Wednesday, 30 October 2013

ലജ്ജാകരം

സ്ത്രീയെ ..
നിന്നെ ഓര്‍ത്തു ലജ്ജിക്കുന്നു ...
എന്തിനു നാലുകൊല്ലം വളര്‍ത്തിയ
കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടി നീ ..
കാമുകനൊപ്പം ജീവിക്കാനാ പാവം
കുഞ്ഞിന്‍ ഹത്യ വേണമായിരുന്നോ ???
അനാഥശാലകളിലല്ലെങ്കില്‍ പോലും
വഴിയോരം കളഞ്ഞിട്ടു പോയിരുന്നെങ്കില്‍
ആരേലും വളര്‍ത്തി വലുതാക്കുമായിരുന്നില്ലേ ?
നീയോ അമ്മ ... ആ വാക്കു പോലും ലജ്ജിക്കും
നിന്‍ ക്രൂരത കണ്ടു സമൂഹ മനസാക്ഷി ഉണരട്ടെ !

ഇന്നത്തെ വാര്‍ത്ത‍ ... (30-10-2013)
നാല് വയസ്സുകാരിയെ അമ്മയും, കാമുകനും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടിയിട്ട് കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി കൊടുത്തു . — feeling annoyed.

Tuesday, 29 October 2013

ചിലരുണ്ട്

ചിലരുണ്ട് ചിലതായ്ചിലയിടങ്ങളില്‍ 
ചിലതാം നമ്മെ ചിലതാക്കുന്നവര്‍ 
ചിതലാം വ്യഥകളെ തട്ടിയെറിയുന്നവര്‍ 
പലതാം സുഖങ്ങളില്‍ പങ്കു ചേര്‍ക്കുന്നവര്‍ 
അഴലാം വേദനകളില്‍ പങ്കു പറ്റുന്നവര്‍ 
ചിലരുണ്ട് ചിലതായ് ചിലയിടങ്ങളില്‍ 
ചെമ്മേ നമ്മില്‍ സ്നേഹം കൊരുക്കുന്നവര്‍  
ചിമ്മും മിഴികളില്‍ കടലാഴം തീര്‍ക്കുന്നവര്‍ 
പമ്മും മനസ്സിനെ പിടിച്ചെടുക്കുന്നവര്‍ 
വിമ്മും മനസ്സിന്‍ നൊമ്പരം മായ്ക്കുന്നവര്‍
ചുമ്മും ചുമലില്‍ താങ്ങാകുന്നവര്‍ 
ചിലരുണ്ട് ചിലതായ് ചിലയിടങ്ങളില്‍ 
ചിലതാം നമ്മെ ചിലതാക്കുന്നവര്‍ ! —  feeling needed.


Monday, 28 October 2013

എഴുതട്ടെ ..?

എഴുതട്ടെ ...? 
എനിക്ക് തന്ന ചിലമ്പിച്ച നിശ്വാസങ്ങളെ ക്കുറിച്ച് ,
നോവുകളുണര്‍ത്തിയ പിണക്കങ്ങളെക്കുറിച്ചു ,
ഒരു മഞ്ഞുരുകും പോലെ ഉരുകിയോരെന്റെ 
വിഷാദ സന്ധ്യകളിലെ പരിഭവങ്ങളെക്കുറിച്ച് ,
അസ്തമയത്തിലൊരിക്കല്‍ എന്നിലേക്ക്‌ നീട്ടപ്പെട്ട 
നിന്‍റെ പ്രണയാര്‍ദ്രമാം വെള്ളാരംകണ്ണുകളെക്കുറിച്ചു ,
ഒടുവിലായ് നാം പിരിഞ്ഞോരാ കല്‍പ്പടവുകളെക്കുറിച്ച്,
എഴുതട്ടെ നിനക്കായ്‌ മാത്രമാമോര്‍മ്മകളെക്കുറിച്ചു ,
ഇപ്പോഴും നിന്നെ കാത്തിരിക്കുമാമെന്നെക്കുറിച്ചു ,
എന്റെ അസ്ഥിമാടത്തില്‍ നീ കൊളുത്തേണ്ടോരാ
നമ്മുടെ പ്രണയത്തിരിയെക്കുറിച്ചെഴുതട്ടെ ....!
വായിക്കുമോ നീ ..

