Tuesday, 27 August 2013

കണ്ടുമുട്ടല്‍

ഇവിടെ വച്ചാണ് നമ്മൾ അവസാനം കണ്ടത് .
യാത്ര പറയുമ്പോൾ ഒന്ന് വിതുംബിയിരുന്നു 
ഞാനും നീയും ! 
ഇപ്പോൾ ഇത്രയും വർഷങ്ങൾക്കു ശേഷം 
അതേ ഇടം, അതേ സമയം ... ഞാൻ നിന്നെ 
കാത്തിരിക്കുന്നു ഇവിടെ !
25 വർഷങ്ങൾ... ഞാൻ മാറി , നീയും !
മാറ്റമില്ലാത്തത് എന്റെയും നിന്റെയും
സ്നേഹത്തിനു മാത്രം !
നിന്റെ നുണക്കുഴിയും , എന്റെ ചിരിയും
നമ്മുടെ കൂട്ടുകാർക്കിടയിൽ എന്നും
ചർച്ചാവിഷയം ആയിരുന്നു !
നമ്മുടെ സൗഹൃദം ആരെയും അസൂയപ്പെടുത്തുന്നതും
നമ്മെപ്പോലെ നാം മാത്രം എന്നൊരു അഹങ്കാരം
കൂടി നമുക്കുണ്ടാരുന്നു !
അതാ നീ വരുന്നത് എനിക്ക് കാണാം ...
നിന്റെ ആ ചുരുണ്ട മുടിക്കും മാറ്റമില്ല
നിന്റെ കണ്ണുകൾ എന്നെ തേടുന്നതും കാണുന്നു...!

കളിപ്പാട്ടം



ഒരു പാടാശിച്ചു
വാങ്ങിയോരാ
കളിപ്പാട്ടമെന്തിനു
എറിഞ്ഞുടച്ചൂ നീ
കളിച്ചു കളിച്ചു 
നിൻ മനം മടുത്തിട്ടോ
വേറെ കളിപ്പാട്ടത്തോടാശ
തോന്നിയിട്ടോ...?
കളിപ്പാട്ടമൊന്നു വേറെ
കിട്ടിയെങ്കിൽ ഇതിനെ
എറിഞ്ഞുടയ്ക്കാതെ
ഓരത്ത് വയ്ക്കാമായിരുന്നില്ലേ ...?


വസന്തം


ഞാൻ എല്ലാവരുടെയും വസന്തമാണ് ..!
എന്നാൽ ആരുടേയും സ്വന്തവുമല്ല ...
ഇനിയും നിന്‍ സ്വാർത്ഥ വാക്കുകള്‍
തന്‍ മേഘങ്ങള്‍ , എന്നിലെക്കൊരു
മഴ പോല്‍ പെയ്തിറക്കില്ലെങ്കില്‍ ,
നിനക്ക് ഞാനെന്‍ വസന്തം പകരാം ...!
അതിലെന്റെ ജീവന്റെ നേരുണ്ട്..
എന്നിലെ സൌഹൃദ മരത്തിൽ നിറയെ
സ്നേഹത്തിൻ സുഗന്ധ പൂക്കളുണ്ട് ,
നിന്നിലെ പ്രണയത്തെ ആവാഹിച്ചോരാ
മധുവൂറും ഓർമ്മ തൻ മാമ്പഴക്കനിയുണ്ട്,
തേൻ നുകരാൻ വരും ചിത്രശലഭങ്ങളോടും
പഴങ്ങൾ തിന്നാൻ വരും അണ്ണാറക്കണ്ണനോടും
എന്റെ വസന്തത്തിന്നൊരേ വികാരം
നിറഞ്ഞ ചിരിയിലൊതുക്കും സ്നേഹം
എന്നെ ഞാനായിക്കണ്ട് സ്നേഹിക്കൂ
എനിക്ക് ഞാൻ പോലും സ്വന്തമല്ല
വസന്തമാണ് ഞാൻ.. പങ്കിടുക എന്നെ !
സ്വന്തമെന്ന സ്വാർത്ഥതയുടെ മഹാമാരി
ചൊരിയാതിരിക്കൂ.. എന്റെ വസന്തത്തിൻ
സ്നേഹപ്പൂക്കളെ തല്ലിക്കൊഴിക്കാതിരിക്കൂ..
ഞാൻ എല്ലാവരുടെയും വസന്തമാകുന്നു !

