Thursday, 6 March 2014

ഓര്‍മ്മക്കുറിപ്പ്‌-6

ഓര്‍മ്മക്കുറിപ്പുകള്‍ - 6
---------------------------------
ആറാം ക്ലാസ്സിലേക്ക് ...
ഓര്‍മ്മയില്‍ ആറിനു ഒരു പ്രാധാന്യമുണ്ട് . എന്റെ തല മൊട്ടയടിച്ചു തൊപ്പി വച്ചാണ് ക്ലാസ്സില്‍ പോയിരുന്നത് . കണ്ണാടി നോക്കി സങ്കടം ഒതുക്കി വയ്ക്കും . കുട്ടികള്‍ക്ക് എന്നെ കാണുന്നതേ ഒരു രസാണ് . ചെല്ലുമ്പോള്‍ തന്നെ തൊപ്പി ഊരിയെടുക്കും പോകാറാകുമ്പോള്‍ തരും . ഇടയ്ക്ക് തലയില്‍ താളം പിടിക്കും, മസ്സാജ് ചെയ്യും . എല്ലാം കൊണ്ടും ടൈം പാസ്സിനുള്ള കളിക്കോപ്പായിരുന്നു എന്റെ മൊട്ടത്തല ! എനിക്കും രസമായിരുന്നു . ഒരു പക്ഷേ സീരിയസ് ആയി കൂട്ടുകൂടാന്‍ തുടങ്ങിയത് അവിടം മുതലായിരുന്നു . ടെസ്സി ജോര്‍ജ് , റോസി അഗസ്റിന്‍ .. ഗീതാ ടി.കെ . അങ്ങിനെ ഏറെ പേരുകള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട് . മരിച്ചു പോയ എന്റെ കൂട്ടുകാരി ഗായത്രിയും !

" മ " വാരികകള്‍ വായിക്കാന്‍ തുടങ്ങിയതും ഇക്കാലത്താണ് . മംഗളം , മനോരമ , മനോരാജ്യം കൃത്യായി വായിച്ചിരുന്നു . ആ കൊല്ലത്തെ വേനലവധിക്കാണ് ... എന്‍റെ ജീവിതത്തിലെ ആദ്യത്തെ പ്രണയാഭ്യര്‍ത്ഥന കിട്ടുന്നത് . ഒരു കല്യാണ വീടാണ് രംഗം . 10 വയസ്സുള്ള എന്നോട് പതിനാലു വയസ്സുള്ള പത്താം ക്ലാസ്സ്കാരന് പ്രണയം . അതും ഒരു ദിവസം മുഴുവന്‍ ബന്ധുവിന്റെ കല്യാണം കൂടിയ പരിചയം വച്ച് ... ഒരു ചെറു ചിരിയോടെ മറുപടി പോലും നല്‍കാതെ .. യാത്ര പറയാന്‍ നില്‍ക്കാതെ ... ഞാന്‍ മടങ്ങി പോരുന്നതും നോക്കി സങ്കടത്തോടെ നില്‍ക്കുന്ന ആ കൊച്ചു പയ്യനെ പിന്നീടൊരിക്കലും ഞാന്‍ കണ്ടിട്ടില്ല .
പക്ഷേ , പ്രണയത്തിന്റെ ആദ്യാഭ്യര്‍ത്ഥന എനിക്ക് മുന്നില്‍ വച്ച ആളെന്ന നിലയില്‍ .. ഇപ്പോഴും ഒരു ചെറു ചിരി മനസ്സിലോടിയെത്താറുണ്ട് .. അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ... പ്രണയത്തെക്കുറിച്ച് എഴുതുമ്പോള്‍ !!!

No comments:

Post a Comment