Wednesday, 23 October 2013

ഒസ്യത്തില്‍ ഇല്ലാത്തത്..!
ശവപ്പെട്ടി ചുമന്നവരോടൊരു ചോദ്യം
നിങ്ങള്‍ കണ്ടുവോ ആ ചുവന്ന പൂവ്..!
ഒസ്യത്തില്‍ പറയാതെ പോയൊരാ പൂവ് !
ഹൃദയത്തിന്റെ സ്ഥാനത്തു കണ്ടില്ലേ ?
പ്രേമത്തിന്റെ ആത്മ തത്വത്തില്‍
കുരുക്കി കവിയെ വലച്ച ആ പൂവ് ..?
പൂവിന്റെ ദളങ്ങള്‍ കൊണ്ടാ വദനം
മൂടിയെങ്കില്‍ ശേഷിച്ച ആ ഞെട്ട്
എനിക്കു തരുമോ സൂക്ഷിക്കാന്‍ ..!
വേറൊന്നിനുമല്ല.. ഒന്നിനുമല്ലാതെ
പ്രണയിക്കപ്പെട്ടവളുടെ അഹങ്കാരത്തിന്‍
കനലുകള്‍ ചുവപ്പിച്ച ദളങ്ങള്‍ കുടിയിരുന്ന
ആ ഞെട്ടില്‍ തീവ്രാനുരാഗത്തിന്റെ സുഗന്ധം
വാര്‍ന്നിറങ്ങിയിട്ടുണ്ടാകുമെന്നത് കൊണ്ടല്ല ..
ആത്മാവിലലിഞ്ഞ പ്രണയത്തിന്റെ ,
ഭൂമിയിലെ തിരുശേഷിപ്പ് .. ഉണക്കി
സൂക്ഷിക്കാമെന്ന എന്റെ അതിമോഹം !
അതെങ്കിലും തന്നിട്ട് പോകൂ ആ നിഷേധിയുടെ
ആത്മാവിനെ ഞാനൊന്നു തൊട്ടറിയട്ടെ ..!

ഒരു പുഞ്ചിരിഒരു പുഞ്ചിരി ...
ഹൃദയത്തെ തൊടുന്നു
ചിരിക്കുന്നത് കണ്ണുകള്‍
കൊണ്ടാവുമെങ്കില്‍ മാത്രം .
കളങ്കമില്ലാത്ത മനസ്സിനെ
അങ്ങനെ കണ്ണുകളിലൂടെ 
ചിരിക്കാനാവൂ... !
മറ്റുള്ളവരെ നോക്കി
ഹൃദയം തൊട്ടുണര്‍ത്തും വിധം
ചിരിക്കാന്‍ കഴിയട്ടെ ...
ഒരു നല്ല സൗഹൃദത്തിലേക്കായി...!

പെണ്ണിന്റെ മാരന്‍


താലമെടുക്കെടി പെണ്ണേ...
നിന്‍റെ മാരന്‍ വന്നെടി പെണ്ണേ...
താംബൂലം കൂട്ടെടി പെണ്ണേ...
നിന്‍റെ മാരന്‍ വന്നെടി പെണ്ണേ...
തളിര്‍ വെറ്റില ചുരുട്ടെടി പെണ്ണേ...
നിന്‍റെ മാരന്‍ വന്നെടി പെണ്ണേ...
വാസനതൈലം പൂശെടി പെണ്ണേ...
നിന്‍റെ മാരന്‍ വന്നെടി പെണ്ണേ...
കൈതോലപ്പായ നിവര്‍ത്തെടി പെണ്ണേ...
നിന്‍റെ മാരന്‍ വന്നെടി പെണ്ണേ...
അന്തം മറക്കല്ലെ പെണ്ണേ...
നിന്‍റെ മാരന്‍ വന്നെടി പെണ്ണേ..
നീയങ്ങു പൂത്തല്ലോ പെണ്ണേ...
നിന്‍റെ മാരന്‍ വന്നെടി പെണ്ണേ...
നിന്‍റെ കവിളങ്ങു ചോന്നല്ലോ പെണ്ണേ...
നിന്‍റെ മാരന്‍ വന്നെടി പെണ്ണേ...
നിന്‍റെ അറവാതിലടച്ചല്ലോ പെണ്ണേ...
നിന്‍റെ മാരനിങ്ങെത്തിയല്ലേ പെണ്ണേ...
നിന്‍റെ പായ ചുരുട്ടെടി പെണ്ണേ...
നിന്‍റെ മാരന്‍ പോയല്ലോ പെണ്ണേ...
റാന്തല്‍ വിളക്കൂതെടി പെണ്ണേ ...
നിന്‍റെ മാരന്‍ പോയല്ലോ പെണ്ണേ...
നീയങ്ങു വാടിയല്ലോ പെണ്ണേ ...
നിന്‍റെ മാരന്‍ പോയല്ലോ പെണ്ണേ...
മുറജപം തുടരെടി പെണ്ണേ ..
നിന്‍റെ മാരന്‍ വരുമെടി പെണ്ണേ ...!

