുവെട്ടിക്കുക എന്നത് എന്‍റെ സ്ഥിരം പരിപാടിയായിരുന്നു ! എന്നിട്ട് അമ്പഴം പെറുക്കി തിന്നുകയായിരുന്നു പരിപാടി ! ചിലപ്പോള്‍ ക്ലാസ്സിലിരുന്നു ഉറങ്ങിക്കളയും ! കഥയെഴുതാന്‍ പ്രോത്സാഹിപ്പിക്കുന്ന സിസ്റര്‍ റെജി .. ഹിന്ദി ആയിരുന്നു സിസ്റ്ററുടെ വിഷയം .. ഒന്ന് മുതല്‍ നൂറു വരെ കാണാതെ ഹിന്ദിയില്‍ ചൊല്ലി കേള്‍പ്പിക്കാന്‍ എത്ര മാസമെടുത്തെന്നോ ..?
അവസാനം ചൂരല്‍ കാണിച്ചപ്പോഴാണ്‌ പൂര്‍ത്തിയാക്കിയത് . പിന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ക്ലാസ്സ്‌ ടീച്ചര്‍ സിസ്ടര്‍ ഡെല്‍ബര്‍ട്ട്‌ !
ഇപ്പോഴും ആ മുഖം ഞാന്‍ മറന്നിട്ടില്ല ! പിന്നെ അന്ന് ഗേള്‍സ്‌ സ്കൂളില്‍ ഒരു പതിവുണ്ട് .. ഒരു ജോടിയെ കണ്ടുപിടിക്കും ബോയ്‌ ഫ്രണ്ടിനു പകരം .. അവര്‍ തമ്മില്‍ വലിയ കൂട്ടായിരിക്കും ! എന്റെ കൂട്ട് ചിത്ര ആയിരുന്നു . ഹിഹിഹിഹി ! ഇപ്പോള്‍ അതൊക്കെ ചിരിയാണ് വരുത്തുന്നത് ! അന്നൊക്കെ എന്ത് സീരിയസ് ആയിരുന്നു !
നന്ദി നമസ്കാരം !

ഓര്‍മ്മക്കുറിപ്പുകള്‍ - 7

ഓര്‍മ്മക്കുറിപ്പുകള്‍ - 7
-----------------------------------
ഏഴാം ക്ലാസ്സിലേക്ക് ...
കുറേശ്ശെ കുറേശ്ശെ പെണ്‍കുട്ടി എന്നാല്‍ നിയന്ത്രണങ്ങളുടെ ഒരു മതില്‍ക്കെട്ടിനുള്ളില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവളെന്ന രീതി ചുറ്റുമുള്ളവര്‍ പിന്തുടരുന്നത് കാണാന്‍ തുടങ്ങി . ആ കാലയളവില്‍ കന്യാസ്ത്രീയമ്മമാരുടെ വക ആയി ഇടക്കൊക്കെ ചില സിനിമകള്‍ കാണിക്കാന്‍ തുടങ്ങുന്നു . ഞാനപ്പോഴും ഒന്നും മനസ്സിലാകാത്തവരുടെ കൂട്ടത്തില്‍ തന്നെ . ബാലികാ ഘട്ടം കഴിയാത്തവള്‍ . ഒരേ ക്ലാസ്സിലുള്ളവര്‍ പെട്ടെന്ന് മൌനികള്‍ ആകുന്നു . അടക്കവും ഒതുക്കവും കാണിക്കുന്നു .. ചില സമയങ്ങളില്‍ അടക്കം പറഞ്ഞു നടക്കുന്നു . വളര്‍ച്ചയുടെ ഘട്ടങ്ങള്‍ . എനിക്ക് മാറ്റമൊന്നുമില്ല . കൂട്ടുകാരികളില്‍ ചിലര്‍ക്ക് സൌന്ദര്യം കൂടുന്നു .. തുടുപ്പു കൂടുന്നു . പി . ഇ . ക്ലാസ് നടക്കുന്നു സ്കൂള്‍ ഗ്രൗണ്ടില്‍ . ഞങ്ങള്‍ ഷോട്ട് പുട്ട് പ്രാക്ടീസ് ചെയ്യുകയായിരുന്നു . പെട്ടെന്ന് ഒരു കൂട്ടുകാരി ബോധം കെട്ടു വീഴുന്നു . യുണിഫോം പാവാടയില്‍ നിറയെ കറകള്‍. ടീച്ചര്‍മാര്‍ പറയുന്നു .. പേടിച്ചിട്ടാണെന്ന് .. ! ഒന്നും മനസ്സിലാകുന്നില്ല .. എന്തിനാണ് ആ കുട്ടി പേടിക്കുന്നതെന്നു ?

