ഒരു പ്രണയ കാലത്ത് ..
====================
ഒരു മാമ്പഴക്കാലത്ത് , നിറയെ മാങ്ങകള്‍ തൂങ്ങിക്കിടക്കുന്ന ഒട്ടുമാവിന്‍ തോട്ടത്തില്‍ വച്ചാണ് ഞാന്‍ അനീറ്റ ഫെര്‍ണാണ്ടസ് എന്ന ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത് . കൊച്ചിയിലെ ഒരു പ്രശസ്ത ഡച്ച് ബംഗ്ലാവില്‍ നടത്തുന്ന ഹോട്ടലിന്‍റെ മുകളിലെയും താഴെയുമുള്ള മുറികളിലാണ് ഞാനും അവളും താമസിച്ചിരുന്നത് . എന്‍റെ ചിത്രകലയില്‍ പുതിയ സാദ്ധ്യതകള്‍ തേടിയാണ് ഞാന്‍ കുറച്ചുകാലത്തേക്ക് അവിടെ ചെന്നത് . അവളും ഒരു പത്രത്തിന്‍റെ ഏതോ ലേഖന പരമ്പരയുടെ ഭാഗമായിട്ടാണ് അവിടെ താമസിച്ചു തുടങ്ങിയത് . സായാഹ്നങ്ങളില്‍ കൊച്ചിയുടെ കായലിന്‍റെ ഓളപ്പരപ്പുകള്‍ നോക്കി ആ മാവിന്‍ തോട്ടത്തിലെ പലക ബഞ്ചുകളിലും ഊഞ്ഞാലുകളിലും മാറിമാറി ഇരിക്കുമ്പോള്‍ ഓരോ കൊച്ചു കാറ്റിലും മാമ്പഴങ്ങള്‍ വീണുകൊണ്ടേയിരിക്കും . ആ മാന്തോട്ടത്തിനു, കൈ എത്തി പറിക്കാവുന്നയത്ര പൊക്കമേയുള്ളൂ , എന്നിട്ടും മാങ്ങകള്‍ വീഴുമ്പോള്‍ മാത്രമാണ് ആരെങ്കിലും അവ എടുക്കുന്നത് തന്നെ . ആരും എടുത്തില്ലെങ്കിലും അവ അങ്ങിനെ കിടക്കും . കാലത്തോ വൈകുന്നേരങ്ങളിലോ ഹോട്ടലിലെ അടുക്കളക്കാര്‍ അവ ശേഖരിച്ചു വ്യത്യസ്ത വിഭവങ്ങള്‍ ആക്കി മാമ്പഴരുചി വൈവിധ്യങ്ങള്‍ തീന്‍മേശയില്‍ എത്തിക്കാറുമുണ്ട് . ഞായറാഴ്ചകളില്‍ അവയുടെ പ്രദര്‍ശനം കാണാന്‍ പുറമേ നിന്നും ഹോട്ടലില്‍ എത്തുന്നവരുമുണ്ട് . ഏതായാലും ആ വേനലവധിയില്‍ ഞങ്ങള്‍ ആ മാന്തോട്ടത്തില്‍ കാണുന്നത് പതിവായപ്പോള്‍, ഒരു ചിരി പരസ്പരം സമ്മാനിക്കാന്‍ തുടങ്ങി , അന്തേവാസിയെന്ന നിലയില്‍ തമ്മില്‍ പരിചയപ്പെട്ടു .