3 പെണ്ണുങ്ങള്‍

മൂന്നു വ്യതസ്ത രൂപങ്ങൾ...!
----------------------------------------------

സൂര്യ താപനം പോൽ 
സിരകളിൽ ചൂടു 
പകർന്നൊഴുകിയവൾ
അധികാര മോഹികളെ
നടുക്കി വിറപ്പിച്ചവൾ
ഒഴുകും അരുവി-
യെന്നവൾക്കു പേർ !
അരക്കെട്ടിൻ ലാസ്യത്താൽ
അധികാരം നേടിയവൾ ..
റാണിയായി വിരാജിച്ചവൾ
മാദക പെണ്ണഴകിയാണവൾ

കേരള രാജ്യത്തിനു ,
കണ്ണും, കാതും, വായും,
ഇല്ലാത്തതിനാൽ
സെക്രട്ടേറിയറ്റു വിട്ടു
രാജധാനിയിൽ പോയി
സമരമുറ തുടരുന്നവൾ
ഒറ്റയാൾ പോരാളിയാണവൾ
ചുട്ടുപൊള്ളും മണലിൽ
കുരുത്ത പെണ്‍പുലിയാണവൾ !

കരി പിടിച്ചോരടുക്കളയിൽ
ജീവിത മാറാപ്പു നിറഞ്ഞോരാ
ദിനങ്ങളൊന്നിൽ വൈദ്യുതി പോലും
പ്രകാശം പരത്താനില്ലാത്ത
ഇരുൾച്ചുമർ ചാരി, കുഞ്ഞുമായി
അവൾ പാടിയ പാട്ടുകളൊന്നിനെ
ഭർതൃസഹോദരൻ പകർത്തിയപ്പോൾ
ലോകലക്ഷങ്ങൾ കണ്ടും, കേട്ടും
നെഞ്ചോടു ചേർത്തപ്പോളവൾക്കും
മോക്ഷം പകരാൻ ആളുകളുണ്ടായി .
മാധുര്യമൂറും പെണ്കുയിലാണവൾ

സ്ത്രീയുടെ വ്യത്യസ്ത ഭാവങ്ങളിൽ
മൂന്നു പെണ്ണുങ്ങളും പ്രശസ്തർ
അഭിമാനിക്കാൻ രണ്ടു പേർ ..
നാണം കെടുത്താൻ ഒരുവളും..!

രാധാമീര

രാധയുടെ ആത്മ രോദനങ്ങളില്‍
ലാസ്യ നടന ചാരുതയുണ്ടോ ..?
മീരയുടെ ആത്മാലാപനങ്ങളില്‍ 
ഭക്തിയുടെ ഉത്തുംഗശൃംഗങ്ങളുണ്ടോ?
രാധാമീരമാരുടെ പ്രണയഭക്തിയില്‍  
കണ്ണനിലേക്കെത്തും മോക്ഷപ്രാപ്തിയുമുണ്ടോ ?
എങ്കില്‍ മാത്രം രാധാമീരമാര്‍ ഒന്നാവട്ടെ ..! 
കണ്ണന്റെ വിരിമാറില്‍ അലിഞ്ഞില്ലാതാവട്ടെ ! — feeling blessed.

വെയില്‍ മഞ്ഞ്


വെയിൽ മഞ്ഞിനോട്
----------------------------------
വെയിൽ മഞ്ഞിനോടായി
"എന്തിനീ ഘനഭാവം ,
ഇനിയും നീ ഉരുകില്ലേ ...
ഇത്ര തീക്ഷ്ണമായി
നിന്നിലേക്കിറങ്ങിയിട്ടും
എന്തേ നിന്നിലൊരു
മൌന വല്മീകം ..!
സ്നേഹ കിരണങ്ങളായി
നിന്നിൽ ചൊരിഞ്ഞിട്ടുമെന്തേ
നീ അലിയുന്നില്ലായെന്നിൽ ,
എന്നിലമരുന്നതത്രേ നിൻ
സാഫല്യമെന്നറിയുക നീ
എന്നിലുരുകാതിരിക്കാനാവില്ല
നിനക്കൊരിക്കലെങ്കിലും പ്രിയേ ..!"

മഞ്ഞിന്റെ മറുപടി ...
"അലിയുവാനെനിക്കേറെ
ഇഷ്ടമെങ്കിലും പ്രിയനേ
എന്നെ പൊതിഞ്ഞുണ്ടൊരു
ഹിമാലയസാനുവെന്നും
കാത്തു സൂക്ഷിക്കുവാനായി
നിനക്കാവില്ലൊരിക്കലും
എന്നിലേക്കെത്തുവാൻ ,
നിൻ രശ്മികളാലെന്നെയൊന്നു
തൊടുവാൻ പോലുമാവില്ലയല്ലോ
ഈ ഘനഭൂവിലുറങ്ങുവാനല്ലോ
എന്റെ കാമനയും , മോഹവും ,
എന്റെ മോക്ഷ നിർവൃതിയും ,
വേണ്ടായെനിക്കതിനപ്പുറമൊരു
സ്വപ്ന സുന്ദര സ്വർഗ്ഗലോകവും
നിന്നിലുരുകിയില്ലാതാവുന്നതിനേക്കാൾ
ഈ അമരത്വ വല്മീകമാണെന്റെ
നേരും നെറിവും നിത്യ സത്യവും !"

