ഒരു സ്വപ്നത്തില്‍ ഞാന്‍ മരിച്ചപ്പോള്‍
--------------------------
പ്രിയനേ .. നീയറിഞ്ഞുവോ ..
ഞാനെന്‍ ദേഹം നോക്കിനില്ക്കുന്നു
തെക്കേത്തൊടിയിലെ മാവിന്‍റെ കമ്പേതു
മുറിക്കണമെന്നാലോചിക്കുന്നു
അമ്മ വിതുമ്പുന്നുണ്ടെന്നച്ഛനും
മക്കള്‍ മൗനമായ് മൂത്താങ്ങളക്കരികില്‍
നീയിപ്പോഴും യാത്രയിലാണല്ലോ
എപ്പോഴുമെന്നപോല്‍ പരിധിക്കു പുറത്തും
ആങ്ങളമാര്‍ രണ്ടുപേര്‍ വിദേശത്തുനിന്നെത്തിയില്ല
ടിക്കറ്റ് കിട്ടുംവരെ ഞാനീ മൊബൈല്‍ക്കൂട്ടിനുള്ളില്‍
വരിക വേഗമെനിക്കിവിടെ വല്ലാതെ തണുക്കുന്നു
വാതത്തിന്‍ പേരുചൊല്ലി സമാധാനിക്കുമ്പോഴും
അറിയില്ലേ നിനക്കു പണ്ടേ തണുപ്പെനിക്കെത്ര പേടിയെന്ന്..
നീയൊന്നു വന്നിരുന്നെങ്കിലെനിക്കീ വേഷത്തില്‍
കാലത്തിന്‍ തിരശ്ശീല വീഴ്ത്താമായിരുന്നു ..
ഒന്നിനുവേണ്ടിയുമല്ലായെന്നവ
എനിക്കേകുക ഞാന്‍ കൊതിച്ചതിലൊന്നെങ്കിലും
കര്‍മ്മങ്ങള്‍ തുടങ്ങും മുന്നേ മുഖം മൂടും മുന്നേ ..
വായിക്കവേണമിനിയെങ്കിലും നിനക്കായ് കുറിച്ചിട്ട
നീയറിയാതെ പോയൊരെന്‍ ആഗ്രഹങ്ങള്‍
എന്‍റെ സ്വപ്നാക്ഷരങ്ങളിലവസാന വരികളെങ്കിലും .....
എന്‍റെ സ്വപ്നാക്ഷരങ്ങളിലെ അവസാന വരികള്‍
==============================================
ചാണകവരളിക്കടിയില്‍
വൈക്കോല്‍പുതപ്പു മൂടും മുന്നേ ..
സിന്ദൂരച്ചെപ്പിലെ കുംകുമം
തണുത്തു മരവിച്ചോരെന്‍ നെറ്റിയില്‍,
നിന്‍ മോതിരവിരലിനാല്‍ ചാര്‍ത്തണം ..
എരിഞ്ഞടങ്ങിയ എന്‍ ദേഹഭസ്മം
ഒരു ശിവരാത്രി നാളില്‍ നിളയിലൊഴുക്കണം .. ജനിമൃതികളില്ലാത്ത ലോകത്ത്..
ദേഹികളായ് നാമൊത്തു ചേരുംവരെയും
നിന്‍റെ മാത്രം പെണ്ണായ് ..
ആ നിളാതീരത്ത് ഞാന്‍ കാത്തിരിക്കാം..! "
No comments:
Post a Comment