Thursday, 27 February 2014

ഓര്‍മ്മക്കുറിപ്പുകള്‍ - 2

ഓര്‍മ്മക്കുറിപ്പുകള്‍ - 2
--------------------------------
അടുത്തത്, രണ്ടാം ക്ലാസ്സിലേക്ക് ...!!
നോക്കണ്ടാ ... സത്യായിട്ടും പിറ്റേക്കൊല്ലം തന്നെ ഞാന്‍ രണ്ടിലെത്തി .. സത്യായിട്ടും !!
പക്ഷേ .. ഏതെങ്കിലും ക്ലാസ് ടെസ്റ്റുണ്ടെങ്കില്‍ .. അല്ലെങ്കില്‍ ഹോം വര്‍ക് ചെയ്തിട്ടില്ലെങ്കില്‍ .. എനിക്കന്നു വയറുവേദന (അതും നെറ്റിയില്‍ കൈ പൊത്തിപ്പിടിച്ചു പുളഞ്ഞുകൊണ്ടാണ് വയറുവേദന എന്നു പറയുന്നത് ). എന്റെ ഈ വേഷം കെട്ടൊക്കെ അച്ഛനും അമ്മയ്ക്കും നല്ലോണം അറിയാം . അമ്മ പഞ്ചായത്തില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത് . അതിരാവിലെ പോകും .. കുറെ ദൂരെ ട്രാന്‍ഫര്‍ ആയതിന്റെ ടെന്‍ഷന്‍ ഉണ്ടാരുന്നു അമ്മയ്ക്ക് ! ഞങ്ങള്‍ നാലു മക്കള്‍ .. അതും ഓരോ വയസ്സിന്റെ വ്യത്യാസം മാത്രം . എനിക്കു മൂത്ത ആളും ബാക്കി ഇളയ കുട്ടികളും ( 3ആണും , 1 പെണ്ണും .. നഞ്ചെന്തിനാ നാനാഴി.....!!? ഞാനൊരെണ്ണം പോരേ ..? ) .
പറഞ്ഞോണ്ട് വന്നത് .. അമ്മ പോയിക്കഴിഞ്ഞാണ് എനിക്കു തോന്നിയത് .. എന്തിനാ ഇന്ന് പഠിക്കാന്‍ പോകുന്നത് ..?
ഈ പഠനം ആരാ കണ്ടു പിടിച്ചത് ആവോ... ? എന്നാ പിന്നെ ഇന്ന് പോകുന്നില്ല . അച്ഛന്‍ ഡേ ആന്‍ഡ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നിട്ടില്ല . പോലീസുകാര്‍ക്ക് അങ്ങിനെ അവധി ഇല്ലല്ലോ .. സര്‍ക്കാര്‍ മൊത്തമായിട്ട് ഏറ്റെടുത്തേക്കുവല്ലേ !! പക്ഷേ .. മൂന്നാം ക്ളാസ്സില്‍ പഠിക്കുന്ന എന്റെ ചേട്ടച്ചാര്‍.. വലിയ ചേട്ടന്‍ കളിക്കാരനാണ് . എന്നെ പിടിച്ച് വലിച്ചു റെഡിയാക്കി കൊണ്ട് പോയി . സരിത സ്റ്റോപ്പില്‍ ഇറങ്ങി സ്കൂളിലേക്കുള്ള വഴിയില്‍ വിട്ടിട്ടു തൊട്ടപ്പുറത്തുള്ള ആല്‍ബര്‍ട്സിലേക്ക് പോയി . പോകും വരെ നോക്കി നിന്ന ഞാന്‍ റോഡ് ക്രോസ്സ് ചെയ്തു അടുത്ത ബസ്സ് പിടിച്ച് നേരെ വീട്ടിലെത്തി !! അടുത്തുള്ള കൊച്ചു കുട്ടികളുമായി തോരണം തൂക്കി കളി തുടങ്ങി . എകദേശം ഉച്ചക്ക് 12 മണി കഴിഞ്ഞപ്പോള്‍ അച്ഛന്‍ ഊണ് കഴിക്കാന്‍ വന്നു ! എന്നെ കണ്ടു അച്ഛന്‍ ഞെട്ടി !! "എന്താ നീ ക്ളാസ്സില്‍ പോയില്ലേ ?" എന്നൊരു ചോദ്യവും ! ഞാന്‍ വേഗം എന്റെ വയറുവേദന കലാ പരിപാടി പുറത്തെടുത്തു ! പക്ഷേ .. എന്റെ അല്ലേ അച്ഛന്‍ ..! ഹും.. ഒന്നേയുള്ളൂവെങ്കിലും ഉലക്കയ്ക്ക് തല്ലി വേണം വളര്‍ത്താന്‍ എന്ന പക്ഷക്കാരന്‍ ആണ് . വേലിക്കലുള്ള ശീമക്കൊന്ന വടി ഓടിച്ചു രണ്ടെണ്ണം തന്നു . ഹെര്‍കൂലിസ് സൈക്കിള്‍ ആയിരുന്നു അഛന്റെ വാഹനം . അപ്പോ തന്നെ എന്നെയും കൂട്ടി സ്കൂളിലേക്ക് ! എന്റെ ക്ലാസ് ടീച്ചര്‍ മേരി ടീച്ചര്‍ എന്നെ കണ്ടതും ചിരിക്കാന്‍ തുടങ്ങി .. പുതിയ കാര്യമാണെങ്കിലല്ലേ അതിശയം തോന്നൂ ! ഹും .. പാവം ഞാന്‍ ! ഇങ്ങനെ ഒരു പാട് കലാപരിപാടികള്‍ നടത്തി കൊണ്ട് സംഭവ ബഹുലമായ എന്റെ ജീവിതം ഇനിയും ബാക്കി ... !! നമസ്കാരം .. !