Thursday, 17 October 2013

radhaa madhavamനിന്‍റെ ഒരു വിളിയില്‍ തീരുന്നു കണ്ണാ ...!
എന്‍ പരിഭവങ്ങള്‍ പരാതികള്‍ സങ്കടങ്ങള്‍ .
കഴിയുന്നില്ലെനിക്കു അകന്നിരിക്കാന്‍...
പിണങ്ങിപ്പിരിയാന്‍ ആവുന്നില്ലായല്ലോ
ഒരു മാത്രയെങ്ങാനും ഇടറിയോരെന്‍
നെഞ്ചിന്‍ തുടിപ്പുകള്‍ നീയറിഞ്ഞോ ..? 
എപ്പോഴുമിങ്ങനെ വലക്കുന്നതെന്തേ
എന്റെ സ്വപ്നങ്ങളെ നോവിക്കുവതെന്തേ ..?
പിന്നിലൂടെ വന്നെന്‍ കണ്ണു പൊത്തുമ്പോള്‍
നിന്‍ തൃക്കൈ നനഞ്ഞുവോ കണ്ണാ ..?
പൊറുക്ക നീ.. അതൊരു കരടു വീണുവല്ലോ
എന്തായെന്നറിയില്ലാ കണ്ണാ എപ്പോഴുമിങ്ങനെ
കണ്ണില്‍ കരടു വീണു വെള്ളം തുളുമ്പുന്നല്ലോ !
ഇപ്പോഴെനിക്കെല്ലാം ശീലമായി കണ്ണാ ...
എങ്കിലുമെപ്പോഴുമെന്തേ നീ കണ്ണാ ..
എന്‍ കണ്ണിലേക്കി പൊടിയൂതി വിടുന്നു ...?
എല്ലാര്‍ക്കും സ്വന്തമാം നിന്നെ എന്റേതു
മാത്രമായ് മോഹിച്ചതോയെന്റെ തെറ്റ് ..?

Tuesday, 15 October 2013

സ്ത്രീ പര്‍വ്വംസ്ത്രീ പർവ്വത്തിലെ ഉത്തമ പ്രണയം
--------------------------------------------------------
ദ്രൗപദി ..ഭാരതത്തിന്റെ പെണ്ണ്
സ്വയംവരപ്പന്തലിൽ വരിച്ചതർജ്ജുനനെ
പൂർവ്വജന്മത്തിലെ നാക്കുപിഴയാൽ
അഞ്ചാവർത്തി വരം ചോദിച്ചുവെന്നോ- 
രൊറ്റക്കാരണത്താൽ അഞ്ചു ഭർത്താക്കന്മാരെ
ഊഴം വച്ചു സ്വീകരിക്കേണ്ടി വന്നവൾ !
വ്യത്യസ്തരാം ഭർത്താക്കന്മാരെ
വ്യത്യസ്തയിലിഷ്ടപ്പെടെണ്ടി വന്നവൾ

ഉള്ളറിഞ്ഞു സ്നേഹിച്ചതർജ്ജുനനെ
എന്നാലർജ്ജുനനോ ഉലൂപി , ചിത്രാംഗദ,
സുഭദ്ര തുടങ്ങിയവർക്കു തന്നെ പകുത്തവൻ
ചൂതിൽ പണയവസ്തുവായപ്പോൾ
കൃഷ്ണാ എനിക്കാരുമില്ലെന്നു പാർത്ഥനെ
വിളിച്ചു രക്ഷക്കായ്‌ കേണവളീ കൃഷ്ണ ...!

ഭീമൻ.. ആയിരം ഗജങ്ങളുടെ ശക്തിയുള്ളവൻ !
ഭാരതത്തിലെ പുരുഷത്വത്തിന്റെ പ്രതീകം .
സ്വയംവരപ്പന്തലിൽ അർജ്ജുന രക്ഷക്കായ്‌
ശത്രുക്കളോടു യുദ്ധം ചെയ്‌തവൻ ഈ ഭീമൻ
കൌരവസഭയിൽ പാഞ്ചാലിയെ വലിച്ചിഴച്ച
സഹോദര കൈകൾ തീയിൽ പൊള്ളിച്ചവൻ
സ്വപത്നിയെ ചൂതിൽ പണയം വച്ചതിനു
യുധിഷ്ടിരനോട് കലുഷമാം വാക്കുകൾ ചൊല്ലി
ജീവിതത്തിലാദ്യമായ്‌ പൊട്ടിത്തെറിച്ചവൻ !