ജീവിതം ഒറ്റപ്പെടുത്തിയ രണ്ടാത്മാക്കള്‍ തമ്മില്‍ പെട്ടെന്ന് തന്നെ അടുക്കുമല്ലോ .. പതിയെപ്പതിയെ , സായാഹ്നങ്ങളിലെ സമാഗമങ്ങള്‍ യാദൃശ്ചികമല്ലാതായി .. ചെമ്പന്‍മുടിയും പൂച്ചക്കണ്ണും എനിക്കു ലഹരിയായി . ആദ്യത്തെ ചുംബനം അത് മറക്കാനാവില്ലല്ലോ . മാവിന്‍ചുവട്ടില്‍ ഊഞ്ഞാലാടുകയായിരുന്നു അവള്‍ . ഞാന്‍ അത് കാന്‍വാസില്‍ പകര്‍ത്തുകയും . കാറ്റൊന്നു വീശിയപ്പോള്‍ , തുടുതുടുത്ത മാമ്പഴമൊന്നു താഴെ വീണത് എടുക്കാന്‍ ഊഞ്ഞാലാട്ടം നില്‍ക്കും മുന്നേ അവളൊന്നു താഴേക്ക് ചാടി . ആ ആക്കത്തില്‍ വന്നു വീണത് എന്നെയും കാന്‍വാസിനെയും മറിച്ചിട്ടുകൊണ്ടാണ് . സോറി പറഞ്ഞുകൊണ്ട് എഴുന്നേല്‍ക്കും നേരവും മാമ്പഴം കൈ എത്തി എടുക്കാനുള്ള കുട്ടിത്തം കണ്ടു എനിക്കു ചിരിയാണ് വന്നത് . മാമ്പഴം എടുത്തു തൊട്ടടുത്ത പൈപ്പില്‍ കഴുകി ഞെട്ടുകളഞ്ഞു ഞെരടി ഈമ്പിക്കുടിക്കുന്ന അവളെത്തന്നെ നോക്കി ഞാന്‍ നില്‍ക്കവേ ... അവളുടെ ചൊടികളില്‍ തങ്ങി നില്‍ക്കുന്ന മാമ്പഴച്ചാര്‍ തുടയ്ക്കുവാന്‍ അറിയാതെ വെമ്പിയാണ് അവള്‍ക്കു നേരെ അടുത്തതും ചൂണ്ടുവിരല്‍ ഉയര്‍ത്തിയതും , പക്ഷേ.. അവളുടെ മുഖം ചുവക്കുന്നതും മിഴികള്‍ പിടയുന്നതും കണ്ടപ്പോള്‍ ചുണ്ടുകൊണ്ട് തുടച്ചെടുക്കാനാണ് പെട്ടെന്ന് തോന്നിയത് . ആ ഒരു സെക്കന്‍റില്‍ അത് നടക്കുകയും ചെയ്തു . അപ്പോഴവള്‍ തനി നാടന്‍പെണ്ണിനെപ്പോല്‍ ആകെ പൂത്തുലഞ്ഞു എന്നെ തട്ടിമാറ്റി ഓടിപ്പോയി . ഞാന്‍ അന്ന് ഇരുളുംവരെ ആ മധുരത്തില്‍ ആ മാഞ്ചുവട്ടില്‍ മയങ്ങി .
ആറുവര്‍ഷങ്ങള്‍ .. ഞാന്‍ വീണ്ടും അതേ ഹോട്ടലില്‍ ... കാണുന്നിടത്തോക്കെയും തേടുന്നത് ഒരാളെ മാത്രം എന്‍റെ അനുവിനെ .. മറക്കാന്‍ കഴിഞ്ഞിട്ടില്ല ഇത് വരെയും . യാത്ര പോലും പറയാതെ അവള്‍ പോയിട്ട് ആറുവര്‍ഷങ്ങള്‍ . കൊച്ചിയിലെ ആ പുതുവത്സര രാവിപ്പോഴും ഓര്‍മ്മയിലുണ്ട് . വര്‍ഷത്തിന്‍റെ അവസാന ദിവസം പകല്‍ മുഴുവന്‍ ഒരുമിച്ചു തന്നെ ഫോര്‍ട്ട്‌കൊച്ചി മുഴുവനും ചുറ്റിക്കണ്ടു . വൈകുന്നേരം ജൂതപ്പള്ളിക്ക് മുന്നില്‍ വച്ചാണ് കുറച്ചു നേരത്തേക്ക് പിരിഞ്ഞതും , ഒന്ന് കുളിച്ചു ഫ്രഷ് ആയി വരാമെന്നും അതിനു ശേഷം രാത്രിയില്‍ ഒരുമിച്ചു ഡിന്നര്‍ കഴിച്ചു പുതുവര്‍ഷം പിറക്കും വരെ കൂടെയുണ്ടാകും എന്നും പറഞ്ഞു പോയ അവളെ , രാത്രി എട്ടു മണിയായിട്ടും കാണാഞ്ഞിട്ട് , ഞാന്‍ ആദ്യമായ് , അവളുടെ മുറിയില്‍ ചെന്നു . ഡിസംബറിലെ ആ അവസാന ദിവസം ഞാന്‍ അനുഭവിച്ചതെല്ലാം ആദ്യമായിരുന്നു . ജീവതത്തില്‍ ആദ്യമായി ഒരു പെണ്ണുമൊത്തു പകല്‍ മുഴുവന്‍ ചുറ്റിക്കറങ്ങി , ചിത്രകല അക്കാദമിയിലെ പരിചയക്കാരന്‍ സായിപ്പു നിര്‍ബന്ധിച്ചു ഒഴിച്ചു തന്ന ആദ്യത്തെ മദ്യം , പിന്നെ ആ രാത്രിയും ..! ആകെ രണ്ടു പെഗ് മാത്രമേ കഴിച്ചുള്ളൂവെങ്കിലും ചുവന്ന പെയിന്റടിച്ച കുപ്പിയിലെ ചൈനീസ് ചിത്രകലയും, കശുമാങ്ങയുടെ ഗന്ധമുള്ള ആ ദ്രാവകവും, ഇപ്പോഴും നാവിന്‍റെ രുചിമുകുളങ്ങളില്‍ തങ്ങിനില്‍ക്കുന്നു !
