Wednesday, 10 June 2015

ഒരു പ്രണയകാലത്ത് ..ഒരു പ്രണയ കാലത്ത് ..
====================
ഒരു മാമ്പഴക്കാലത്ത് , നിറയെ മാങ്ങകള്‍ തൂങ്ങിക്കിടക്കുന്ന ഒട്ടുമാവിന്‍ തോട്ടത്തില്‍ വച്ചാണ് ഞാന്‍ അനീറ്റ ഫെര്‍ണാണ്ടസ് എന്ന ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത് . കൊച്ചിയിലെ ഒരു പ്രശസ്ത ഡച്ച് ബംഗ്ലാവില്‍ നടത്തുന്ന ഹോട്ടലിന്‍റെ മുകളിലെയും താഴെയുമുള്ള മുറികളിലാണ് ഞാനും അവളും താമസിച്ചിരുന്നത് . എന്‍റെ ചിത്രകലയില്‍ പുതിയ സാദ്ധ്യതകള്‍ തേടിയാണ് ഞാന്‍ കുറച്ചുകാലത്തേക്ക് അവിടെ ചെന്നത് . അവളും ഒരു പത്രത്തിന്‍റെ ഏതോ ലേഖന പരമ്പരയുടെ ഭാഗമായിട്ടാണ് അവിടെ താമസിച്ചു തുടങ്ങിയത് . സായാഹ്നങ്ങളില്‍ കൊച്ചിയുടെ കായലിന്‍റെ ഓളപ്പരപ്പുകള്‍ നോക്കി ആ മാവിന്‍ തോട്ടത്തിലെ പലക ബഞ്ചുകളിലും ഊഞ്ഞാലുകളിലും മാറിമാറി ഇരിക്കുമ്പോള്‍ ഓരോ കൊച്ചു കാറ്റിലും മാമ്പഴങ്ങള്‍ വീണുകൊണ്ടേയിരിക്കും . ആ മാന്തോട്ടത്തിനു, കൈ എത്തി പറിക്കാവുന്നയത്ര പൊക്കമേയുള്ളൂ , എന്നിട്ടും മാങ്ങകള്‍ വീഴുമ്പോള്‍ മാത്രമാണ് ആരെങ്കിലും അവ എടുക്കുന്നത് തന്നെ . ആരും എടുത്തില്ലെങ്കിലും അവ അങ്ങിനെ കിടക്കും . കാലത്തോ വൈകുന്നേരങ്ങളിലോ ഹോട്ടലിലെ അടുക്കളക്കാര്‍ അവ ശേഖരിച്ചു വ്യത്യസ്ത വിഭവങ്ങള്‍ ആക്കി മാമ്പഴരുചി വൈവിധ്യങ്ങള്‍ തീന്‍മേശയില്‍ എത്തിക്കാറുമുണ്ട് . ഞായറാഴ്ചകളില്‍ അവയുടെ പ്രദര്‍ശനം കാണാന്‍ പുറമേ നിന്നും ഹോട്ടലില്‍ എത്തുന്നവരുമുണ്ട് . ഏതായാലും ആ വേനലവധിയില്‍ ഞങ്ങള്‍ ആ മാന്തോട്ടത്തില്‍ കാണുന്നത് പതിവായപ്പോള്‍, ഒരു ചിരി പരസ്പരം സമ്മാനിക്കാന്‍ തുടങ്ങി , അന്തേവാസിയെന്ന നിലയില്‍ തമ്മില്‍ പരിചയപ്പെട്ടു .