ദ്രൗപദിക്കു കൊടുത്ത വാക്ക് നിറവേറ്റാൻ
ദുശ്ശാസനരക്തത്താൽ മുടികെട്ടിക്കൊടുത്തവൻ
യാത്രയിൽ വെയിലേറ്റു വാടിയ ദ്രൗപതിക്കു
സ്വദേഹത്താൽ തണൽ തീർത്തവൻ ഭീമൻ
കല്യാണ സൌഗന്ധികം നേടി കൊടുത്തവൻ
ഇനി നിനക്കെന്തു വേണമെന്ന് ആരാഞ്ഞവൻ

ഒടുവിലന്ത്യയാത്രയിൽ ദ്രൗപതി വീഴുമ്പോൾ
യുധിഷ്ടിരനോടവളുടെ തെറ്റെന്തെന്നു ചോദിക്കും
ഭീമനോടുത്തരമായി ഭർത്താക്കന്മാരെ
തുല്യമായി കാണാതെ അർജ്ജുനനെയേറെ
സ്നേഹിച്ച കുറ്റത്തിനാണാ പതനമെന്നു
ചൊല്ലിയിട്ടുമന്ത്യശ്വാസംവരെ കാവൽ
നില്ക്കും ഭീമനോടായി അടുത്ത ജന്മത്തിൽ
എന്റെ പതിയായി വരുമ്പോൾ
മൂത്ത സഹോദരനായ് പിറക്ക വേണമെന്നും
എന്നെന്നും സംരക്ഷകനായിരിക്കണമെന്നും
അന്ത്യമൊഴി പറഞ്ഞു പിരിഞ്ഞവൾ ദ്രൗപദി !

Sunday, 13 October 2013

എന്റെ സ്നേഹമേ ...

ഒരു കുളിര്‍കാറ്റു മൂടും പോലെയുള്ളില്‍
നിന്നോര്‍മ്മകളെന്നെ പുതപ്പിച്ചുറക്കുന്നു.. !
കളിയായി ഞാന്‍ ചൊല്ലുന്നതെല്ലാമെന്നില്‍
നിനവായി നീ പകര്‍ന്നിടുമ്പോളൊരു വേള
നീയെന്നില്‍ വിസ്മയം ജനിപ്പിക്കുന്നു ..!
എനിക്കായി നീ പകരുമാ സ്നേഹാക്ഷരങ്ങളില്‍ 
ഞാനെന്റെ പ്രതിബിംബം കാണ്‍കെ
ഒന്നിനുമല്ലാതെയെന്നുള്ളില്‍ സ്നേഹം
പൂവിടുമ്പോളറിയാതെ ഞാനെന്നിലായ്
നിന്നെ തേടിടുന്നൂ.. എന്റെ സ്നേഹമായ് ..!

പരിഭവ രാധ

കണ്ണനെന്നെ മറന്നുവോ സഖീ ..?
നിദ്രാവിഹീനമാം നീലരാവുകളിൽ 
ചാരെയെത്തുമവനെന്നു നിനച്ചു ഞാൻ
ഉണ്ണാതുറങ്ങാതെ കാതോർത്തുവെങ്കിലും
ഒരു മാത്രപോലുമവനണഞ്ഞതേയില്ലാ..! 
കണ്ണൻ തൻ സ്വേദം പുരണ്ടോരീ ചേല പോലും
മാറ്റിയതില്ല ഞാനവന്റെ ഗന്ധം നുകർന്നിരിക്കാൻ !
അവനെ മറന്നിട്ടൊരു നിമിഷമെന്നിലില്ലാ ..
എന്നിട്ടുമെന്തേ സഖീ അവനെന്നെ മറന്നു ..?!

Saturday, 12 October 2013

എന്റെ ഉണ്ണി

ഉണ്ണീ , നീ വലുതാക വേണ്ടാ ...
എന്നുമെന്‍ കുഞ്ഞുണ്ണിയായിരിക്ക,
വളരുന്ന കാലടികളെന്നുള്ളിൽ
വ്യാധികളുണർത്തീടുന്നു നിത്യം !
.മാറോടമർത്തി കാത്തു സൂക്ഷിയ്ക്കാം
ചൊല്ലുന്നെല്ലാരും നീ നാരായണനെന്നു
എനിക്കു നീയെപ്പൊഴുമെൻ ഉണ്ണി തന്നെ!
എങ്കിലും വെണ്ണ കട്ടുവോയെന്നു
ശങ്കിച്ചു ഞാൻ ബലമായി നിൻ വായ
തുറപ്പിക്കും നേരം കണ്ടോരാ കാഴ്ച
ഇപ്പൊഴുമെന്നെ വിഭ്രമിപ്പിക്കുന്നു
നാരായണനാക വേണ്ടാ വെറും
ഉണ്ണിയാക നീയെന്നുമെൻ ഉണ്ണീ ...!