അനീറ്റ എന്ന എന്‍റെ അനുവിനെ തിരക്കി അവളുടെ മുറിയില്‍ ഞാന്‍ ചെന്നു ബെല്ലടിച്ചിട്ടും കതകു തുറക്കാതിരുന്നപ്പോള്‍ , തിരിച്ചു പോകാമെന്ന് കരുതി ഞാന്‍ തിരിഞ്ഞതും , കതകു തുറന്ന്‍ , കരഞ്ഞു കലങ്ങിയ കണ്ണുമായി അനു .. മുറിയില്‍ ഞാന്‍ കയറിയതും കതകു കുറ്റിയിട്ടു എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ അനുവിനെ സമാധാനിപ്പിക്കാന്‍ എന്ത് വേണമെന്ന് ആദ്യം ഒരു പിടിയും കിട്ടിയില്ല . എന്ത് സംഭവിച്ചു എന്ന എന്‍റെ ചോദ്യത്തിനും മറുപടിയില്ല . ഏറെ നേരം അവളെ നെഞ്ചോടടുക്കി പതിയെ കൈകൊണ്ട് മുതുകില്‍ തട്ടി ഞാന്‍ നിന്നു . അവളുടെ കണ്ണുനീരിനേക്കാള്‍.. ഒരു പുരുഷന്‍റെ സഹജസ്വഭാവം എന്നെ അപ്പോഴും അവളുടെ ഗന്ധം ആസ്വദിക്കാന്‍ ആണു പ്രേരിപ്പിച്ചതും ! കൂട്ടിനു ആദ്യമായ് നുകര്‍ന്ന കശുമാങ്ങയുടെ വീഞ്ഞിന്‍റെ ലഹരിയും . കരച്ചില്‍ നേര്‍ത്തു തുടങ്ങിയപ്പോള്‍ പതിയെ ആശ്വസിപ്പിക്കുംവിധം അവളുടെ നെറ്റിയില്‍ ചുംബിച്ചു .. അവള്‍ നെഞ്ചില്‍ മുഖം പൂഴ്ത്തി വിതുംബലടക്കി നിന്നപ്പോള്‍ , അവളുടെ മുഖം രണ്ടു കൈകളിലും ഒതുക്കിപ്പിടിച്ചു കവിളില്‍ , കണ്ണില്‍ , ചുണ്ടില്‍ ...!
ഒരു മയക്കത്തിന് ശേഷം കണ്ണു തുറന്നത്.. പുതുവത്സര രാവിന്‍റെ പപ്പാഞ്ഞിയെ കത്തിക്കുന്ന വെടിക്കെട്ടിന്‍റെ ബഹളം കേട്ടാണ് . അനുവിനെ ഉണര്‍ത്താതെ ,ഇടതുകൈത്തണ്ടയില്‍ നിന്നും അവളുടെ തല തലയിണയിലേക്ക് പതിയെ ചരിച്ചുകിടത്താന്‍ നോക്കുമ്പോള്‍ അവളും കണ്ണു തുറന്നു . വെറുതെ പരസ്പരം കണ്ണില്‍ നോക്കിയിരിക്കുമ്പോഴും അവളുടെ മുഖത്തെ വിഷാദഭാവം മാറിയിരുന്നില്ല . പെട്ടെന്ന് എഴുന്നേറ്റു , എനിക്കു തനിച്ചിരിക്കണമെന്നും മുറിയില്‍ പൊയ്ക്കോള്ളൂ .. രാവിലെ കാണാം എന്നും പറഞ്ഞപ്പോള്‍ ഞാന്‍ എന്‍റെ മുറിയിലേക്ക് തിരിച്ചു പോന്നു .