ഓര്‍മ്മക്കുറിപ്പുകള്‍- 1

ഓര്‍മ്മക്കുറിപ്പുകള്‍ .. !!- (1)
-----------------------------------
ഞാന്‍ ഒന്നാം ക്ളാസ്സില്‍ പഠിക്കുന്ന സമയത്തുള്ള ഒരു സംഭവം .. എറണാകുളം സരിത തീയറ്റര്‍ സ്റ്റോപ്പ് ആണ് എന്റെ സ്കൂള്‍ സ്റ്റോപ്പ് . അവിടെ നിന്നും ജനത റോഡ് സ്റ്റോപ്പ് 
(കലൂര്‍ സ്റ്റേഡിയം ) വരെയുള്ളതാണ് എന്റെ സ്കൂള്‍ യാത്രകള്‍ . പലപ്പോഴും തനിച്ചു തന്നെ . അന്ന് എന്നെ കാണണമെങ്കില്‍ ഭൂതക്കണ്ണാടി കൂടി വേണ്ടി വരും .. ആകെ കൂടി ഒരു പുഴുവിന്റെ വലിപ്പം എന്നു പറഞ്ഞാല്‍ ഇച്ചിരെ കൂടിപ്പോകും .. !! എന്നാല്‍ കുരുത്തക്കേടുകള്‍ക്ക് ആനയേക്കാളും വലിപ്പമുണ്ട് . ഇടക്കൊക്കെ അച്ഛനോ രണ്ടാം ക്ളാസ്സില്‍ പഠിക്കുന്ന ചേട്ടനോ വരും കൂടെ .. അവരില്ലാത്ത ദിവസങ്ങള്‍ എന്റെ സാഹസികതയ്ക്കു ഞാന്‍ ഒറ്റക്കു പോരും !
ഇടക്ക് , തൊങ്ങി തൊട്ട് (ഒരു കാല്‍ പൊക്കി ചാടി കളങ്ങളില്‍ കൂടി ഓടിന്‍ കഷണം എറിഞ്ഞുള്ള കളി ) കളിക്കുമ്പോള്‍ ലൈന്‍ ബസ്സിനു കൊടുക്കാനുള്ള 10 പൈസ കളയുന്ന പതിവുണ്ട് . എന്നിട്ട് നടന്നു പോരും സ്കൂള്‍ തുടങ്ങി വീടുവരെ ! അങ്ങിനെ ഒരു ദിവസം കയ്യിലുള്ള പൈസ കളഞ്ഞിട്ടു നടക്കാന്‍ തുടങ്ങി . സ്കൂളില്‍ പോരും മുന്നേ ദിവസവും അച്ഛന്‍റെ വക ഉപദേശമുണ്ട് .. പിള്ളേര് പിടുത്തക്കാര്‍ ഉണ്ടാകും .. "ആര് വിളിച്ചാലും നോക്കരുത് .. തരുന്നതൊന്നും തിന്നരുത് . അപരിചിതരോട് മിണ്ടാന്‍ പോലും നില്‍ക്കരുത്,"
എന്നൊക്കെ ! അതൊക്കെ കൃത്യായിട്ടു പാലിച്ചിരുന്നു ഞാന്‍ ! അങ്ങിനെ നടന്നു നടന്നു ലിസി സ്റ്റോപ്പ് എത്തിയപ്പോ അച്ഛന്‍ ഏതോ ബസ്സിലിരുന്നു എന്നെ കണ്ടു .. അച്ഛന്‍ പോലീസായിരുന്നു .. ബസ്സിലിരുന്നു തന്നെ അച്ഛന്‍ വഴിയേ പോയ ഒരാളോട് ആ കൊച്ചിനെ ഒന്നു പിടിച്ച് നിറുത്തൂ എന്നു വിളിച്ച് പറഞ്ഞു. അത് കേട്ട ഒരാള്‍ എന്നെ വഴിയില്‍ തടഞ്ഞു . ഞാനത് വക വയ്ക്കാതെ അയാളെ തട്ടി മാറ്റി മുന്നോട്ടും . അച്ഛന്‍ ബസ് നിറുത്തി ക്രോസ്സ് ചെയ്യാന്‍ നില്‍ക്കുന്നത് കണ്ടു അയാള്‍ എന്റെ കയ്യില്‍ പിടിച്ച് നിറുത്തി . " കൊച്ചേ.. നിന്റെ അച്ഛന്‍ ഇപ്പോ വരും .. അവിടെ നില്‍ക്ക് " എന്നു പറയുന്നുണ്ട് . ഞാന്‍ അയാളുടെ കയ്യില്‍ ഒരു കടി കൊടുത്തിട്ടു ഉറക്കെ കരയാന്‍ തുടങ്ങി ... ഓടി വായോ .. ഈ പിള്ളേര് പിടിത്തക്കാരന്‍ എന്നെ പിടിച്ചോണ്ട് പോണേ ... " ആളുകള്‍ ഓടിക്കൂടി ..! അയാളെ തല്ലാന്‍ ഒരുങ്ങി .. അപ്പോഴേക്കും അച്ഛന്‍ അടുത്തെത്തി .. ! ഹിഹിഹി .. പാവം എന്നെ സഹായിക്കാന്‍ ശ്രമിച്ചു എന്റെ പല്ലുകളുടെ പാടു കയ്യില്‍ ഏറ്റു വാങ്ങിയ ആ മനുഷ്യന്റെ മുഖം പോലും ഓര്‍മ്മയില്ല എനിക്കെങ്കിലും .. ഈ അവസരം മനസ്സ് കൊണ്ട് അദ്ദേഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു .. ! എന്റെ നമസ്കാരം

