Saturday, 2 August 2014

മുഖപുസ്തകത്തില്‍ ഉടയുന്ന വിഗ്രഹങ്ങള്‍

കറുപ്പും , വെളുപ്പുമായ് ഉടയുന്ന ആരാധനാ വിഗ്രഹങ്ങള്‍ 
======================================================
നിലയ്ക്കാത്ത കയ്യടികള്‍ നിറഞ്ഞ സദസ്സിന്‍റെ ആരവങ്ങള്‍ക്കിടയില്‍ കൂടി അവള്‍, സ്റ്റേജില്‍ പ്രസംഗിക്കുന്ന അയാളുടെ നേരെ നടന്നു . മുഖത്ത് വെല്ലുവിളിയുടെ ഭാവമുണ്ടായിരുന്നു അവള്‍ക്ക് ! അയാളോ.. ഇതൊന്നുമറിയാതെ മുഖപുസ്തകത്തിലെ പരിശുദ്ധ പ്രണയത്തെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കുകയാണ് . പല്ലുഞെരിച്ചു കൊണ്ടാണ് അവള്‍ കേള്‍ക്കുന്നത് . മനോഹരമായ പ്രണയകവിതകള്‍ എഴുതുന്ന അയാള്‍ക്ക്‌ ഒരു പാട് പ്രണയിനിമാര്‍ ഉണ്ടായിരുന്നു .. തനിക്കു ലോകത്തില്‍ ഒരാളോടു മാത്രമേ പ്രണയമുള്ളൂ .. അത് അവളോടാണെന്ന് അവരില്‍ ഓരോരുത്തരെയും വിശ്വസിപ്പിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞിരുന്നു . ""വീട്ടില്‍ ഇരിക്കുന്ന ഭാര്യ അരസികത്തി .. കല ആസ്വദിക്കാന്‍ പോലും അറിയാത്തവള്‍.. സ്നേഹിക്കാന്‍ അറിയാത്തവള്‍.. ഭ്രാന്തമായി പ്രണയിക്കാന്‍ കൊതിക്കുന്ന അയാളുടെ മനസ്സിനെ തൃപ്തിപ്പെടുത്തുവാന്‍ കഴിവില്ലാത്തവള്‍ ! അതുകൊണ്ട് അവള്‍ക്കു വേണ്ടാത്ത ആ പ്രണയം കൊടുക്കാന്‍ ഒരു മനസ്സിനെയാണ്‌ ഞാന്‍ നിന്നില്‍ കാണുന്നത് .."" ഇങ്ങനെ മനോഹരമായ ഭാഷണങ്ങള്‍ കൊണ്ട് സമാനദു:ഖിതരായ കാമുകിമാരെ അയാള്‍ കണ്ടെത്തിയിരുന്നു . സ്നേഹം കൊതിക്കും മനസ്സിനെ ഊഞ്ഞാലയാട്ടുവാന്‍ ഒരു പ്രത്യേക കഴിവ് അയാള്‍ക്കുണ്ടായിരുന്നു . അവര്‍ ഓരോരുത്തരില്‍ നിന്നും അയാള്‍ പലതരത്തിലും പെട്ട സമ്മാനങ്ങള്‍ ചോദിച്ചു വാങ്ങിയിരുന്നു . ചൂഷണം ചെയ്യുവാന്‍ ഒരു പ്രത്യേക മിടുക്കുണ്ടായിരുന്നു .. അയാളില്‍ ! ഇതൊന്നും അവള്‍ക്കു അയാളില്‍ വെറുപ്പുണ്ടാക്കിയിരുന്നില്ല ...! എന്നിട്ടും അവള്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ സ്റ്റേജില്‍ കയറി അയാളുടെ കരണത്തടിച്ചു ... ഒന്നും സംഭവിക്കാത്ത പോലെ അവള്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഇറങ്ങിപ്പോയി . ചാനലുകാരും മീഡിയയും അവളെ ചോദ്യങ്ങള്‍ കൊണ്ട് പൊതിഞ്ഞു .
" നോ കമെന്റ്സ്" എന്ന് പറഞ്ഞു പകച്ചു നില്‍ക്കുന്ന അയാളെ നോക്കിക്കൊണ്ട് അവള്‍ ഇറങ്ങിപ്പോയി ..! എന്തായിരിക്കും കാരണം..?