പക്ഷേ , രാവിലെ പത്തുമണിക്ക് , അവളെ തേടിച്ചെന്നപ്പോള്‍ താഴിട്ടു പൂട്ടിയ അവളുടെ മുറിയാണ് കണ്ടത് . ഹോട്ടല്‍ റിസപ്ഷനില്‍ ചോദിച്ചപ്പോള്‍ , അവര്‍ എനിക്കൊരു കവര്‍ തന്നു . ആകാംക്ഷയോടെ അത് പൊട്ടിച്ചു വായിച്ചപ്പോള്‍ അവളെ എനിക്കു നഷ്ടമായി എന്നൊരു തിരിച്ചറിവുണ്ടായി ! അവള്‍ നാട്ടിലേക്കു മടങ്ങുകയാണെന്നും എന്നെങ്കിലും എപ്പോഴെങ്കിലും കാണാമെന്നും ആയിരുന്നു കത്തില്‍ . ഹോട്ടലില്‍ കൊടുത്തിരുന്ന വിലാസത്തിലേക്ക് പല പല കത്തുകള്‍ അയച്ചുവെങ്കിലും, ആകെ മറുപടിയായ് ഒരു കത്തു വന്നു .ആ രാത്രി , അവളുടെ മമ്മി മരിച്ച ഷോക്കില്‍ കരഞ്ഞുകൊണ്ടിരുന്നപ്പോള്‍ ആണ് ഞങ്ങള്‍ ഒരുമിച്ചതെന്നും , സ്വന്തം മമ്മി മരിച്ചു കിടക്കുമ്പോള്‍ കിടപ്പറ പങ്കിട്ട കുറ്റബോധം അവളെ വേട്ടയാടുന്നുവെന്നും , അവള്‍ക്കു അവളോട് തന്നെ ക്ഷമിക്കാന്‍ കഴിയാത്തത് കൊണ്ട് , ഒരിക്കലും അവളെ തേടി ചെല്ലരുതെന്നും, അവളോട് ക്ഷമിക്കണമെന്നും, മറക്കണമെന്നുമൊക്കെ ആയിരുന്നു ആ കത്തില്‍ !
ആറുവര്‍ഷത്തിനുശേഷം .. . പഴയ ഹോട്ടലില്‍ വരുവാന്‍ പറഞ്ഞു , അവളുടെ കത്തുകിട്ടിയിട്ടാണ് ഞാന്‍ വന്നത് . അതേ മാഞ്ചുവട്ടില്‍ അവളെയും കാത്തു ഞാനിരിക്കുമ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ ചിരി . നോക്കുമ്പോള്‍ വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി നില്‍ക്കുന്ന ഒരു ആണ്‍കുട്ടി . എവിടെയോ കണ്ടു മറന്ന ഒരു മുഖം . കറുത്ത് ചുരുണ്ട മുടിയിഴകള്‍ , നീളന്‍ മൂക്ക് .. ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോര്‍ത്തെടുക്കാന്‍ തുനിഞ്ഞ ഞാന്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു , എന്‍റെ ബാല്യം .. ഞാന്‍ തന്നെ ഇത് ...! എന്‍റെ അനുവിനെ ഒന്ന് കാണാന്‍ വെമ്പിയ മനസ്സിനു കിട്ടിയ സമ്മാനം . ദൂരെ ആ ഊഞ്ഞാലില്‍ എന്നെ നോക്കി ഇരിക്കുന്ന എന്‍റെ അനു .
അക്ഷരങ്ങള്‍ വലുതാക്കി എഴുതിയാല്‍ നന്നായിരുന്നു
ReplyDeleteഅങ്ങനെ ശുഭപര്യവസായിയായി!നല്ലത്.
ReplyDelete'ആ മാന്തോട്ടത്തിനു, കൈ എത്തി പറിക്കാവുന്നയത്ര പൊക്കമേയുള്ളൂ'ഇതൊന്നു തിരുത്തണം...
ആശംസകള്‍
അങ്ങനെ ശുഭപര്യവസായിയായി!നല്ലത്.
ReplyDelete'ആ മാന്തോട്ടത്തിനു, കൈ എത്തി പറിക്കാവുന്നയത്ര പൊക്കമേയുള്ളൂ'ഇതൊന്നു തിരുത്തണം...
ആശംസകള്‍