ജീവിതം ഒറ്റപ്പെടുത്തിയ രണ്ടാത്മാക്കള്‍ തമ്മില്‍ പെട്ടെന്ന് തന്നെ അടുക്കുമല്ലോ .. പതിയെപ്പതിയെ , സായാഹ്നങ്ങളിലെ സമാഗമങ്ങള്‍ യാദൃശ്ചികമല്ലാതായി .. ചെമ്പന്‍മുടിയും പൂച്ചക്കണ്ണും എനിക്കു ലഹരിയായി . ആദ്യത്തെ ചുംബനം അത് മറക്കാനാവില്ലല്ലോ . മാവിന്‍ചുവട്ടില്‍ ഊഞ്ഞാലാടുകയായിരുന്നു അവള്‍ .  ഞാന്‍ അത് കാന്‍വാസില്‍ പകര്‍ത്തുകയും . കാറ്റൊന്നു വീശിയപ്പോള്‍ , തുടുതുടുത്ത മാമ്പഴമൊന്നു താഴെ വീണത്‌ എടുക്കാന്‍ ഊഞ്ഞാലാട്ടം നില്‍ക്കും മുന്നേ അവളൊന്നു താഴേക്ക്‌ ചാടി . ആ ആക്കത്തില്‍ വന്നു വീണത്‌ എന്നെയും കാന്‍വാസിനെയും മറിച്ചിട്ടുകൊണ്ടാണ് . സോറി പറഞ്ഞുകൊണ്ട് എഴുന്നേല്‍ക്കും നേരവും മാമ്പഴം കൈ എത്തി എടുക്കാനുള്ള കുട്ടിത്തം കണ്ടു എനിക്കു ചിരിയാണ് വന്നത് . മാമ്പഴം എടുത്തു തൊട്ടടുത്ത പൈപ്പില്‍ കഴുകി ഞെട്ടുകളഞ്ഞു ഞെരടി ഈമ്പിക്കുടിക്കുന്ന അവളെത്തന്നെ നോക്കി ഞാന്‍ നില്‍ക്കവേ ... അവളുടെ ചൊടികളില്‍ തങ്ങി നില്‍ക്കുന്ന മാമ്പഴച്ചാര്‍ തുടയ്ക്കുവാന്‍ അറിയാതെ വെമ്പിയാണ് അവള്‍ക്കു നേരെ അടുത്തതും ചൂണ്ടുവിരല്‍ ഉയര്‍ത്തിയതും , പക്ഷേ.. അവളുടെ മുഖം ചുവക്കുന്നതും മിഴികള്‍ പിടയുന്നതും കണ്ടപ്പോള്‍ ചുണ്ടുകൊണ്ട് തുടച്ചെടുക്കാനാണ് പെട്ടെന്ന് തോന്നിയത് . ആ ഒരു സെക്കന്‍റില്‍ അത് നടക്കുകയും ചെയ്തു . അപ്പോഴവള്‍ തനി നാടന്‍പെണ്ണിനെപ്പോല്‍ ആകെ പൂത്തുലഞ്ഞു എന്നെ തട്ടിമാറ്റി ഓടിപ്പോയി . ഞാന്‍ അന്ന് ഇരുളുംവരെ ആ മധുരത്തില്‍ ആ മാഞ്ചുവട്ടില്‍ മയങ്ങി .

ആറുവര്‍ഷങ്ങള്‍ .. ഞാന്‍ വീണ്ടും അതേ ഹോട്ടലില്‍ ... കാണുന്നിടത്തോക്കെയും തേടുന്നത് ഒരാളെ മാത്രം എന്‍റെ അനുവിനെ .. മറക്കാന്‍ കഴിഞ്ഞിട്ടില്ല ഇത് വരെയും . യാത്ര പോലും പറയാതെ അവള്‍ പോയിട്ട് ആറുവര്‍ഷങ്ങള്‍ . കൊച്ചിയിലെ ആ പുതുവത്സര രാവിപ്പോഴും ഓര്‍മ്മയിലുണ്ട് . വര്‍ഷത്തിന്‍റെ അവസാന ദിവസം പകല്‍ മുഴുവന്‍ ഒരുമിച്ചു തന്നെ ഫോര്‍ട്ട്‌കൊച്ചി മുഴുവനും ചുറ്റിക്കണ്ടു . വൈകുന്നേരം ജൂതപ്പള്ളിക്ക് മുന്നില്‍ വച്ചാണ് കുറച്ചു നേരത്തേക്ക് പിരിഞ്ഞതും , ഒന്ന് കുളിച്ചു ഫ്രഷ്‌ ആയി വരാമെന്നും അതിനു ശേഷം രാത്രിയില്‍ ഒരുമിച്ചു ഡിന്നര്‍ കഴിച്ചു പുതുവര്‍ഷം പിറക്കും വരെ കൂടെയുണ്ടാകും എന്നും പറഞ്ഞു പോയ അവളെ , രാത്രി എട്ടു മണിയായിട്ടും കാണാഞ്ഞിട്ട് , ഞാന്‍ ആദ്യമായ് , അവളുടെ മുറിയില്‍ ചെന്നു . ഡിസംബറിലെ ആ അവസാന ദിവസം ഞാന്‍ അനുഭവിച്ചതെല്ലാം ആദ്യമായിരുന്നു . ജീവതത്തില്‍ ആദ്യമായി ഒരു പെണ്ണുമൊത്തു പകല്‍ മുഴുവന്‍ ചുറ്റിക്കറങ്ങി , ചിത്രകല അക്കാദമിയിലെ പരിചയക്കാരന്‍ സായിപ്പു നിര്‍ബന്ധിച്ചു ഒഴിച്ചു തന്ന ആദ്യത്തെ മദ്യം , പിന്നെ ആ രാത്രിയും ..! ആകെ രണ്ടു പെഗ് മാത്രമേ കഴിച്ചുള്ളൂവെങ്കിലും ചുവന്ന പെയിന്റടിച്ച കുപ്പിയിലെ ചൈനീസ് ചിത്രകലയും, കശുമാങ്ങയുടെ ഗന്ധമുള്ള ആ ദ്രാവകവും, ഇപ്പോഴും നാവിന്‍റെ രുചിമുകുളങ്ങളില്‍ തങ്ങിനില്‍ക്കുന്നു !