Thursday, 3 October 2013

രക്തസാക്ഷി
പാതിവഴിയിൽ മറന്നമ്മയും
ഊരുതെണ്ടിയോരച്ഛനും
നുകമേറ്റെടുത്തോരമ്മാവനും
കഴുക്കോൽ വരിച്ചോരോപ്പോളും
രാമനാമത്തിലമരും മുത്തശ്ശിയും 
ആരുമേ അറിഞ്ഞതില്ലെന്നെ 
ഒരു കത്തിപ്പിടിയിലൊടുങ്ങി
പാർട്ടിക്കാരെന്റെ ജഡത്തിൽ
രക്തസാക്ഷിത്വം ചാർത്തും വരെ ..!
മരണമൊഴിമരണമൊഴി പറഞ്ഞു ഞാന്‍
ബാക്കിയില്ലിനിയൊന്നുമേ
എന്നുള്ളിന്റെ ഉള്ളില്‍
ഇനിയൊന്നുമേ ....
മിടിക്കും ഹൃദയമല്ലാതെ ...!
അഴിച്ചെറിഞ്ഞു ഞാനെന്‍റെ
ഗര്‍വ്വിന്‍ മുഖംമൂടികള്‍ .
നിന്നോട് പറയുവാന്‍
കരുതി വച്ചോരവസാന
വാക്കും ചൊല്ലി ഞാന്‍... ..
സ്വസ്തി സ്വസ്തി സ്വസ്തി !
 — feeling satisfied.

എന്റെ ഗന്ധര്‍വ്വന്‍എന്റെ ഗന്ധര്‍വ്വാ ...,
നീ എന്നെ പ്രണയിച്ച
തെറ്റിന് എന്തൊക്കെ
അനുഭവിക്കണം
ശിക്ഷയുടെ കാഠിന്യം
അതി ഭയങ്കരം തന്നെ 
ഞാനും ബാഹ്യ ലോകം
മറന്നു ഈ ഇരുട്ടറയില്‍
നിന്നോര്‍മ്മകളില്‍ തനിച്ചാണ് ..!

രാത്രിയുടെ പതിനേഴാമത്തെ
കാറ്റിനൊപ്പം നീ മറഞ്ഞപ്പോൾ
എന്റെ ഉണർവുകളും പോയി...
നിന്നെ നഷ്ട്ടപ്പെട്ട എനിക്ക്
ഈ ലോകം തന്നെയും അന്യമായി..
എന്റെ ഗന്ധര്വ്വനിലേക്ക് ഞാനും ...!

ആരാധനാലയങ്ങള്‍

എന്തിനാണ് മനുഷ്യര്‍ ആരാധനാലയങ്ങളില്‍ പോകുന്നത്..? ഈശ്വരന്‍ എല്ലായിടത്തുമുണ്ടല്ലോ ..? 
തിളച്ചുരുകുന്ന ചൂടില്‍ ടാര്‍ റോഡിലൂടെ നടക്കുന്ന ഒരുവനു , എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയിലേക്ക് കയറുമ്പോള്‍ കിട്ടുന്ന സുഖമാണ് പാപ പങ്കിലതകള്‍ കണ്ടും കേട്ടും ചെയ്തും ഉരുകുന്ന മനസ്സുമായി ആരാധനാലയങ്ങളില്‍ പോകുന്നതിലൂടെ ലഭിക്കുന്നത് . എന്തെന്നാല്‍ , ആരാധനാലയങ്ങള്‍ പ്രാര്‍ത്ഥനകളാല്‍ പവിത്രീകരിക്കപ്പെട്ടിരിക്കുന്നു . നിഷ്കളങ്കമായ മനസ്സോടെ എല്ലാവര്‍ക്കും ഉറങ്ങാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു ..

