Sunday, 3 August 2014

തിരക്കഥ


തിരക്കഥ
========
തിരക്കഥ എഴുതി തുടങ്ങിയപ്പോള്‍ തന്നെ നായിക പിണങ്ങി തുടങ്ങി . കഥ എഴുതുമ്പോള്‍ തന്നെ കഥാകൃത്തിനോട്അവള്‍ തര്‍ക്കിച്ചിരുന്നു ... അവളുടെ നിലപാടുകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത പാത്രസൃഷ്ടി അവളിലെ നായികയ്ക്കു വേണ്ടി നീട്ടരുതെന്ന് . എന്നിട്ടും അയാള്‍ ഞാനാണ് താരം എന്ന മട്ടില്‍ എഴുതിക്കൊണ്ടേയിരുന്നു . ഇടയ്ക്കവള്‍ പൊട്ടിത്തെറിച്ചു ........ "നിങ്ങള്‍ ആരാ എന്‍റെ സ്വഭാവം തീരുമാനിക്കാന്‍ ..? ഞാന്‍ ആരെ പ്രണയിക്കണം എന്നൊക്കെ പറയാന്‍ ! എന്‍റെ ഇഷ്ടത്തിനല്ലേ ഞാന്‍ ജീവിക്കേണ്ടത് .. ആദ്യം നിങ്ങള്‍ ഇത്രയും മോശപ്പെട്ട തിരക്കഥ തിരുത്തൂ ... ഇങ്ങനെയാണോ ഒരാളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത് ? പിണങ്ങിപ്പോയ നായികയോട് അവളെ ഇഷ്ടപ്പെടുന്ന ഒരുവന്‍ ഇങ്ങനെയാണോ തന്നെ പരിഗണിക്കാന്‍ പറയേണ്ടത് ? നായികക്ക് നായകന്‍ മെനയുന്ന കള്ളക്കഥ വിശ്വാസ യോഗ്യമാവണം . അതിനു തിരക്കഥ എഴുതുന്ന കഥാകൃത്ത്‌ സസൂക്ഷ്മം പഴുതുകള്‍ വരാതെ എഴുതണം " . എന്നിട്ടും മണ്ടന്‍ കഥാകൃത്ത്‌ കാരണങ്ങള്‍ മാറ്റി പറഞ്ഞുകൊണ്ടേയിരുന്നു ... നായികക്ക് അതൊന്നും ബോധിച്ചതേയില്ല . അവസാനം സഹികെട്ട് അവള്‍ പറഞ്ഞു .. ""എന്നെ ചൂഷണം ചെയ്യുന്ന ഒരു നായകനെ എനിക്ക് വേണ്ടാ ... ! എന്‍റെ നായകന് സൌന്ദര്യം അല്ല പ്രധാനം .. എന്നെപ്പോലെ കാപട്യമില്ലാതെ സ്നേഹിക്കാന്‍ കഴിയണം . എന്നെ മാത്രം ഓര്‍ത്ത് കൊണ്ടിരുന്ന് ഓരോ ശ്വാസത്തിലും എന്നെ പ്രണയിക്കേണ്ട അവനൊരിക്കലും .. പക്ഷേ .. എനിക്കായി സ്നേഹത്തിന്‍റെ ഒരു നിമിഷമെങ്കിലും സ്വാര്‍ത്ഥലാഭമില്ലാതെ മാറ്റി വയ്ക്കുന്നവനാകണം ! സത്യമായിട്ടും നിങ്ങള്‍ ഇനിയും ഈ തിരക്കഥ തിരുത്തിയില്ലെങ്കില്‍ .. നിങ്ങളില്‍ നിന്ന് ഞാന്‍ എന്നെന്നേക്കുമായി പടിയിറങ്ങും ! അവസാനം ഉന്മത്തനായി നിങ്ങള്‍ എന്നെ തേടി നടക്കും ... അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ ഇഞ്ചിഞ്ചായി മരിക്കാന്‍ വിടും . അതുകൊണ്ട് കഥ മെനഞ്ഞാല്‍ മാത്രം പോരാ ... തിരക്കഥയില്‍ പാളിച്ച വരുത്താതെ എഴുതുക .

No comments:

Post a Comment