അനീറ്റ എന്ന എന്‍റെ അനുവിനെ തിരക്കി അവളുടെ മുറിയില്‍ ഞാന്‍ ചെന്നു ബെല്ലടിച്ചിട്ടും കതകു തുറക്കാതിരുന്നപ്പോള്‍ , തിരിച്ചു പോകാമെന്ന് കരുതി ഞാന്‍ തിരിഞ്ഞതും , കതകു തുറന്ന്‍ , കരഞ്ഞു കലങ്ങിയ കണ്ണുമായി അനു .. മുറിയില്‍ ഞാന്‍ കയറിയതും കതകു കുറ്റിയിട്ടു എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ അനുവിനെ സമാധാനിപ്പിക്കാന്‍ എന്ത് വേണമെന്ന് ആദ്യം ഒരു പിടിയും കിട്ടിയില്ല . എന്ത് സംഭവിച്ചു എന്ന എന്‍റെ ചോദ്യത്തിനും മറുപടിയില്ല . ഏറെ നേരം അവളെ നെഞ്ചോടടുക്കി പതിയെ കൈകൊണ്ട് മുതുകില്‍ തട്ടി ഞാന്‍ നിന്നു . അവളുടെ കണ്ണുനീരിനേക്കാള്‍.. ഒരു പുരുഷന്‍റെ സഹജസ്വഭാവം എന്നെ അപ്പോഴും അവളുടെ ഗന്ധം ആസ്വദിക്കാന്‍ ആണു പ്രേരിപ്പിച്ചതും ! കൂട്ടിനു ആദ്യമായ് നുകര്‍ന്ന കശുമാങ്ങയുടെ വീഞ്ഞിന്‍റെ ലഹരിയും . കരച്ചില്‍ നേര്‍ത്തു തുടങ്ങിയപ്പോള്‍ പതിയെ ആശ്വസിപ്പിക്കുംവിധം അവളുടെ നെറ്റിയില്‍ ചുംബിച്ചു .. അവള്‍ നെഞ്ചില്‍ മുഖം പൂഴ്ത്തി വിതുംബലടക്കി നിന്നപ്പോള്‍ , അവളുടെ മുഖം രണ്ടു കൈകളിലും ഒതുക്കിപ്പിടിച്ചു കവിളില്‍ , കണ്ണില്‍ , ചുണ്ടില്‍ ...!
ഒരു മയക്കത്തിന് ശേഷം കണ്ണു തുറന്നത്.. പുതുവത്സര രാവിന്‍റെ പപ്പാഞ്ഞിയെ കത്തിക്കുന്ന വെടിക്കെട്ടിന്‍റെ ബഹളം കേട്ടാണ് . അനുവിനെ ഉണര്‍ത്താതെ ,ഇടതുകൈത്തണ്ടയില്‍ നിന്നും അവളുടെ തല തലയിണയിലേക്ക് പതിയെ ചരിച്ചുകിടത്താന്‍ നോക്കുമ്പോള്‍ അവളും കണ്ണു തുറന്നു . വെറുതെ പരസ്പരം കണ്ണില്‍ നോക്കിയിരിക്കുമ്പോഴും അവളുടെ മുഖത്തെ വിഷാദഭാവം മാറിയിരുന്നില്ല . പെട്ടെന്ന് എഴുന്നേറ്റു , എനിക്കു തനിച്ചിരിക്കണമെന്നും മുറിയില്‍ പൊയ്ക്കോള്ളൂ .. രാവിലെ കാണാം എന്നും പറഞ്ഞപ്പോള്‍ ഞാന്‍ എന്‍റെ മുറിയിലേക്ക് തിരിച്ചു പോന്നു .

പക്ഷേ ,  രാവിലെ പത്തുമണിക്ക് , അവളെ തേടിച്ചെന്നപ്പോള്‍ താഴിട്ടു പൂട്ടിയ അവളുടെ മുറിയാണ് കണ്ടത് . ഹോട്ടല്‍ റിസപ്ഷനില്‍ ചോദിച്ചപ്പോള്‍ , അവര്‍ എനിക്കൊരു കവര്‍ തന്നു . ആകാംക്ഷയോടെ അത് പൊട്ടിച്ചു വായിച്ചപ്പോള്‍ അവളെ എനിക്കു നഷ്ടമായി എന്നൊരു തിരിച്ചറിവുണ്ടായി ! അവള്‍ നാട്ടിലേക്കു മടങ്ങുകയാണെന്നും എന്നെങ്കിലും എപ്പോഴെങ്കിലും കാണാമെന്നും ആയിരുന്നു കത്തില്‍ . ഹോട്ടലില്‍ കൊടുത്തിരുന്ന വിലാസത്തിലേക്ക് പല പല കത്തുകള്‍ അയച്ചുവെങ്കിലും, ആകെ മറുപടിയായ് ഒരു കത്തു വന്നു .ആ രാത്രി ,  അവളുടെ മമ്മി  മരിച്ച ഷോക്കില്‍  കരഞ്ഞുകൊണ്ടിരുന്നപ്പോള്‍ ആണ് ഞങ്ങള്‍  ഒരുമിച്ചതെന്നും , സ്വന്തം മമ്മി മരിച്ചു കിടക്കുമ്പോള്‍ കിടപ്പറ പങ്കിട്ട കുറ്റബോധം അവളെ വേട്ടയാടുന്നുവെന്നും , അവള്‍ക്കു അവളോട്‌ തന്നെ ക്ഷമിക്കാന്‍  കഴിയാത്തത്  കൊണ്ട് ,  ഒരിക്കലും അവളെ തേടി ചെല്ലരുതെന്നും,  അവളോട്‌ ക്ഷമിക്കണമെന്നും,  മറക്കണമെന്നുമൊക്കെ ആയിരുന്നു ആ കത്തില്‍  !