ജയിലില്‍ നിന്ന്

പ്രിയ മകള്‍ക്ക് ,
അടുത്ത മാസം നീ എന്നെ കാണാൻ വരണ്ട . എന്തിനാണോ ഞാൻ ഇപ്പോൾ ഇവിടെ ജീവിക്കുന്നത് ,അത് വെറുതെ ആവും ..കഴിഞ്ഞ തവണ നീ വന്നപ്പോൾ പറയണമെന്ന് കരുതി , പക്ഷെ ,കാണാൻ കൊതിയുള്ളത് കൊണ്ട് ഒന്ന് മടിച്ചു എന്നുള്ളതാണ് നേര് .ഇനിയും അത് പ്രശ്നമാവും എന്ന് തോന്നിയത് കൊണ്ടാണ് പറയുന്നത്.നിന്റെ സൌന്ദര്യം ശാപമായി തോന്നുന്നു ഇപ്പോൾ അമ്മയ്ക്കും !അല്ലെങ്കിൽ ഇപ്പോൾ ഞാൻ ഇവിടെയും നീ ആരോരുമില്ലാതെയും വളരേണ്ടി വരില്ലായിരുന്നു .നീ പോയിക്കഴിഞ്ഞു , സഹമുറിയർപറഞ്ഞു ഇനി മകളോട് വരണ്ട എന്ന് പറയാൻ. എന്തുകൊണ്ടെന്ന് പറഞ്ഞില്ലെങ്കിലും എനിക്ക് ഊഹിക്കാൻ കഴിഞ്ഞു .ചെയ്തതിൽ എനിക്ക് പശ്ചാത്താപമില്ല ...അവനെ കൊല്ലേണ്ടത് തന്നെ ആയിരുന്നു .പക്ഷെ, ഈ ലോകം അവനെക്കാളും വലിയ പ്രാപ്പിടിയന്മാരുടെ ആണെന്നോർക്കുമ്പോൾ ഭയക്കുന്നു .അടുത്ത കത്തിൽ അമ്മയ്ക്ക് അപ്പുറത്തെ ജാനകി ചേച്ചിയുടെ ഫോണ്‍ നമ്പർ തരണം .ഇവിടെ നിന്നും പോകുന്ന ഒരു ഏട്ടത്തിയമ്മയോട് അവരെ കാണാൻ പറഞ്ഞേല്പ്പിച്ചിട്ടുണ്ട്, അത് കഴിയുമ്പോൾ നീ അവർ പറയുന്ന പോലെ ചെയ്യണം .
ശേഷം അടുത്തതിൽ ...!
 സ്നേഹത്തോടെ ,
 അമ്മ

അപ്പൂപ്പന്‍താടി

ഒരു കാറ്റിലൂടൊഴുകി 
ഒരു പൂമരം ചുംബിച്ചു 
പൂക്കളെ തഴുകി ,
ഒരു മാത്രയൊന്നു 
കറങ്ങിത്തിരിഞ്ഞു ,
കുഞ്ഞാറ്റക്കുരുവി 
തൻ ചുണ്ടിലുരുമ്മി
അങ്ങിനങ്ങിനെ
പാറിപ്പറന്നു
വാനിലലയും
അപ്പൂപ്പൻ താടി
പോലെന്റെ പ്രണയം..!

പെയ്യും മനം

ഒരു മഴയെന്റെ 
മനസ്സില്‍ പെയ്യുന്നു 
നിനക്കായി 
തുടിക്കുമെന്‍ 
ഹൃദയത്തിന്‍ 
ലോല തന്ത്രികള്‍.. .. 
കുടയായി എന്നെ 
പൊതിയും നിന്‍ 
ഓര്‍മ്മകള്‍ ..!

സ്വപ്നവീട്

എന്റെ സ്വപ്നത്തിൽ
പതിഞ്ഞൊരാ ചിത്ര -
മെത്രയും മിഴിവേറ്റിടു-
ന്നെൻ സങ്കല്പ ഗൃഹം !
എങ്കിലും നിൻ സാന്നിധ്യ-
മില്ലെങ്കിലെനിക്കവിടം 
ഊഷര ഭൂമി മാത്രം ...!
പ്രണയം സ്വപ്‌നങ്ങൾ
പാകിയോരാ വീടെന്നിൽ
സ്വർഗം ചാർത്തുന്നു
എന്റെ സ്വപ്നങ്ങളിൽ
നാമിരുവരും രതിമന്മഥൻ !
പുഷ്പങ്ങൾ നമ്മുടെ
പ്രണയ സഹചാരികൾ
വന്നെത്തുമെന്നെങ്കിലും
ആ നല്ല നാളുകൾ...
സ്വപനമായെങ്കിലും

പ്രണയ ചിന്തകള്‍പ്രണയമെന്നിൽ
വയലറ്റ് പൂക്കളായ് ...
ഒരു താഴ്വാരം
മുഴുവൻ മൂടുന്നു ...
നൽ കവിതകളെന്നിൽ
പ്രണയമുണർത്തുമ്പോൾ 
കവിയോടല്ലെന്റെ
പ്രണയമെന്നറിയുക
ആർദ്രഗീതങ്ങളിൽ
ഞാനലിയുമ്പോൾ
ഗായകനോടല്ലെന്നും..!
എന്നെ തരളിതയാക്കു -
മെന്തിനോടുമെനിക്കും
ഉണ്ടോരാ പ്രണയം ..!