Monday, 10 February 2014

കുയില്‍പാട്ട്

എനിക്കായി പാടുമോ പൂംകുയിലേ ..
ഈ പുലര്‍വേളയിലൊരു കുയില്‍ പാട്ട് .
ഉള്ളു നീറുമ്പോള്‍ തുയിലുണര്‍ത്താനൊരു പാട്ട്..
എന്‍ വിഷാദ ഭാവമകറ്റാനൊരു പാട്ട് ..!
എന്നില്‍ സ്നേഹം നിറയ്ക്കാനൊരു പാട്ട് ..
എന്‍ കദനം മറക്കുവാനൊരു പാട്ട് ..
ഇന്നെനിക്കു മാത്രം കേള്‍ക്കാനൊരു പാട്ട്..
നിന്‍ സ്വനതന്തുക്കളിലുതിരുമാ പാട്ട് ..
എന്‍റെ പൂങ്കുയിലേ ..എനിക്കുവേണമാ പാട്ട് ..
എന്നില്‍ പ്രണയം നിറയ്ക്കുമാ പാട്ട് ..
പാടൂ നീ പൂങ്കുയിലേ .. പാടൂ നീ എനിക്കായി ...!!

പൂവും വണ്ടും

പൂവിനറിയാഞ്ഞിട്ടല്ല.. 
വണ്ട്, സ്നേഹം പകരുമ്പോള്‍ ..
അതിന്റെ കൂര്‍ത്തു മൂര്‍ത്ത കാലുകള്‍ കൊണ്ട് 
പൂവിന്റെ മൃദുല മേനിയില്‍ പോറല്‍ ഉണ്ടാകുന്നുണ്ട് ..
എന്നിട്ടും പൂവും ആ സ്നേഹം ആസ്വദിക്കുന്നുണ്ട് ... 
തിരിച്ചറിയുന്നുണ്ട് ..
സ്വന്തം ജീവിതസാഫല്യം അവന്റെ സ്നേഹമാണെന്നുള്ളത് !
അതുപോലെ തന്നെയാണ് .. എന്‍റെ കൊച്ചു കുറിപ്പുകളും ..!
അത് വായിക്കുന്ന നിന്‍റെ ഹൃദയം പോറല്‍ പറ്റുന്നുവെന്ന് അറിയാഞ്ഞിട്ടല്ല ..
നിനക്ക് നോവുമെങ്കിലും എനിക്ക് സ്നേഹിക്കാതെ വയ്യ ..!
എനിക്കു നിന്നോടുള്ള സ്നേഹമാണ് എന്റെ വാക്കുകളുടെ മൂര്‍ച്ച കൂട്ടുന്നത്‌ .. !
സ്നേഹിക്കുമ്പോള്‍ , ആഴത്തില്‍ മുറിവേല്‍ക്കാതെ നോക്കുന്നുണ്ട് ഞാനും !
എന്റെ സ്നേഹം നിന്നെ മുറിവേല്‍പ്പിക്കുന്നെങ്കില്‍ ക്ഷമിക്കുക ..
സ്നേഹത്തോടെ ....
നിന്‍റെ രാധ .

വരുന്നോ?

വരുന്നോ.. ?
നീറ്റി നീറ്റി കാച്ചിക്കുറുക്കിയ ചന്ദനതൈലം തരാം..