ആറുവര്‍ഷത്തിനുശേഷം .. . പഴയ ഹോട്ടലില്‍ വരുവാന്‍ പറഞ്ഞു , അവളുടെ കത്തുകിട്ടിയിട്ടാണ് ഞാന്‍ വന്നത് . അതേ മാഞ്ചുവട്ടില്‍ അവളെയും കാത്തു ഞാനിരിക്കുമ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ ചിരി . നോക്കുമ്പോള്‍ വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി നില്‍ക്കുന്ന ഒരു ആണ്‍കുട്ടി . എവിടെയോ കണ്ടു മറന്ന ഒരു മുഖം . കറുത്ത് ചുരുണ്ട മുടിയിഴകള്‍ , നീളന്‍ മൂക്ക് .. ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോര്‍ത്തെടുക്കാന്‍ തുനിഞ്ഞ ഞാന്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു , എന്‍റെ ബാല്യം .. ഞാന്‍ തന്നെ ഇത് ...! എന്‍റെ അനുവിനെ ഒന്ന് കാണാന്‍ വെമ്പിയ മനസ്സിനു കിട്ടിയ സമ്മാനം . ദൂരെ ആ ഊഞ്ഞാലില്‍ എന്നെ നോക്കി ഇരിക്കുന്ന എന്‍റെ അനു .

ആടിത്തിമിര്‍ക്കുക കണ്ണാ ..


ആടിത്തിമിര്‍ക്കുക കണ്ണാ 
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
ഞാനാം കാളിയന്‍ നിന്നെ നമിക്കുവാന്‍
ആടിത്തിമിര്‍ക്കുക കണ്ണാ 
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ 
അഹന്ത തന്‍ ഫണമെല്ലാം താഴ്ത്തുവാന്‍
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
എന്നുള്ളിലുള്ളോരു വിഷമെല്ലാമമൃതായ് 

മാറ്റുവാനെന്നിലാടിത്തിമിര്‍ക്കുക കണ്ണാ
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
ഞാനൊരു നിര്‍മ്മല കാളിന്ദിയാകുവാന്‍
ആടിത്തിമിര്‍ക്കുക കണ്ണാ
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
ഉത്തുംഗ ഭക്തിയില്‍ ഞാനെത്തുവാന്‍
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
ഒരു നെയ്ത്തിരിയായ്‌ ഞാനെരിയുവാന്‍
ആടിത്തിമിര്‍ക്കുക കണ്ണാ
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
എന്‍ ദേഹിക്കു മോക്ഷം കിട്ടുവാന്‍
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
വൈകുണ്ഠമെന്നൊരു പ്രാപ്തിക്കായ്
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ ....

നിങ്ങള്‍ ഇവരെക്കുറിച്ച് ചിന്തിക്കാറുണ്ടോ ?