എന്റെ ജീവിതത്തിലെ ഒരു മഹത്തായ തിരിച്ചറിവിന് എനിക്ക് പിന്നെയും, എന്റെ പത്താം ക്ലാസ്സ്‌ പരീക്ഷ കഴിയാന്‍ കാത്തിരിക്കേണ്ടി വന്നു ! കുട്ടികളില്‍ വളര്‍ച്ചയുടെ ഘട്ടങ്ങളെ ബോധവതികളാക്കണമെന്നു ..പിന്നീടുള്ള വര്‍ഷങ്ങളില്‍ നിന്നും ഞാന്‍ പഠിച്ചു . ഒരു ക്ലാസ്സ്‌ ടീച്ചര്‍ ആയപ്പോള്‍ ഞാന്‍ അത് ശ്രദ്ധയില്‍ വയ്ക്കുകയും ചെയ്തു ! അക്കാലയളവില്‍ സ്കൂള്‍ വിദ്യഭ്യാസത്തില്‍ അങ്ങിനെയുള്ള കാര്യങ്ങള്‍ക്കു പ്രസക്തിയില്ലായിരുന്നു . ഇന്ന് ആ രീതിക്ക് മാറ്റം വന്നു ! തുടരും ! നന്ദി നമസ്കാരം !

ഓര്‍മ്മക്കുറിപ്പ്‌-6

ഓര്‍മ്മക്കുറിപ്പുകള്‍ - 6
---------------------------------
ആറാം ക്ലാസ്സിലേക്ക് ...
ഓര്‍മ്മയില്‍ ആറിനു ഒരു പ്രാധാന്യമുണ്ട് . എന്റെ തല മൊട്ടയടിച്ചു തൊപ്പി വച്ചാണ് ക്ലാസ്സില്‍ പോയിരുന്നത് . കണ്ണാടി നോക്കി സങ്കടം ഒതുക്കി വയ്ക്കും . കുട്ടികള്‍ക്ക് എന്നെ കാണുന്നതേ ഒരു രസാണ് . ചെല്ലുമ്പോള്‍ തന്നെ തൊപ്പി ഊരിയെടുക്കും പോകാറാകുമ്പോള്‍ തരും . ഇടയ്ക്ക് തലയില്‍ താളം പിടിക്കും, മസ്സാജ് ചെയ്യും . എല്ലാം കൊണ്ടും ടൈം പാസ്സിനുള്ള കളിക്കോപ്പായിരുന്നു എന്റെ മൊട്ടത്തല ! എനിക്കും രസമായിരുന്നു . ഒരു പക്ഷേ സീരിയസ് ആയി കൂട്ടുകൂടാന്‍ തുടങ്ങിയത് അവിടം മുതലായിരുന്നു . ടെസ്സി ജോര്‍ജ് , റോസി അഗസ്റിന്‍ .. ഗീതാ ടി.കെ . അങ്ങിനെ ഏറെ പേരുകള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട് . മരിച്ചു പോയ എന്റെ കൂട്ടുകാരി ഗായത്രിയും !

" മ " വാരികകള്‍ വായിക്കാന്‍ തുടങ്ങിയതും ഇക്കാലത്താണ് . മംഗളം , മനോരമ , മനോരാജ്യം കൃത്യായി വായിച്ചിരുന്നു . ആ കൊല്ലത്തെ വേനലവധിക്കാണ് ... എന്‍റെ ജീവിതത്തിലെ ആദ്യത്തെ പ്രണയാഭ്യര്‍ത്ഥന കിട്ടുന്നത് . ഒരു കല്യാണ വീടാണ് രംഗം . 10 വയസ്സുള്ള എന്നോട് പതിനാലു വയസ്സുള്ള പത്താം ക്ലാസ്സ്കാരന് പ്രണയം . അതും ഒരു ദിവസം മുഴുവന്‍ ബന്ധുവിന്റെ കല്യാണം കൂടിയ പരിചയം വച്ച് ... ഒരു ചെറു ചിരിയോടെ മറുപടി പോലും നല്‍കാതെ .. യാത്ര പറയാന്‍ നില്‍ക്കാതെ ... ഞാന്‍ മടങ്ങി പോരുന്നതും നോക്കി സങ്കടത്തോടെ നില്‍ക്കുന്ന ആ കൊച്ചു പയ്യനെ പിന്നീടൊരിക്കലും ഞാന്‍ കണ്ടിട്ടില്ല .
പക്ഷേ , പ്രണയത്തിന്റെ ആദ്യാഭ്യര്‍ത്ഥന എനിക്ക് മുന്നില്‍ വച്ച ആളെന്ന നിലയില്‍ .. ഇപ്പോഴും ഒരു ചെറു ചിരി മനസ്സിലോടിയെത്താറുണ്ട് .. അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ... പ്രണയത്തെക്കുറിച്ച് എഴുതുമ്പോള്‍ !!!

