Thursday, 27 February 2014

ഓര്‍മ്മക്കുറിപ്പുകള്‍ - 2

ഓര്‍മ്മക്കുറിപ്പുകള്‍ - 2
--------------------------------
അടുത്തത്, രണ്ടാം ക്ലാസ്സിലേക്ക് ...!!
നോക്കണ്ടാ ... സത്യായിട്ടും പിറ്റേക്കൊല്ലം തന്നെ ഞാന്‍ രണ്ടിലെത്തി .. സത്യായിട്ടും !!
പക്ഷേ .. ഏതെങ്കിലും ക്ലാസ് ടെസ്റ്റുണ്ടെങ്കില്‍ .. അല്ലെങ്കില്‍ ഹോം വര്‍ക് ചെയ്തിട്ടില്ലെങ്കില്‍ .. എനിക്കന്നു വയറുവേദന (അതും നെറ്റിയില്‍ കൈ പൊത്തിപ്പിടിച്ചു പുളഞ്ഞുകൊണ്ടാണ് വയറുവേദന എന്നു പറയുന്നത് ). എന്റെ ഈ വേഷം കെട്ടൊക്കെ അച്ഛനും അമ്മയ്ക്കും നല്ലോണം അറിയാം . അമ്മ പഞ്ചായത്തില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത് . അതിരാവിലെ പോകും .. കുറെ ദൂരെ ട്രാന്‍ഫര്‍ ആയതിന്റെ ടെന്‍ഷന്‍ ഉണ്ടാരുന്നു അമ്മയ്ക്ക് ! ഞങ്ങള്‍ നാലു മക്കള്‍ .. അതും ഓരോ വയസ്സിന്റെ വ്യത്യാസം മാത്രം . എനിക്കു മൂത്ത ആളും ബാക്കി ഇളയ കുട്ടികളും ( 3ആണും , 1 പെണ്ണും .. നഞ്ചെന്തിനാ നാനാഴി.....!!? ഞാനൊരെണ്ണം പോരേ ..? ) .
പറഞ്ഞോണ്ട് വന്നത് .. അമ്മ പോയിക്കഴിഞ്ഞാണ് എനിക്കു തോന്നിയത് .. എന്തിനാ ഇന്ന് പഠിക്കാന്‍ പോകുന്നത് ..?
ഈ പഠനം ആരാ കണ്ടു പിടിച്ചത് ആവോ... ? എന്നാ പിന്നെ ഇന്ന് പോകുന്നില്ല . അച്ഛന്‍ ഡേ ആന്‍ഡ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നിട്ടില്ല . പോലീസുകാര്‍ക്ക് അങ്ങിനെ അവധി ഇല്ലല്ലോ .. സര്‍ക്കാര്‍ മൊത്തമായിട്ട് ഏറ്റെടുത്തേക്കുവല്ലേ !! പക്ഷേ .. മൂന്നാം ക്ളാസ്സില്‍ പഠിക്കുന്ന എന്റെ ചേട്ടച്ചാര്‍.. വലിയ ചേട്ടന്‍ കളിക്കാരനാണ് . എന്നെ പിടിച്ച് വലിച്ചു റെഡിയാക്കി കൊണ്ട് പോയി . സരിത സ്റ്റോപ്പില്‍ ഇറങ്ങി സ്കൂളിലേക്കുള്ള വഴിയില്‍ വിട്ടിട്ടു തൊട്ടപ്പുറത്തുള്ള ആല്‍ബര്‍ട്സിലേക്ക് പോയി . പോകും വരെ നോക്കി നിന്ന ഞാന്‍ റോഡ് ക്രോസ്സ് ചെയ്തു അടുത്ത ബസ്സ് പിടിച്ച് നേരെ വീട്ടിലെത്തി !! അടുത്തുള്ള കൊച്ചു കുട്ടികളുമായി തോരണം തൂക്കി കളി തുടങ്ങി . എകദേശം ഉച്ചക്ക് 12 മണി കഴിഞ്ഞപ്പോള്‍ അച്ഛന്‍ ഊണ് കഴിക്കാന്‍ വന്നു ! എന്നെ കണ്ടു അച്ഛന്‍ ഞെട്ടി !! "എന്താ നീ ക്ളാസ്സില്‍ പോയില്ലേ ?" എന്നൊരു ചോദ്യവും ! ഞാന്‍ വേഗം എന്റെ വയറുവേദന കലാ പരിപാടി പുറത്തെടുത്തു ! പക്ഷേ .. എന്റെ അല്ലേ അച്ഛന്‍ ..! ഹും.. ഒന്നേയുള്ളൂവെങ്കിലും ഉലക്കയ്ക്ക് തല്ലി വേണം വളര്‍ത്താന്‍ എന്ന പക്ഷക്കാരന്‍ ആണ് . വേലിക്കലുള്ള ശീമക്കൊന്ന വടി ഓടിച്ചു രണ്ടെണ്ണം തന്നു . ഹെര്‍കൂലിസ് സൈക്കിള്‍ ആയിരുന്നു അഛന്റെ വാഹനം . അപ്പോ തന്നെ എന്നെയും കൂട്ടി സ്കൂളിലേക്ക് ! എന്റെ ക്ലാസ് ടീച്ചര്‍ മേരി ടീച്ചര്‍ എന്നെ കണ്ടതും ചിരിക്കാന്‍ തുടങ്ങി .. പുതിയ കാര്യമാണെങ്കിലല്ലേ അതിശയം തോന്നൂ ! ഹും .. പാവം ഞാന്‍ ! ഇങ്ങനെ ഒരു പാട് കലാപരിപാടികള്‍ നടത്തി കൊണ്ട് സംഭവ ബഹുലമായ എന്റെ ജീവിതം ഇനിയും ബാക്കി ... !! നമസ്കാരം .. !

No comments:

Post a Comment