നിങ്ങളില്‍ ആരെങ്കിലും ചിന്തിക്കാറുണ്ടോ ?
-------------------------------------------------------------------
മക്കളേ......
ഞങ്ങള്‍ക്കു വയസ്സായിട്ടോ ... ! ഒരു കാര്യം അറിയില്ലെങ്കില്‍ അറിയിക്കാന്‍ ആണു ഈ കത്തെഴുതുന്നത് . അറുപതു കഴിഞ്ഞാല്‍ ഞങ്ങള്‍ മാത്രമല്ല എല്ലാ മനുഷ്യരും ആറുവയസ്സു മുതല്‍ താഴോട്ടാവും പിന്നീടു വളര്‍ച്ച . അതറിയണം നിങ്ങളെല്ലാം .. ആറും അറുപതും ഒരേ സ്വഭാവമാകുമെന്നും പിന്നീടങ്ങോട്ടുള്ള ജീവിതം താഴോട്ട് വളര്‍ന്നു ഒരു വയസ്സും കടന്നു ജനിച്ചപ്പോള്‍ ഉള്ള പരുവത്തിലേക്ക്‌ ഓര്‍മ്മയും ആരോഗ്യവും , കഴിവും എത്തുമ്പോഴേക്കും മരണം എന്ന കൂട്ടുകാരന്‍ എത്തും . അതുകൊണ്ട് , ഞങ്ങളെ കുട്ടികളെ നോക്കുംപോലെ ശ്രദ്ധിച്ചും സ്നേഹിച്ചും കൊഞ്ചിച്ചും വളര്‍ത്തണം . തെറ്റ് കണ്ടാല്‍ വഴക്ക് പറയണം . വളര്‍ച്ച കീഴോട്ടു ആയതു കൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണം . ഞങ്ങള്‍ ഇന്ന് കാണിക്കും വകതിരിവുകള്‍ നാളെ ഉണ്ടാകണമെന്നില്ല . പോകേപ്പോകെ ഭക്ഷണം കഴിക്കാന്‍ വാശിപിടിക്കും.. ഇഷ്ടമില്ലാത്തതും രുചിയില്ലാത്തതും കഴിക്കാത്ത കുട്ടികളുടെ സ്വഭാവം ആകും..പിന്നെ കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികള്‍ ആകും . വസ്ത്രം ഉടുക്കാന്‍, കുളിക്കാന്‍ , എഴുന്നേല്‍ക്കാന്‍ .. അങ്ങിനെയങ്ങിനെ എല്ലാ കാര്യങ്ങളെയും ബാധിക്കും . അതൊക്കെ പറഞ്ഞറിയിക്കാനാവാത്ത ഞങ്ങളുടെ ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമാണെന്നു മനസിലാക്കുക . കാഴ്ച , കേള്‍വി , സംസാരം , ഓര്‍മ്മശക്തി , വിവേകം അങ്ങിനെ ഓരോന്നായി ഇല്ലാതെയാവും . അപ്പോള്‍ സ്വന്തം കുഞ്ഞിനെ നോക്കുംപോലെ ഞങ്ങളെ നോക്കുക . ഞങ്ങളോട് ദേഷ്യം അരുത് . എന്തെന്നാല്‍ നാളെ നിങ്ങളും ഈ അവസ്ഥയില്‍ എത്തേണ്ടവര്‍ . ശ്രദ്ധയും സ്നേഹവും കാരുണ്യവും കൊണ്ട് ഞങ്ങളുടെ ഈ അന്ത്യ കാലങ്ങളില്‍ ഞങ്ങളെ പരിചരിക്കുക . എന്തെന്നാല്‍ നിങ്ങള്‍ക്ക് പിന്നീടു ഒരു അവസരം കിട്ടില്ലെന്നറിയുക തന്നെ വേണം .
സ്നേഹത്തോടെ ....
വൃദ്ധര്‍ .

N:B: നമുക്ക് സ്നേഹിക്കാം ഇവരെ .. ഇവര്‍ ആഗ്രഹിക്കുംപോലെ .. ഇന്ന് ഞാന്‍ നാളെ നീ എന്നതോര്‍ക്കുക .

നിര്‍ഭയ ഭയം കെടുത്തുമോ ?
നിര്‍ഭയ ... ഭയം കെടുത്തുമോ
=============================
നിര്‍ഭയേ....നിര്‍ഭയേ..
നിര്‍ഭയേ നീയിനി ഭയപ്പെടേണ്ട..
നീറും വേദനയില്‍ തപിക്ക വേണ്ടാ 
നിശയുടെ കരിനാഗങ്ങള്‍ ദംശിക്കയില്ലാ
നിന്നിലിനിയൊന്നും ബാക്കിയില്ലാ
നീതിയുടെ ദേവതയും കണ്ണടച്ചില്ലേ
നിനക്കീ ലോകവും അന്യമായില്ലേ ..
നിന്നുടയാടകള്‍ ചീന്തിയെറിഞ്ഞവര്‍
നിന്‍ ദേഹം കീറിപ്പറിച്ചവര്‍
നിന്നെയൊരു ഭോഗവസ്തുവാക്കിയില്ലേ ..
നിന്‍റെ പ്രാണന്‍ പൊലിയുവോളം 

കാത്തുരക്ഷിച്ചില്ലേ
നിന്‍ പേരുപോലും ഒളിപ്പിച്ചവര്‍ 
നിന്‍റെ വീടിന്‍ മാനം കാത്തില്ലേ
നിര്‍ഭയയെന്നൊരു പുതുനാമം തന്നില്ലേ 
നിന്‍റെ പേരിലബലകള്‍ക്കായൊരു കേന്ദ്രവും തുടങ്ങിയില്ലേ
നിര്‍ഭയേ.. നിനക്കിനിയുമെന്തുവേണം
നിര്‍ഭയേ.. നീയിനിയുമെന്തിനു ഭയക്കണം
നിയമങ്ങള്‍ പാലിക്കപ്പെടാത്തിടത്തോളം
നീതി കര്‍ശനമാക്കാത്തിടത്തോളം
നീല രാവുകളിലിനിയും വരും
നിനക്കു കൂട്ടായൊരുപാടുപേര്‍
നിന്നെപ്പോലെ ആയുസ്സറ്റവര്‍
നിശിതമായി തച്ചുടക്കപ്പെടുന്നവര്‍
നിലവിലൊരു പേരുപോലുമില്ലാത്തവര്‍
നിസ്സഹായരായ് പീഡിപ്പിക്കപ്പെടുന്നവര്‍
നിശബ്ദരായി ജീവന്‍ വെടിഞ്ഞവര്‍
നിന്‍റെ പേരു ചൊല്ലി വിളിക്കപ്പെടേണ്ടവര്‍
നിര്‍ഭയേ നിനക്കിനിയുമെന്തു വേണം
നിര്‍ഭയേ.. നീയിനിയുമെന്തിനു ഭയക്കണം
നിങ്ങള്‍ ജീവനില്ലാത്തവര്‍
നിര്‍ഭയയെന്ന നാമം ചാര്‍ത്തപ്പെട്ടവര്‍
നിര്‍ഭയേ നീയിനി ഭയപ്പെടേണ്ട....!!