ഓര്‍മ്മക്കുറിപ്പുകള്‍ -5

ഓര്‍മ്മക്കുറിപ്പുകള്‍ - 5
---------------------------------
നാലാം ക്ലാസ്സില്‍ നിന്നും വിടുതല്‍ കിട്ടി അഞ്ചിലേക്ക് ചെന്നപ്പോള്‍ എല്‍പിയില്‍ മാറി യുപി ആയി .. ഏതാണ്ട് 10 കഴിഞ്ഞു കോളേജില്‍ കേറിയ പോലെ ആണ് ഫീല്‍ ചെയ്തത് . വലിയ കുട്ടി ആയ പോലെ . പ്രധാന കാര്യം .. എന്റെ മുന്നില്‍ അസ്സംബ്ലിയില്‍ വേറെ മൂന്നു പേര്‍ കൂടി വന്നു എന്നതാണ് .. ആശ്വാസം .. അതിന്റെ ഒരു അഹങ്കാരം .. ഞാന്‍ ചെറുതല്ല എന്ന തോന്നല്‍ തന്ന ഒരു അഹങ്കാരം ! അതെന്നെ ഒരു പാട് ആത്മവിശ്വാസം ഉള്ള ആളാക്കി .. !!
നാലാം ക്ലാസ്സില്‍ ഇംഗ്ലീഷ് എന്ന വിഷയം തുടങ്ങിയപ്പോള്‍ ഈസി ആയി തോന്നി .. എ ഫോര്‍ ആപ്പിള്‍ .. എന്നൊക്കെ ... ! ഹിഹിഹിഹി .. പക്ഷേ , അഞ്ചാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ആരെടാ ഈ വിഷയം കണ്ടു പിടിച്ചത് ... അവന്റെ തലേല്‍ ഇടിത്തീ വീഴട്ടെ എന്നായി ! പുതിയ ഇംഗ്ലീഷ് ടീച്ചര്‍ .. വെളുത്തു കൊലുന്നനെയുള്ള ശരീരം . പേര് മേരി . കല്യാണം കഴിച്ചിട്ടില്ല .. അതും ഇംഗ്ലീഷില്‍ ബിരുദമുണ്ടത്രെ . അക്കാലത്തു അങ്ങിനെ ഉള്ളവര്‍ കുറവായിരുന്നു . അന്നൊക്കെ ശപിച്ചു കൂട്ടിയ ആ ഇംഗ്ലീഷില്‍ തന്നെ ഒരു ബിരുദാനന്തര ബിരുദം എടുക്കാന്‍ ശ്രമിക്കും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല .. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലീഷ് സാഹിത്യം തലയ്ക്കു പിടിച്ചു തുടങ്ങി. എങ്കിലും ആ കാലയളവില്‍ അതൊരു വലിയ കിടങ്ങായിരുന്നു .. കടമ്പ ആയിരുന്നു .
ഒരിക്കല്‍ അസ്സംബ്ലിക്ക് നില്‍ക്കുമ്പോള്‍ അറ്റന്‍ഷന്‍ / സ്റ്റാന്റ് അറ്റ്‌ ഈസ് പറയുമ്പോള്‍ ഞാന്‍ തെറ്റി ചെയ്തു . ടീച്ചര്‍ അത് നോട്ട് ചെയ്തു . എന്റെ ക്ലാസ്സ്‌ ടീച്ചര്‍ കൂടി ആയിരുന്നു . ക്ലാസ്സില്‍ വന്നു എന്നെ അടുത്ത് വിളിച്ചു എന്നിട്ട് ചെയ്തു കാണിക്കാന്‍ പറഞ്ഞു . ഹോ ... എനിക്ക് പിന്നെയും മാറിപ്പോയി .. ഞാന്‍ ആകെ നെര്‍വസ് ആയിരുന്നു അപ്പോള്‍ . അന്ന് .. the way she treated മി ... അതിപ്പോഴും എനിക്ക് ദഹിക്കുന്നില്ല .. ഞാന്‍ ഒരു ടീച്ചര്‍ ആയപ്പോള്‍ അതെന്റെ ഓര്‍മ്മയില്‍ വച്ചാണ് കുട്ടികളോട് എങ്ങനെ പെരുമാറരുതെന്ന് ശീലിച്ചത്. അന്നവര്‍ എന്നെ ഒരു ദിവസം മുഴുവന്‍ ക്ലാസിനു പുറത്തു നിറുത്തിയിരുന്നു . "അച്ഛന്‍ പോലീസായിട്ടും ഇതൊക്കെ പഠിച്ചില്ലെങ്കില്‍ ഇന്ന് മുഴുവന്‍ പുറത്തു നിന്നാല്‍ മതി "എന്ന് !

അധ്യാപകര്‍ കുട്ടികളെ എങ്ങനെയൊക്കെ സ്വാധീനിക്കും എന്നും എന്നിലെ ടീച്ചര്‍ക്ക്‌ മനസ്സിലാക്കാനുള്ള ഒരു പാഠമായി ഞാന്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ വിലയിരുത്തുന്നു .