പ്രണയം നടിച്ചോട്ടെ... വഞ്ചിച്ചോട്ടെ... കാരണം അവരും ആ സ്നേഹം കുറച്ചെങ്കിലും അസ്വദിക്കുന്നുണ്ടല്ലോ ..? സ്ത്രീയും , പുരുഷനും ഒരു പോലെ തെറ്റ് ചെയ്യുന്നുണ്ടല്ലോ . കുടുംബത്തെ മറന്നു .. പങ്കാളിയെ മറന്നു ഇതിനൊക്കെ തുനിഞ്ഞിട്ടല്ലേ ? പക്ഷേ ... അതില്‍ പോലും തെമ്മാടിത്തരം കലര്‍ത്തിയാലോ ? അതാണ്‌ ... അത് മാത്രമാണ് ഇത്രയും മിടുക്കുള്ള അയാളുടെ പരാജയം .
ഒഴിവുവേളകളില്‍ അയാള്‍ ലഹരിയിലാവുമ്പോള്‍ ഒന്നുമറിയാതെ അയാളെ പ്രണയിക്കുന്ന ആ സ്ത്രീകളെക്കുറിച്ച്‌ ... അവരുടെ ബന്ധത്തെക്കുറിച്ച് ... കൂടെ കൂടുന്ന കൂട്ടുകാര്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുന്നു . അതും ക്ഷമിച്ചു .. എല്ലാം അറിയുന്ന അവള്‍ എന്ന കൂട്ടുകാരി .! പക്ഷേ ... അയാളുടെ പ്രണയം നിരസിച്ച .. അന്തസ്സോടെ ജീവിക്കുന്ന .. ഇതൊന്നുമറിയാതെ അയാളിലെ കവിയേയും വായനക്കാരനേയും ഒരു പോലെ ബഹുമാനിക്കുന്ന സ്ത്രീകളെക്കുറിച്ച്‌ ... വളരെ മോശമായി സംസാരിക്കുന്ന അയാളോട് ക്ഷമിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല . സ്ത്രീകള്‍ എന്നാല്‍ " വെടക്കാക്കി തനിക്കാക്കേണ്ടവര്‍ " എന്ന ധാരണയുള്ള ഇയാള്‍ കൂട്ടുകാരോട് പറയുന്നത്... ഓരോ കവിയരങ്ങുകള്‍ക്ക് പോകുന്നത് കലയോടുള്ള ആസ്വാദനമല്ല .. അവിടെ വരുന്ന സ്ത്രീജനങ്ങളുടെ സൌന്ദര്യം ആസ്വദിക്കാനും .. ഇരകള്‍ ആക്കുവാനും ആണെന്നാണ്‌ . എന്നോടവര്‍ കളിക്കത്തില്ല .. എന്തെന്നാല്‍ ..മറ്റാര്‍ക്കുമറിയാത്ത അവരുടെ പല രഹസ്യങ്ങളും എനിക്ക് അറിയാം .. എന്നൊക്കെ വീമ്പിളക്കി അവരെല്ലാം മോശക്കാരികള്‍ ആണെന്ന് പറഞ്ഞു നടക്കുന്നു .. ഈ കവി പുംഗവന്‍ ! ഇതൊന്നുമറിയാതെ അവനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മാന്യ സ്ത്രീകളെക്കുറിച്ച്‌ ഇത്രയും മോശമായിട്ടുള്ള ചിന്തകള്‍ വച്ചു പുലര്‍ത്തുന്ന ഈ കവി പുംഗവനെ തല്ലുവാന്‍ മിടുക്ക് കാണിച്ച എന്‍റെ കൂട്ടുകാരീ .... നിനക്കെന്‍റെ നമോവാകം !

( എന്‍റെ ഈ പോസ്റ്റിനു ജീവിച്ചിരിക്കുന്നവര്‍ ആയി സാമ്യം തോന്നിയെങ്കില്‍ നന്ന്. ഇത് കണ്ടെങ്കിലും ഒരടിയില്‍ നിന്നും ഒഴിവാകാന്‍ പറ്റിയാല്‍ അവര്‍ക്ക് കൊള്ളാം .. ആയതിനാല്‍ ഇത് മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാനുത്തരവാദിയല്ലെന്നു ഇതിനാല്‍ തെര്യപ്പെടുത്തുന്നു ) 

No comments:

Post a Comment