(ദാരുണമായി  പീഡിപ്പിക്കപ്പെട്ടു ജീവന്‍ വെടിഞ്ഞ ദല്‍ഹി പെണ്‍കുട്ടിക്ക്  നിര്‍ഭയ എന്നൊരു  പേരും കൊടുത്ത് ആ പേരില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു  പ്രോജക്ടും  തുടങ്ങിയ സര്‍ക്കാരിനു  ഞാനിതു സമര്‍പ്പിക്കുന്നു )

ആധുനിക യക്ഷി


ആധുനിക യക്ഷി 
-----------------------------
നിങ്ങള്‍ക്കറിയാമോ .. 
ആധുനിക യക്ഷിക്ക് പാലപ്പൂ മണമില്ല , 
മുറുക്കിച്ചുവന്ന പല്ലുകളില്ല 
പനമുകളില്‍ താമസവുമില്ല
വെളുത്ത വസ്ത്രങ്ങളുമില്ല
അവള്‍ക്കു ചോരയും വേണ്ട
പിന്നെയോ ..
ലഹരികള്‍ നിറയ്ക്കുന്ന കോക്ടെയിലുകള്‍ മതീ ..
ചരസ്സും കഞ്ചാവും ഹെറോയിനും മതീ ..
യക്ഷികളെ സ്നേഹിക്കുന്നവരേ..
ഇനി നിങ്ങള്‍ക്കെന്നുമോരോ ദിനവും
പ്രണയങ്ങള്‍ പൂക്കുന്ന താഴ്വാരമാവും....
ലഹരിയുടെ ആലസ്യത്തില്‍ നിങ്ങള്‍ മയങ്ങുമ്പോളോക്കെയും 

വീണ്ടുമൊരു ലഹരിയായി അവള്‍ പല രൂപമെടുത്തു 
സ്ത്രീയുടെ വ്യത്യസ്ത മോഹിനീരൂപങ്ങള്‍ ആടിത്തീര്‍ക്കും ..
പഞ്ചനക്ഷത്രപ്പനകളില്‍ മായക്കൊട്ടാരം കെട്ടി വിസ്മയിപ്പിക്കും .
വിരുന്നായി ലഹരിയും മദ്യവും ഭോഗാലസ്യവും വിളമ്പിത്തരും .
നിങ്ങളുടെ ചേതനയും സര്‍ഗ്ഗശേഷിയും കെടുത്തും
ഒടുവിലവള്‍ക്ക് നിങ്ങള്‍ അടിമകളാകും .
മുഖപുസ്തകത്തിനടിമപ്പെട്ട യുവതലമുറയെപ്പോല്‍ ..!!