ഈഡിപ്പസ്



ഈഡിപ്പസ്
--------------------------------
പിതൃ ഘാതകൻ മാതൃ വരണൻ
എന്ന ശാപം മാറാൻ കൊല്ലാൻ വിധിക്കപ്പെട്ടവൻ
ദത്തു പുത്രനാകാൻ നിയോഗിക്കപ്പെട്ടവൻ 
ദത്തുപുത്രനെന്നറിഞ്ഞപ്പോൾ രാജ്യം ത്യജിച്ചവൻ
അലച്ചിലിനൊടുവിൽ സ്ത്രീമുഖവും സിംഹ ശരീരവുമുള്ള
വിചിത്രജീവിയുടെ ഒരൊറ്റ ചോദ്യത്തിനുത്തരം കൊടുത്തവൻ
പ്രഭാതത്തിൽ നാലുകാലും ഉച്ചയ്ക്ക് രണ്ടുകാലും
സായാഹ്നത്തിൽ മൂന്നു കാലും ആർക്കെന്ന
ചോദ്യത്തിനുത്തരം"മനുഷ്യൻ " എന്ന്
പറഞ്ഞവരെ പരാജയപ്പെടുത്തിയവൻ..
മാതാവിനെ വരണമാല്യം ചാര്‍ത്തിയവന്‍
പിതാവിനെ ആളറിയാതെ കൊന്നവന്‍
തിരസ്കരിക്കപ്പെട്ട രാജ്യം നേടിയെടുത്തവന്‍
സ്വജീവിതം ലോകര്‍ക്ക് മുന്നില്‍ ദുരന്തമാക്കിയവന്‍
"ഈഡിപ്പസ് ദുരന്തം" എന്ന പഴഞ്ചൊല്ലില്‍
സ്വന്തം പേരനശ്വരമാക്കിയവന്‍, "ഈഡിപ്പസ് " 

ഓര്‍മ്മകള്‍


ഒരു പിടി ഓർമ്മകൾ
എന്നിലേക്ക്‌ പകർന്നിട്ടു
നീ മറഞ്ഞപ്പോൾ
എന്റെ മറവികളിൽ
ഓർമ്മ മാത്രമായി 
മറവി എന്തെന്നു
ഞാൻ മറന്നും പോയി ...!
മറക്കുവാനായിരുന്നെങ്കിൽ
നിന്റെ ഓർമ്മകളെ
ഞാൻ എന്നെ മറന്നേനെ ...
എന്റെ മറവിയെ
തിരിച്ചു തരൂ..
നിന്റെയീ ഓർമ്മകളെ
തിരിച്ചെടുക്കൂ എന്നിൽ
നിന്നെന്നെന്നേക്കുമായി ..!

അമ്മ

അമ്മ 
-------------
ഞാൻ ഒരമ്മയാണ് 
ആകുലതകളുള്ളോരമ്മ 
മക്കൾ തൻ ഭാവിയിൽ
വ്യാകുലതകളുള്ളോരമ്മ


മക്കൾക്കു നേർവഴിയും
നല്ല ഭാവിയും ലഭ്യമാവാൻ
പ്രാർത്ഥനകളോടിരിക്കുന്നോരമ്മ
പുറംലോകത്തേക്കിറങ്ങുന്നവർ
വീട്ടിൽ തിരികെയെത്തും വരെ
ആധി പൂണ്ടിരിക്കുന്നോരമ്മ
"we r grown up mum " എന്നു ചൊല്ലും
വലിയ മക്കളുള്ളോരമ്മയെങ്കിലും
മക്കൾക്കെത്ര മക്കളുണ്ടായാലും
മക്കളെന്നും അമ്മയ്ക്കു മക്കൾ
തന്നെ എന്നു ചിന്തിക്കുന്നോരമ്മ
അതെ... ഞാനിന്നും അമ്മയാണ്
അമ്മയേക്കാൾ പൊക്കമുള്ള മക്കളമ്മയെ
കുഞ്ഞാക്കുന്നതു കണ്ടു രസിക്കുന്നോരമ്മ !
================================

ആശീര്‍വാദങ്ങള്‍

തികഞ്ഞ ശാന്തതയാണ് ...
പെരു മഴ പെയ്തൊഴിഞ്ഞു.
ആകാശം നീല നിറം ചൂടി
ഉള്ളു കുളിർപ്പിച്ച മഴയുടെ
തന്ത്രികളിൽ നിന്നുതിർന്ന
സംഗീതം എന്റെ മനസ്സിലെ 
അരണ്ട ആശങ്കകളെയും
ഒഴുക്കി കളഞ്ഞു ശുദ്ധമാക്കി ,
നീട്ടപ്പെട്ട കരങ്ങളിൽ വെണ്ണ പോൽ
ഉരുകുന്ന സ്വാർത്ഥ സ്നേഹത്തെ
കണ്ടു ഹൃദയവും പരിശുദ്ധപ്പെട്ടു ..
കാര്യസാദ്ധ്യങ്ങൾക്കായി മാത്രമുള്ള
സ്നേഹത്തിൻ അർത്ഥതലങ്ങൾ
എന്നെ സ്പർശിക്കാതെ പോകുന്നത്
എന്റെ നിഷ്കളങ്ക സ്നേഹത്തിനു
കിട്ടിയ വരദാനമെന്നു വിശ്വസിക്കുന്നു
എന്റെ സ്നേഹം കേടുകൂടാതെ
കാത്തു സൂക്ഷിക്കാനും , സ്വാർത്ഥതയുടെ
കറ പുരളാതെയും സ്വാർത്ഥരുടെ
കയ്യിലകപ്പെടാതെയും നില നിർത്തുവാനും
എന്റെ അസ്തിത്വങ്ങൾക്കു വിഘ്നം
വരുത്താതെയും സ്നേഹത്തിൻ വസന്തം
എല്ലാവരിലേക്കും സുഗന്ധമായി പടർത്തുവാനും
ഇനിയും എന്നെ അനുഗ്രഹിക്കൂ .. ആശീർവദിക്കൂ...!