കുഞ്ഞിക്കവിതകള്‍

അലയാലകള്‍ക്കൊടുവില്‍ 
അലിഞ്ഞു ചേരണമീ
മണ്ണില്‍ അടുത്ത ജന്മത്തിലേക്കു 
മുള പൊട്ടുവാന്‍ ..!! ! എന്തിനെന്നോട് കൂട്ടുകൂടി 
മരണത്തിലേക്ക് മറയാനെങ്കില്‍   
ചേതനയറ്റ നിന്‍ ജഡത്തില്‍ 
ആര്‍ത്തലച്ചു പെയ്യുവാനോ...?
feeling wounded


ക്രൂരമാം നിന്‍
വാക്കുകളെന്നില്‍ 
നിഷാദശരം പോല്‍
മുറിവാകവേ പിടയും
നെഞ്ചകത്തിലായെന്‍ 
പ്രാണനാം പ്രണയവും ...! — feeling sarcastic.


ഒരു മഴയെന്റെ 
മനസ്സില്‍ പെയ്യുന്നു 
നിനക്കായി തുടിക്കുമെന്‍ 
ഹൃദയത്തിന്‍ ലോല തന്ത്രികള്‍.. .. 
കുടയായി എന്നെ പൊതിയും
നിന്‍ ഓര്‍മ്മകള്‍ ..!

നിൻ വാക്കിനാലെന്നെ
യൊന്നുലയ്ക്കുവാൻ
നിനക്കു  കഴിഞ്ഞുവെങ്കിൽ
നീ എൻ മനസ്സു തൊട്ടുവെന്നു
ഞാനറിഞ്ഞു .....!


ഉള്ളറിഞ്ഞിട്ടും,
ഉള്ളിലുള്ളത്
ഉള്ളിലായി
ഒളിപ്പിച്ചിട്ടുമെന്റെ
ഉള്ളു കള്ളികൾ
പുറത്തായല്ലോ..?


ഉരിയാടുന്നതെന്തോ  
അതെല്ലാം മുത്ത്‌ പോലെ
കോർത്ത്‌ ഞാൻ കവിതയാക്കി
ചാർത്താം നിനക്കായി ..! 

എത്ര കാതങ്ങൾ ദൂരേക്ക്‌ താണ്ടിയിട്ടും
ഓർമ്മവീഥികളുടെ അന്ത്യം
ഇപ്പോഴും നിന്നിലേക്ക്‌
മാത്രമായി ചുരുങ്ങുന്നു !ഇവിടെ ഈ മഴയിൽ
കുളിർന്നു വിറച്ച
പ്രഭാതത്തിലേക്ക്‌
ഉണരാൻ മടിച്ചു
പുതപ്പിനടിയിൽ
ചുരുണ്ട്  കൂടി  ഒന്ന്
കൂടി ഉറങ്ങാൻ കൊതിച്ചു 
ഞാനും എന്റെ പ്രണയവും ....!

ആർദ്രവും വിരസവുമായ
കാത്തിരിപ്പുകൾക്കൊടുവിൽ
വരുമോ ഒരു മാത്ര നേരമെങ്കിലും
എനിക്കായി ...!


വഴി പാതി താണ്ടിയിട്ടും 
നിന്നെ കുറിച്ചൊന്നും
അറിയാതിരുന്നിട്ടും 
എന്നെക്കുറിച്ച്  
ഞാൻ പറയാതിരുന്നിട്ടും
പിരിയും മുന്നേ, എപ്പോഴോ നീ ,
എന്റെ ഹൃത്തടം 
നിൻ പേരിലാക്കിയല്ലോ....!പലയിടത്തും കൊടുത്തു പഴകി
ദ്രവിച്ച കീറിത്തുന്നിയ പുസ്തകം പോൽ,
നിൻ ഹൃദയമിന്നെന്റെ മുന്നിൽ, 
എനിക്കെഴുതുവാൻ
താളുകളിലിടമില്ലാത്ത പോൽ !

ഒരേ ദിശയില്‍ സഞ്ചരിക്കുന്നവരായിട്ടുമെന്തേ 
നമ്മിലിത്ര മേല്‍ , ദിശ തെറ്റിക്കും ഭേദ ഭാവങ്ങള്‍ ?
തമ്മിലേറെ അടുത്തറിഞ്ഞിട്ടുമെന്തേയിത്ര മാത്രം 
അകലത്തായിരിപ്പൂ നാം മനോഗതികളില്‍.. ..!
തമ്മിലറിയുന്നവരെന്നതെന്റെ അറിവില്ലായ്മയോ ..?


real one

i became an unknown to my beloved ones.... 
And dearly to unknown ones 
And here am searching that who the real one 

And who the real me ...
After all these confusions ...
Who are the real ones..?