ഫെമിനിസം എന്നത് വ്യതിചലിക്കപ്പെടുമ്പോള്‍


സ്വാതന്ത്ര്യം ? 
=============
വസ്ത്രം ധരിക്കുന്നതും , അതേതു തരം വേണം എന്നതും സ്ത്രീ ആയാലും പുരുഷന്‍ ആയാലും അവരവരുടെ സ്വാതന്ത്ര്യം തന്നെയാണ് . മുഴുമുഴുത്ത തുടയുള്ള ഒരുത്തി ഇറുകിപ്പിടിക്കുന്ന ജീന്‍സും , ലഗ്ഗിന്സും , ഇറക്കം കുറഞ്ഞ മിഡിയും ധരിക്കുന്നത് സ്വന്തം ശരീരത്തിനെ പോലും ശ്വാസം മുട്ടിക്കുമെന്നത് പോകട്ടെ .. കാണുന്നവര്‍ക്ക് അരോചകവും , വായിനോക്കികള്‍ക്ക് ആസ്വാദ്യകരവും ആകും . അല്ലെങ്കിലും ഇത്തരം വസ്ത്രം ധരിക്കുന്നത് സ്വന്തം ശരീരത്തിന് കംഫര്‍ട്ട് ആയിട്ടല്ലല്ലോ , വായിനോക്കികള്‍ നോക്കി വെള്ളമിറക്കുന്നത് കാണാനുള്ള ആഗ്രഹം കൊണ്ടല്ലേ ? സ്വന്തം ദേഹം ഇത്തരത്തില്‍ പ്രദര്‍ശന വസ്തുവാക്കുന്നതും ഒരു തരം ഞരമ്പ്‌ രോഗം തന്നെ ആണ് . അപ്പോള്‍ നോക്കുന്ന പുരുഷന്മാര്‍ക്ക് മാത്രമല്ല ഞരമ്പുരോഗം , നോക്കിക്കോ എന്ന ഭാവത്തില്‍ നടക്കുന്ന ഇത്തരം പെണ്‍വര്‍ഗ്ഗവും ഞരമ്പ്‌ രോഗികള്‍ തന്നെയാണ് . നിങ്ങളുടെ വസ്ത്രധാരണ സ്വാതന്ത്ര്യം പോലെ , നോക്കി ആസ്വദിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സമൂഹത്തിനുമുണ്ട് അതിനിടയാക്കിയ വസ്ത്രംധരിക്കുന്ന നിങ്ങളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും എന്ന് സ്വയം മനസിലാക്കിയാല്‍ പിന്നെ ഒരു പ്രശ്നവുമില്ല . വസ്ത്രം ഏതു ധരിക്കണമെന്ന് ആണിനും പെണ്ണിനും സ്വയം തീരുമാനിക്കാം , അതിനു മുന്നേ സ്വന്തം ശരീരത്തോട് എങ്കിലും നീതിപുലര്‍ത്തുന്ന രീതിയില്‍ ആണോ , അതിനു ചേരുന്നുണ്ടോ , എന്ന് സ്വയം ഒന്ന് ചോദിക്കുക . എല്ലാ വസ്ത്രവും എല്ലാവര്‍ക്കും ഇണങ്ങില്ല എന്ന തിരിച്ചറിവ് മതി . അല്ലാതെ ആണിന്‍റെ നോട്ടത്തെയോ , സമൂഹത്തിന്‍റെ സദാചാരക്കണ്ണിനെയോ വെല്ലുവിളിക്കാതിരിക്കുക . ആദരവ് ചോദിച്ചു വാങ്ങേണ്ടുന്ന ഒന്നല്ല . നല്ല ശീലങ്ങള്‍ അനുഷ്ടിക്കുന്നതിലൂടെ , സമൂഹത്തെ ആദരിക്കുന്നതിലൂടെ തിരിച്ചു കിട്ടുന്ന ഒന്നാണ് . അല്ലെങ്കില്‍ ഇക്കൂട്ടര്‍ നാളെ , നടുറോഡില്‍ വസ്ത്രധാരണസ്വാതന്ത്ര്യമോ , ചുംബന സ്വാതന്ത്ര്യമോ മാത്രമല്ല കിടപ്പറ സ്വാതന്ത്ര്യം കൂടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിനൊരുങ്ങുന്ന കാലം വിദൂരമല്ല .
( ഫെമിനിസം എന്തെന്നറിയാത്ത ഫെമിനിസ്റ്റുകളെ.... എന്നെ പൊങ്കാല ഇടാന്‍ വരണ്ട ... ഇതെന്‍റെയും സ്വാതന്ത്ര്യമാണ് )

ഇവള്‍ അനാമിക

പരാജയപ്പെട്ട പെണ്ണ് ...
====================
ഇവള്‍ അനാമിക ...
ഇവള്‍ക്ക് പേരില്ല .. എന്തെന്നാല്‍ , ജാതിമതദേശകാലവ്യത്യാസങ്ങളില്ലാതെ , പ്രണയാന്ധതയില്‍ ചിറകു കരിക്കപ്പെടുന്ന, അനേകം പെണ്‍കുട്ടികളില്‍ ഒരുവള്‍ . പ്രണയം കാഴ്ച മറച്ചപ്പോള്‍ , പഠിപ്പും വിവരവുമില്ലാത്ത പഴയകാല പെണ്കുട്ടിക്കുണ്ടായിരുന്നതിന്‍റെ വകതിരിവുപോലും ഇല്ലാതെ പോയ എറണാകുളത്തെ പ്രശസ്ത കലാലയത്തില്‍ ബിരുദാനന്തരബിരുദം അവസാന വര്‍ഷം പഠിച്ചു കൊണ്ടിരുന്ന പുതുതലമുറയിലെ വേറിട്ട ശൈലി ആഗ്രഹിക്കുന്ന, വിപ്ലവകരമായ മാറ്റത്തിന്‍റെ വക്താവാണ്‌ ഞാന്‍ എന്ന് കാണിക്കുവാന്‍ സ്വന്തം ജീവിതം തുലച്ച സാംസ്കാരികമായി അധ:പതിച്ച ഒരു പെണ്‍കുട്ടി . സാംസ്കാരികതയെ പുച്ഛത്തോടെ വെല്ലുവിളിച്ച അവള്‍ക്കു എന്ത് സംഭവിച്ചു ? മലര്‍മണം മായാത്ത വിടര്‍ന്നു തുടങ്ങിയ ജീവിതമാം പൂവിനെ സ്വയം ഞെരിച്ചുടക്കേണ്ടി വന്നു അവള്‍ക്ക്‌ (അതോ , ഞെരിച്ചുടക്കപ്പെട്ടതോ -തര്‍ക്കങ്ങള്‍ നടക്കുന്നു ) . ഭാര്യയും രണ്ടു കുട്ടികളുമുള്ള ഒരുത്തനോട്‌ (അതും കൊലപാതകി , ക്രിമിനല്‍) തോന്നിയ പ്രണയാന്ധതയില്‍ അവള്‍ മറന്നത് , സ്വന്തം മാതാപിതാക്കളെയാണ് , അവരുടെ സ്വപ്നങ്ങളെയാണ് , പ്രതീക്ഷകളെയാണ് . സ്വന്തം ജീവിതത്തോടൊപ്പം അവള്‍ ഇല്ലാതാക്കിയത് അവരുടെ ജീവിതം കൂടിയാണ് . എങ്ങോട്ടാണ് 