കാണുമോ ..?
വ്യഥ മറന്നു സ്നേഹം തുടിക്കുന്നോരെന്‍ മനസ്സ്..
കേള്‍ക്കുമോ ..?
ബധിരത കടം കൊണ്ട കാതുകളില്‍ വീഴും പാഴ് സംഗീതത്തെ ..
അറിയുമോ..?
നിശാ ശലഭങ്ങള്‍ മുട്ട വിരിയിക്കുമാ ഇലച്ചാര്‍ത്തുകളെ ..
രുചിക്കുമോ..?
സ്നേഹത്താല്‍ ചൊരിഞ്ഞോരാ രക്തത്തുള്ളികളെ..
ഒടുവിലായ് ..
നീട്ടുക നിന്‍ കൈകളെന്നിലേക്ക് ..
ഇനിയൊരു ചുഴികളും ചതുപ്പുനിലങ്ങളും എനിക്ക് ചതിക്കുഴികളൊരുക്കാതിരിക്കട്ടെ !

ഓലഞ്ഞാലി

എന്‍റെ ഓലഞ്ഞാലിക്കുരുവീ..
കളിചിരി ചൊല്ലാനും കൊഞ്ചാനും 
തിന തിന്നാനുമെന്നരികിലെത്തുമ്പോള്‍
ഞാനെന്നേകാന്തത മറന്നീടുന്നെന്‍ കുരുവീ ..!
ഇന്നെന്തേ നീ വരാത്തതെന്ന് ചിന്തിച്ചു ഞാനീ 
പടവിലൊറ്റക്കിരിക്കെയൊരു തൂവല്‍ 
പാറിപ്പാറിയെന്നരികിലെത്തുമ്പോള്‍ ..
അറിയുന്നു ഞാന്‍ നിന്‍ സാമീപ്യമൊരു
നേര്‍ത്ത കിളിയൊച്ചപോലെന്നിലേക്ക് ..!

ഇണക്കിളി

""പറക്കമുറ്റിയാല്‍ പറന്നു പോകുന്ന കിളിക്കുഞ്ഞിനെ ചൊല്ലി അമ്മക്കിളി കരയാറില്ലയെങ്കിലും കൂടണയാന്‍ വൈകും ആണ്‍കിളിയെ ഓര്‍ത്തു പെണ്‍കിളി തപിക്കാറുണ്ട് !!""

പെണ്പക്ഷിയിവളൊന്നു 
വിതുമ്പിക്കൊണ്ടോരോ 
മരമതിന്‍ ചില്ലകളിലേറും
കൂടുകളിലായി തേടീടുന്നു
തന്നാണ്‍കിളിയവനെ ..
കണ്ടീലയെങ്ങുപോയെന്ന
വ്യാധിയിലവള്‍ വിറപൂണ്ടാള്‍ !
കാറ്റിനോടുമിലഞ്ഞിപൂക്കളോടും
ജടയഴിച്ചാടുമാല്‍മുത്തശ്ശനോടും
കേണു കേണാരാഞ്ഞിട്ടുമറിയില്ലാര്‍ക്കുമേ
എങ്ങുപോയവനെങ്ങു
പോയെന്നാധിയോടെ
തലതല്ലിക്കരഞ്ഞാളവള്‍ !
തേടിനടന്നൊടുവിലായവള്‍
കണ്ടൂ തന്നാണ്‍കിളിയവനെ ..?