പരാജയപ്പെടുന്നവര്‍ 
===================

നമ്മുടെ ഈ പെണ്‍കുട്ടികള്‍ പോകുന്നത് ? സ്വന്തം ജീവിതം കുരുതിക്ക് കൊടുക്കും പോലെ സ്വത്വം മറന്നു പുതിയ നിയമങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ തത്രപ്പെടുമ്പോള്‍ എന്താണ് അവര്‍ നേടുന്നത് ? സമൂഹത്തിനു മുന്നില്‍ അപഹാസ്യര്‍ ആകുകയാണ് എന്ന് മനസ്സിലാക്കാതെ അഭിമാനമായ് കൊണ്ട് നടക്കുന്നു ഇത്തരം പുരോഗമന ആശയങ്ങള്‍ . ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ എങ്കിലും അവള്‍ക്കു തിരുത്താമായിരുന്നു . തെറ്റുകള്‍ പറ്റാത്ത മനുഷ്യര്‍ ഇല്ലല്ലോ ഭൂമിയില്‍ ? ജീവിതത്തില്‍ തോറ്റുപോയെന്ന തോന്നല്‍ എന്തിനു ? അവള്‍ ഒരിക്കലെങ്കിലും തിരുത്തിയിരുന്നെങ്കില്‍ സമൂഹത്തിനു മിടുക്കിയായ ഒരു ഐ എ എസ് കാരിയെ കിട്ടുമായിരുന്നു . പക്ഷേ .. അവളുടെ മിടുക്കും ചിന്തയും വഴി തിരിഞ്ഞു പോയെന്നു അവള്‍ക്കും മാതാപിതാക്കള്‍ക്കും മനസ്സിലായതുമില്ല . അവള്‍ അതിമിടുക്ക് കാട്ടിയത് വേറൊരു ഭാര്യയും കുട്ടികളുമുള്ള ഒരുത്തന്‍റെ കൂടെ വിവാഹം എന്ന പവിത്ര ബന്ധത്തിന്‍റെ മാന്യതയുടെ മുഖത്ത് തുപ്പി ലിവിംഗ് ടുഗതര്‍ എന്ന ആശയത്തിനോട് ഐക്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു . മകളെ തിരുത്താന്‍ മാതാപിതാക്കള്‍ക്കും കഴിഞ്ഞില്ല . അവരുടെ ആ പരാജയത്തിനു അവര്‍ കൊടുക്കേണ്ടി വന്ന വിലയോ , നാളത്തെ വാഗ്ദാനമായ ഏകമകളുടെ ജീവിതവും !
നമ്മുടെ ഈ പെണ്‍കുട്ടികള്‍ ഇനി ഏതു വിദ്യാഭ്യാസം നേടിയാല്‍ ആണു വിവേകം പഠിക്കുക ? നാളത്തെ വാഗ്ദാനമാകേണ്ട സമൂഹത്തിനു ഐശ്വര്യമാകേണ്ട ഈ കുട്ടികള്‍ തലതിരിഞ്ഞ ആശയങ്ങള്‍ക്കടിമപ്പെടാതെ ജീവിതമൂല്യങ്ങള്‍ കൈവിടാതെ പക്വതയോടെ ജീവിക്കാന്‍ ഓരോ കുടുംബത്തിലുമുള്ള മാതാപിതാക്കള്‍ മാത്രമാണ് അവരെ പഠിപ്പിക്കേണ്ടത് . വഴിതെറ്റിയാല്‍ തിരുത്തി മുന്നോട്ടു പോകാമെന്ന് ധൈര്യം കൊടുക്കേണ്ടതും അവര്‍ തന്നെയാണ് . തെറ്റുകള്‍ മനുഷ്യസഹജമെന്നും തിരുത്തിയാല്‍ ജീവിതവിജയം നേടാനാവുമെന്നും കരുത്തുപകരാന്‍ കഴിയുന്ന മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ നാളെയെങ്കിലും ഇത്തരം അനാമികമാര്‍ ആവര്‍ത്തിക്കപ്പെടില്ല എന്ന് വിശ്വസിച്ചുകൊണ്ട് അതിനായി ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ട് , ആശംസകളോടെ നിങ്ങളുടെ രാധാമീര . നന്ദി നമസ്കാരം .
(എന്‍റെ ഈ പോസ്റ്റ്‌ കൊണ്ട് ഒരു പെണ്‍കുട്ടിയോ മാതാപിതാക്കളോ സ്വയം ചിന്തിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥയായി )