Tuesday 27 August 2013

ഒരു മരണം



ഇന്നത്തെ ഒരു മരണത്തെ കാറ്ററിയിച്ചത്
കുന്തിരിക്കം പുകയിലൂടെ !
ശബ്ദം അറിയിച്ചത് സമയമാം രഥത്തിൽ
അലമുറകളോടൊപ്പം !
വീഥികൾ നിറയെ വാഹനങ്ങളായും ആളുകൾ
കൂട്ടം കൂടിയും മരണം അറിയിച്ചു കൊണ്ടേയിരുന്നു
പ്രകൃതിയും കരയുന്നുണ്ടായിരുന്നു ആവുംപോലെ
പ്രിയമുള്ളോരാളാണോ എന്ന് മാത്രേ അറിയേണ്ടതുള്ളൂ
അല്ലായെങ്കിൽ പതിവുപോലെ തിരക്കുകളിലേക്കെന്ന
നിസ്സംഗത എന്നുള്ളിലും വളരുന്നെന്നെത്തെയും പോൽ !

പനംതത്ത


നാട്ടിലേക്കുള്ള വഴി ഇപ്പോഴും അങ്ങിനെ തന്നെ .. ! പച്ചപ്പുകൾക്ക് പോലും മാറ്റമില്ല . ഇപ്പോഴും സൈക്കിൾ ആണ് ഇവിടത്തെ ആഡംബര വാഹനം . ടൌണിൽ വന്നിറങ്ങിയപ്പോൾ ഈ കാളവണ്ടി കിട്ടിയത് ഭാഗ്യം . 20 വർഷം മുന്നേ ഇവിടം വിട്ടു പോകുമ്പോൾ ഇങ്ങനെ മടക്കം ഒരിക്കലും കരുതിയില്ല . ഈ മടക്കം എന്തിനാണ് എന്ന് പോലും ചിന്തിച്ചില്ല . ഇവിടെ ഈ പച്ചപ്പിന്റെ വഴിയിൽ ഈ പാടവരമ്പത്ത് വച്ചാണ് ഞാൻ അവളെ നോക്കി , " പച്ച പനംതത്തെ പുന്നാര പൂമുത്തെ " എന്ന് പാടിയത് . ഇവിടെ വച്ചാണ് അവളുടെ മടിയിൽ തല വച്ച് കിടന്നു ഭാവി സ്വപ്‌നങ്ങൾ കണ്ടത് . എല്ലാം മറക്കാൻ അവളോട്‌ പറഞ്ഞതും ഇവിടെ വച്ചാണ് . ഈ പാടവരമ്പത്ത് കൂടി പച്ചപട്ടുടുത്തു ദാവണിതുമ്പ് കാറ്റിൽ ഉലച്ചു ഒരു പൂമ്പാറ്റയെ പോലെ പാറി പാറി വരുന്ന അവളുടെ ചിത്രമാണ് ഇന്നും മനസ്സിൽ . ഒടുവിൽ പിരിയാൻ നേരം , അവളുടെ കരിമഷി പടർന്ന കണ്ണുകളിൽ മുത്തമിട്ടു ആ ഉപ്പുരസം എന്റെ ചുണ്ടുകളാൽ ഒപ്പിയെടുക്കുമ്പോൾ അതെന്റെ ആദ്യത്തെയും അവസാനത്തെയും ചുംബനമാണെന്ന തിരിച്ചറിവിൽ ഉള്ളുരുകുന്നുണ്ടായിരുന്നു . അവൾ എവിടെ ആയിരിക്കും ഇപ്പോൾ ? 20 വർഷം എന്തെല്ലാം മാറ്റം വന്നു കാണും . വീട്ടിൽ ആരെങ്കിലും കാണുമോ ....?
ഒടുവിൽ വീടിന്റെ പടിക്കലെത്തി . മുറ്റവും മരങ്ങളും അങ്ങനെ തന്നെ ഉണ്ടല്ലോ . വീടിനു പോലും മാറ്റമില്ല . ആരാണ് ഇത് നോക്കി നടത്തുന്നത് . ആകാംക്ഷയോടെ ആ പഴയ കതകിൽ മുട്ടി ..... കാത്തിരിപ്പിന്റെ കാലൊച്ചകൾ അടുത്ത് വരുന്നുണ്ടായിരുന്നു . ഒരേ ഒരു നിമിഷം കതകു തുറന്നത് ............. എന്റെ പനം തത്ത .. !
 

പെണ്കുരുന്ന്


കുരുന്നെ ... നിന്റെ പിടച്ചിൽ നിന്റെ കരച്ചിൽ
ഇളം മാംസത്തിൻ രുചിയറിഞ്ഞീടുവാൻ തെല്ലും
മടിക്കാതടുത്തുകൂടി ലഹരി തൻ നിമ്ന്നോതികളുടെ
വൈകൃതങ്ങൾ ഈ കുരുന്നു ദേഹത്തിലെമ്പാടും
കോറിയിടുമീ കാമ പിശാചുക്കൾ അവിഹിതമായി 
ജനിപ്പിച്ചവർ തന്നെ കീറിപ്പറിക്കാൻ കൂട്ടുനില്ക്കുന്നു
ബന്ധുക്കളെന്ന് നടിച്ചു ചിലർ ബന്ധത്തിനപവാദമാകുന്നു
വസ്ത്രത്തിൻ പിശകെന്നു പഴിക്കുന്നോർ നിങ്ങൾ
കുഞ്ഞിക്കുരുന്നിലും കാമം കാണുംപോൾ എന്തുണ്ട് ബാക്കി
പെണ്ണായി പിറക്കുവതോ ഇവൾ ചെയ്ത കുറ്റം ..?

പ്രണയം നീ ആണോ..?

നിന്നോടുള്ള എന്റെ പ്രണയം
ഞാൻ എന്റെ കണ്ണുകളിൽ
ഒളിപ്പിക്കുന്നു ആഴത്തിൽ
എന്റെ മനസ്സിൽ നിന്നോർമകൾ
വിടരുന്നതും ഒളിപ്പിക്കുന്നു
ഒരു കടലിന്റെ ആഴവും, പരപ്പും,
ദൂരവുമുണ്ടതിലേക്ക് ചെല്ലാൻ
അതിനുള്ളിലാണെന്റെ തോഴൻ
പ്രണയത്തിന്റെ ആഴവും പരപ്പും
ചിപ്പിക്കുളിൽ വെള്ളത്തുള്ളി പോൽ
ഒരു പക്ഷെ നാളെ ഈ കടലിൽ
അലിഞ്ഞു ഒരു മഴയായി പെയ്തേക്കാം
അല്ലെങ്കിൽ ചിപ്പിയിൽ അടഞ്ഞു
നാളുകൾക്കപ്പുറം ഒരു മുത്തായേക്കാം
വിലപിടിച്ചൊരു കണ്ണീർ മുത്ത്‌
ചിപ്പിയുടെ സ്വന്തം കണ്ണീർ മുത്ത്‌ ..
കടലിന്റെ ആഴവും പരപ്പും
അറിഞ്ഞു നീ വരുമ്പോൾ മാത്രം..
നിനക്കതെടുക്കാം എന്നെന്നേക്കുമായി
അവിടെ വച്ച് മാത്രം നീ അറിയും
എന്റെ പ്രണയം മഴയോ മുത്തോ
അപ്പോൾ മാത്രം ഞാനും അറിയും
എന്റെ പ്രണയം നീയാണോയെന്നും ..?

ശലഭം


ഉദ്യാനത്തിലെ എല്ലാ പൂവിലും രമിക്കുന്ന
ചിത്രശലഭം ആണ് നീ എന്നറിയാഞ്ഞിട്ടല്ല
എന്നെ കുത്തി നോവിച്ചു, എന്റെ ദളങ്ങൾ
കേടു വരുത്തും എന്ന് അറിഞ്ഞു തന്നെയാണ്
നിന്നെ ഞാനെന്റെ മാറോടടുക്കിയതും !
നിന്റെ മധുര ഭാഷണങ്ങളിൽ മതിമയങ്ങിയിട്ടുമില്ല
എല്ലാം അറിഞ്ഞിട്ടും നിന്നെ ഞാനെന്റെ കൂടെ കൂട്ടി
എന്തിനെന്നു പോലും ഇതുവരെ നോക്കിയിട്ടുമില്ല
നീ തരുന്ന മുറിവുകളിൽ ചോരയൊലിക്കാറുണ്ടെങ്കിലും
നീ വരുന്നതും നോക്കി കണ്ണു നട്ടിരിക്കാറുണ്ടു ഞാൻ !
ഓരോ പൂവിനേയും നീ കൊഞ്ചിക്കുന്നത് കാണുമ്പോൾ
ഒരിക്കലെങ്കിലും എന്നെ മാത്രമായി നീ സ്നേഹിച്ചെങ്കിൽ
എന്ന് മാത്രം വെറുതെ മോഹിക്കാറുണ്ട്‌ ഞാൻ !
ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും അതിനായി മാത്രം
തുടിക്കാറുണ്ടെൻ ഹൃദയ തന്ത്രികൾ എന്നുമെപ്പൊഴും !
അടങ്ങാത്ത പ്രണയമാവും ഹൃദ് രാഗങ്ങളാവുന്നതും
നിനക്കായി മാത്രം മീട്ടുന്ന സ്വരങ്ങളാവുന്നതും !

ഗാലിബ്


നോവുകൾ വേണ്ടായിനി
ഉണരട്ടെ മഹ്ഫിൽ
എനിക്കിന്ന് ആടണം
എവിടെ ഗാലിബ്
എവിടെ നർത്തകിമാർ 
കൊഴുക്കട്ടെ വാദ്യങ്ങൾ
നൂപുരം ചിതറി തെറിക്കും വരെ
ഞാൻ ആടുന്നു പാടുന്നു
ഇവിടെ വീണു മരിക്കും വരെ


പര്‍ദ്ദ


മുഖം മറച്ചു വലംകണ്ണാൽ നിന്നെ
ഇടം കണ്ണിട്ടു നോക്കുമ്പോളും
എന്റെ ഖൽബിൽ നീ നിറഞ്ഞെൻ
ഉയിരായിപ്പടരുമെന്നു നിനച്ചതേയില്ല !


മഴസന്ധ്യ


മഴനൂലുകൾ പെയ്തിറങ്ങുന്ന ഒരു സന്ധ്യയിലാണ്
നാം ആദ്യം കാണുന്നതും അവസാനം പിരിയുന്നതും
ഇതിനിടയിൽ അറിഞ്ഞതും പറയാതെ പോയതും
നമ്മുടെ സ്നേഹബന്ധത്തിൽ ഉടലെടുത്ത ആ
മൃദുവികാരം മാത്രമായിരുന്നു, നാം കണ്ടില്ലെന്നു 
നടിച്ചതും പ്രണയം എന്നതൊന്നു മാത്രമായിരുന്നു
എന്തിനായിരുന്നു അതൊക്കെയും മറച്ചു വച്ചതും
ഒന്നും മനസ്സിലാക്കിയില്ലെന്നു നടിച്ചതും ..?
അവസാനം കരയുന്ന പ്രകൃതിയെ സാക്ഷിയാക്കി
നിന്നോട് യാത്ര ചൊല്ലാൻ വരുമ്പോൾ, എന്നിലെ
ഉള്ളിലെ നീറ്റൽ പോലെ ആ സന്ധ്യയും വിതുമ്പുന്നു .
ഈയൊരു വേർപിരിയലിനു വേണ്ടി മാത്രമാണോ
നാം അന്ന് ആ നനഞ്ഞ സന്ധ്യയിൽ കണ്ടുമുട്ടിയത്‌ .
നിന്റെ ചുണ്ടുകളിൽ അവസാനമായി എന്നോട്
പറയാൻ ബാക്കി വച്ച ആ വാക്കുകൾ ഞാൻ
വായിച്ചെടുക്കുമ്പോൾ നിന്റെ മുഖത്തും
ഞാൻ കാണാൻ കൊതിച്ച ആ പ്രണയഭാവം..!
അവിടെ വച്ച് നിന്റെ ദേഹം കത്തിയമരുന്നതും
നിന്റെ ദേഹി എന്നിലേക്ക്‌ ആവേശിക്കുന്നതും
ഒരു ഉന്മാദമെന്നിൽ പടരുന്നതും ആത്മഹർഷത്തോടെ
അറിയുമ്പോളൊന്നു കൂടി ഞാനറിഞ്ഞു എന്റെ പ്രണയം
എന്നെ വിട്ടു പോകാതെന്റെ കൂടെത്തന്നെയുണ്ടെന്നും
ഭൂമിയിൽ പ്രണയത്തിനു മരണമില്ലെന്നും
പ്രണയമാണ്‌ ശാശ്വതസത്യമായ വികാരമെന്നും ..!

കൃഷ്ണാ ...



എപ്പോഴാണ് നിന്റെ മുഖത്ത് നോക്കാതെയുള്ള
ആ കള്ളച്ചിരി എന്നെ ആകർഷിച്ചു തുടങ്ങിയത് ?
ആ നുണക്കുഴികളിൽ ഞാൻ ഒരു സമുദ്രത്തിന്റെ
ചുഴികൾ കാണാൻ തുടങ്ങിയത് , കണ്ണുകളിൽ
എന്നോടുള്ള പ്രണയത്തിന്റെ നീലിമയുടെ 
ആഴം അളക്കാൻ തുടങ്ങിയത് ?
നിന്റെ കവിതകളിൽ ഞാൻ എന്നെ
വായിച്ചു തുടങ്ങിയത് എപ്പോഴാണ് ?
എന്റെ രാധാകൃഷ്ണ പ്രണയം നീ
മാത്രമെന്ന് തിരിച്ചറിഞ്ഞത് !
ദേവകളുടെ ദുന്ദുബികളിൽ
യക്ഷകിന്നരഗന്ധർവ്വന്മാരുടെദേവസന്ഗീതത്തിൽ
ഓടക്കുഴൽ വിളി നാദങ്ങളിൽ എല്ലാം മറന്നു
നമ്മൾ വൃന്ദാവനത്തിൽ ആടിപ്പാടി രാസലീലകളിൽ മുഴുകി
കടന്ബിന്റെ ചുവട്ടിൽ കാളിന്ദി തീരത്തിൽ
വൃന്ദാവന നികുന്ജങ്ങളിൽ, നീ എന്റെ മടിയിൽ
തല വച്ച് കിടന്നു എന്റെ പാട്ട് കേട്ട് മതി മയങ്ങി ..!
അപ്പോഴൊക്കെയും നീ ഞാനും ഞാൻ നീയും അല്ല
നമ്മൾ ഒരൊറ്റ അംശത്തിൽ നിന്ന് രണ്ടായി
ഉയിർകൊണ്ടവർ എന്നും നാം തിരിച്ചറിഞ്ഞു ...!

കാത്തിരിപ്പ്


കാറ്റും കോളും നിറഞ്ഞ ഈ സന്ധ്യയിലും
നിനക്കറിയാതെ പോയ ഈ കാത്തിരിപ്പിലും
ഈ ജീവിത തോണിയിലേറി ഞാനീ തീരത്ത്
ഇന്നും ഞാനീ ഏകാന്തതയിൽ നിന്നെ മാത്രം
നിനക്കായി മാത്രം പ്രതീക്ഷയോടെ !
നിന്റെ വാക്കുകളുടെ ഇന്ദ്രജാലങ്ങള്‍
എന്നെ ആർദ്രമാക്കിയിട്ടല്ല മോഹിച്ചതും
കൊതിച്ചത് , നേരുള്ള മനസ്സിന്റെ നോവുകള്‍
എന്നിലേക്ക്‌ ആവാഹിക്കാൻ മാത്രം
അത് നിന്റെ വേദനകൾക്കു ആശ്വാസമാകാൻ
തിരികെ വരില്ലെന്നറിഞ്ഞിട്ടും കാത്തിരിക്കുന്നതും
നീ നല്കിപ്പോയ കരുതലുകൾക്ക് പകരമായി ,
സുഖമുള്ള പിണക്കങ്ങള്‍ത്തീർത്ത് നൊമ്പരകൂട്ടുകള്‍
മറന്നു എന്നോട് മനസ്സൊന്നു തുറന്നിരുന്നെങ്കില്‍
എന്ന് മാത്രം ആർത്തിയോടെ ലാളിച്ച എന്റെ ഇഷ്ടം
എന്നെങ്കിലും ആ നിദ്രാ വിഹീന രാവുകള്‍ ഒരിക്കൽ കൂടി
പകരുവാൻ മഞ്ഞിന്റെ ആർദ്രത വീണ്ടും എന്നിൽ
കുളിർപ്പിക്കാൻ എന്നെങ്കിലും നിന്റെ മടക്കത്തിനായി
മടങ്ങി വരില്ലെന്നറിഞ്ഞിട്ടും ഞാൻ ഈ തോണിയിൽ
നിന്നെയും കാത്തു ഇവിടെ തനിച്ചിരിക്കുന്നു.. വരൂ...!

വെറുപ്പ്


എനിക്ക് വെറുപ്പാണ്
---------------------------------
ഈ മുഖപുസ്തകത്തില്‍
ആരാ എന്താ എന്നറിയാതെ
സൗഹൃദം തുടങ്ങുംമുന്നേ
പ്രണയമെന്ന പരിശുദ്ധ
വികാരത്തെ വാക്കുകളാല്‍
അമ്മാനമാടി നശിപ്പിക്കുന്ന
ആണിനോടും പെണ്ണിനോടും
എനിക്ക് വെറുപ്പാണ്...

സൗഹൃദത്തെ കൊല്ലുന്ന,
പ്രണയത്തിന്‍റെ ആത്മാവിനെ
കൊല്ലുന്ന, കപടതകളുടെ
സദ്‌-ദുരാചാരികളോടുമെനിക്ക്
വെറുപ്പാണ് , വെറുപ്പ്‌ മാത്രം

പ്രണയം വാചക കസര്‍ത്തുകളില്‍
പൊയ്മുഖം കെട്ടിയാടുമ്പോള്‍
എനിക്കീ മുഖപുസ്തകവും
കപടതകളുടെ മൂര്‍ത്തീഭാവം!!
ഗുണങ്ങളെ മാത്രം സ്വാംശീകരിക്കൂ,
നല്ല സൗഹൃദങ്ങള്‍ സൃഷ്ടിക്കൂ,
ചതികളില്‍ പെടാതിരിക്കൂ,

ആണായാലും പെണ്ണായാലും
ബന്ധങ്ങളില്‍ പരിമിതികള്‍ വയ്ക്കൂ,
ആരും ആരെയും മുഴുവനായി
വിശ്വസിക്കാതിരിക്കൂ,
മനസ്സില്‍ കടത്താതെ പോകൂ...

എങ്കില്‍... എങ്കില്‍ മാത്രമീ
കാപട്യലോകം നാമാസ്വദിക്കും
മറിച്ചെങ്കില്‍, ദുഃഖം മാറ്റാന്‍
ആശങ്കകള്‍ മറക്കാന്‍വന്ന നമുക്ക്
മറ്റൊരു ഭീതിത ദു:ഖമേറ്റി മടങ്ങാം..

വെറുപ്പുകളുടെ വികാരങ്ങള്‍
നെഞ്ചിലേറ്റി മടങ്ങാം ഇങ്ങനെ
എനിക്ക് വെറുപ്പാണെന്നോതാം..
എനിക്ക് വെറുപ്പാണ്..! വെറുപ്പാണ്..!
Like ·  · Unfollow Post · Share · Edit

മഞ്ഞക്കിളി

ഇന്നലെയെൻ ഉദ്യാനത്തിൽ ഞാൻ കണ്ട
മഞ്ഞക്കിളീ നീ മടങ്ങി പോയപ്പോൾ
നിന്നെക്കുറിച്ച് ഞാൻ കണ്ട കിനാക്കൾ
എന്നെ കളിയാക്കി ചിരിക്കുന്നു !
എത്ര സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയാ -
യൊറ്റ കാഴ്ചയിൽ തന്നെ നിന്നെക്കുറിച്ച്
എന്നുള്ളിലുറങ്ങും ആണ്‍കിളിക്കു
മറ്റൊരു തുണ ഇനിയില്ലെന്നുറപ്പിക്കെ
എന്റെ നെഞ്ചിൻ താളം തെറ്റിച്ചെങ്ങു പോയ്‌
നീയെന്റെ മഞ്ഞക്കിളി എങ്ങു പോയി ?
നീറിപ്പടർത്തും നൊമ്പരക്കാറ്റിൽ
എൻ സ്വപ്നങ്ങളാകും അത്തിപ്പഴങ്ങൾ
കൊഴിയുന്നത് ആലിപ്പഴങ്ങൾ പോലെ
എങ്ങു പോയി നീയെന്റെ മഞ്ഞക്കിളീ !


മുറിവുകള്‍

നീ.... ഇടയ്ക്ക് വരും ചോര വാർന്ന
എന്റെ മുറിവുകൾ ഉണങ്ങും മുന്നേ
എന്നിട്ട് എന്നിലേക്ക്‌ വീണ്ടും നിന്റെ
സ്നേഹത്തിൻ കത്തി കൊണ്ട് കുത്തും
വീണ്ടും ചോരയൊലിക്കാൻ തുടങ്ങുമ്പോൾ
കുത്തുകളിട്ട് പോകും വീണ്ടും വരാൻ...
ഞാനോ... തിരിച്ചു കിട്ടുമെന്നൊരു പ്രതീക്ഷ
പോലുമില്ലാതെ ,എന്നില്‍ നിന്ന് നിന്നിലെക്കൊഴുകുന്ന
എന്റെ മനം നിറഞ്ഞ ചിരിയാണ് നിന്നോടുള്ള സ്നേഹം
എന്റെ കണ്ണിൽ നിന്നോടുള്ള സ്നേഹത്തിൻ തിളക്കമുണ്ട്
അതാണെനിക്ക് നിനക്കായി കരുതി വയ്ക്കാനുള്ളതും !
അന്ത്യം വരെ നമുക്കിത് തുടർന്ന് പോകാം .

എനിക്ക് നിന്നോടുള്ളത്

എനിക്ക് നിന്നോടുള്ള സ്നേഹത്തിൽ ,
പേരിടാത്ത , അളവില്ലാത്ത രൂപ
ഭാവ സൌന്ദര്യ സ്ഥാന വികാരങ്ങൾക്ക്
അടിമപ്പെടാത്തതും അനുസ്യൂതം
എന്നിൽ നിന്ന് നിന്നിലേക്കൊഴുകുന്നതും
സൗഹൃദം പ്രണയമെന്ന ചട്ടക്കൂട്ടിൽ
ഒതുക്കാനിഷ്ടപ്പെടാത്തതും ആണ് .
തേച്ചു മിനുക്കിയ ഓട്ടുവിളക്കു പോൽ
ഐശ്വര്യമാർന്നതും പരിശുദ്ധവും ആണ്.
എന്റെ ദുഃഖങ്ങൾ സന്തോഷങ്ങൾ
ഞാനാദ്യം പങ്കിടുന്നത് നിന്നോടാണ് .
നമുക്കിടയിൽ പിടിച്ചടക്കലുകളില്ല
നേടലുകളില്ല , ത്യാഗങ്ങളില്ല , കൊടുക്കലുകളില്ല
എന്നിട്ടും എന്തോ ഒന്ന് നമ്മെ അടുപ്പിച്ചു
നിറുത്തുന്നു ഒഴുകും പുഴയ്ക്കു കരയോടുള്ള പോൽ !

കണ്ടുമുട്ടല്‍

ഇവിടെ വച്ചാണ് നമ്മൾ അവസാനം കണ്ടത് .
യാത്ര പറയുമ്പോൾ ഒന്ന് വിതുംബിയിരുന്നു 
ഞാനും നീയും ! 
ഇപ്പോൾ ഇത്രയും വർഷങ്ങൾക്കു ശേഷം 
അതേ ഇടം, അതേ സമയം ... ഞാൻ നിന്നെ 
കാത്തിരിക്കുന്നു ഇവിടെ !
25 വർഷങ്ങൾ... ഞാൻ മാറി , നീയും !
മാറ്റമില്ലാത്തത് എന്റെയും നിന്റെയും
സ്നേഹത്തിനു മാത്രം !
നിന്റെ നുണക്കുഴിയും , എന്റെ ചിരിയും
നമ്മുടെ കൂട്ടുകാർക്കിടയിൽ എന്നും
ചർച്ചാവിഷയം ആയിരുന്നു !
നമ്മുടെ സൗഹൃദം ആരെയും അസൂയപ്പെടുത്തുന്നതും
നമ്മെപ്പോലെ നാം മാത്രം എന്നൊരു അഹങ്കാരം
കൂടി നമുക്കുണ്ടാരുന്നു !
അതാ നീ വരുന്നത് എനിക്ക് കാണാം ...
നിന്റെ ആ ചുരുണ്ട മുടിക്കും മാറ്റമില്ല
നിന്റെ കണ്ണുകൾ എന്നെ തേടുന്നതും കാണുന്നു...!

കളിപ്പാട്ടം



ഒരു പാടാശിച്ചു
വാങ്ങിയോരാ
കളിപ്പാട്ടമെന്തിനു
എറിഞ്ഞുടച്ചൂ നീ
കളിച്ചു കളിച്ചു 
നിൻ മനം മടുത്തിട്ടോ
വേറെ കളിപ്പാട്ടത്തോടാശ
തോന്നിയിട്ടോ...?
കളിപ്പാട്ടമൊന്നു വേറെ
കിട്ടിയെങ്കിൽ ഇതിനെ
എറിഞ്ഞുടയ്ക്കാതെ
ഓരത്ത് വയ്ക്കാമായിരുന്നില്ലേ ...?


വസന്തം


ഞാൻ എല്ലാവരുടെയും വസന്തമാണ് ..!
എന്നാൽ ആരുടേയും സ്വന്തവുമല്ല ...
ഇനിയും നിന്‍ സ്വാർത്ഥ വാക്കുകള്‍
തന്‍ മേഘങ്ങള്‍ , എന്നിലെക്കൊരു
മഴ പോല്‍ പെയ്തിറക്കില്ലെങ്കില്‍ ,
നിനക്ക് ഞാനെന്‍ വസന്തം പകരാം ...!
അതിലെന്റെ ജീവന്റെ നേരുണ്ട്..
എന്നിലെ സൌഹൃദ മരത്തിൽ നിറയെ
സ്നേഹത്തിൻ സുഗന്ധ പൂക്കളുണ്ട് ,
നിന്നിലെ പ്രണയത്തെ ആവാഹിച്ചോരാ
മധുവൂറും ഓർമ്മ തൻ മാമ്പഴക്കനിയുണ്ട്,
തേൻ നുകരാൻ വരും ചിത്രശലഭങ്ങളോടും
പഴങ്ങൾ തിന്നാൻ വരും അണ്ണാറക്കണ്ണനോടും
എന്റെ വസന്തത്തിന്നൊരേ വികാരം
നിറഞ്ഞ ചിരിയിലൊതുക്കും സ്നേഹം
എന്നെ ഞാനായിക്കണ്ട് സ്നേഹിക്കൂ
എനിക്ക് ഞാൻ പോലും സ്വന്തമല്ല
വസന്തമാണ് ഞാൻ.. പങ്കിടുക എന്നെ !
സ്വന്തമെന്ന സ്വാർത്ഥതയുടെ മഹാമാരി
ചൊരിയാതിരിക്കൂ.. എന്റെ വസന്തത്തിൻ
സ്നേഹപ്പൂക്കളെ തല്ലിക്കൊഴിക്കാതിരിക്കൂ..
ഞാൻ എല്ലാവരുടെയും വസന്തമാകുന്നു !

ഈഡിപ്പസ്



ഈഡിപ്പസ്
--------------------------------
പിതൃ ഘാതകൻ മാതൃ വരണൻ
എന്ന ശാപം മാറാൻ കൊല്ലാൻ വിധിക്കപ്പെട്ടവൻ
ദത്തു പുത്രനാകാൻ നിയോഗിക്കപ്പെട്ടവൻ 
ദത്തുപുത്രനെന്നറിഞ്ഞപ്പോൾ രാജ്യം ത്യജിച്ചവൻ
അലച്ചിലിനൊടുവിൽ സ്ത്രീമുഖവും സിംഹ ശരീരവുമുള്ള
വിചിത്രജീവിയുടെ ഒരൊറ്റ ചോദ്യത്തിനുത്തരം കൊടുത്തവൻ
പ്രഭാതത്തിൽ നാലുകാലും ഉച്ചയ്ക്ക് രണ്ടുകാലും
സായാഹ്നത്തിൽ മൂന്നു കാലും ആർക്കെന്ന
ചോദ്യത്തിനുത്തരം"മനുഷ്യൻ " എന്ന്
പറഞ്ഞവരെ പരാജയപ്പെടുത്തിയവൻ..
മാതാവിനെ വരണമാല്യം ചാര്‍ത്തിയവന്‍
പിതാവിനെ ആളറിയാതെ കൊന്നവന്‍
തിരസ്കരിക്കപ്പെട്ട രാജ്യം നേടിയെടുത്തവന്‍
സ്വജീവിതം ലോകര്‍ക്ക് മുന്നില്‍ ദുരന്തമാക്കിയവന്‍
"ഈഡിപ്പസ് ദുരന്തം" എന്ന പഴഞ്ചൊല്ലില്‍
സ്വന്തം പേരനശ്വരമാക്കിയവന്‍, "ഈഡിപ്പസ് " 

ഓര്‍മ്മകള്‍


ഒരു പിടി ഓർമ്മകൾ
എന്നിലേക്ക്‌ പകർന്നിട്ടു
നീ മറഞ്ഞപ്പോൾ
എന്റെ മറവികളിൽ
ഓർമ്മ മാത്രമായി 
മറവി എന്തെന്നു
ഞാൻ മറന്നും പോയി ...!
മറക്കുവാനായിരുന്നെങ്കിൽ
നിന്റെ ഓർമ്മകളെ
ഞാൻ എന്നെ മറന്നേനെ ...
എന്റെ മറവിയെ
തിരിച്ചു തരൂ..
നിന്റെയീ ഓർമ്മകളെ
തിരിച്ചെടുക്കൂ എന്നിൽ
നിന്നെന്നെന്നേക്കുമായി ..!

അമ്മ

അമ്മ 
-------------
ഞാൻ ഒരമ്മയാണ് 
ആകുലതകളുള്ളോരമ്മ 
മക്കൾ തൻ ഭാവിയിൽ
വ്യാകുലതകളുള്ളോരമ്മ


മക്കൾക്കു നേർവഴിയും
നല്ല ഭാവിയും ലഭ്യമാവാൻ
പ്രാർത്ഥനകളോടിരിക്കുന്നോരമ്മ
പുറംലോകത്തേക്കിറങ്ങുന്നവർ
വീട്ടിൽ തിരികെയെത്തും വരെ
ആധി പൂണ്ടിരിക്കുന്നോരമ്മ
"we r grown up mum " എന്നു ചൊല്ലും
വലിയ മക്കളുള്ളോരമ്മയെങ്കിലും
മക്കൾക്കെത്ര മക്കളുണ്ടായാലും
മക്കളെന്നും അമ്മയ്ക്കു മക്കൾ
തന്നെ എന്നു ചിന്തിക്കുന്നോരമ്മ
അതെ... ഞാനിന്നും അമ്മയാണ്
അമ്മയേക്കാൾ പൊക്കമുള്ള മക്കളമ്മയെ
കുഞ്ഞാക്കുന്നതു കണ്ടു രസിക്കുന്നോരമ്മ !
================================

ആശീര്‍വാദങ്ങള്‍

തികഞ്ഞ ശാന്തതയാണ് ...
പെരു മഴ പെയ്തൊഴിഞ്ഞു.
ആകാശം നീല നിറം ചൂടി
ഉള്ളു കുളിർപ്പിച്ച മഴയുടെ
തന്ത്രികളിൽ നിന്നുതിർന്ന
സംഗീതം എന്റെ മനസ്സിലെ 
അരണ്ട ആശങ്കകളെയും
ഒഴുക്കി കളഞ്ഞു ശുദ്ധമാക്കി ,
നീട്ടപ്പെട്ട കരങ്ങളിൽ വെണ്ണ പോൽ
ഉരുകുന്ന സ്വാർത്ഥ സ്നേഹത്തെ
കണ്ടു ഹൃദയവും പരിശുദ്ധപ്പെട്ടു ..
കാര്യസാദ്ധ്യങ്ങൾക്കായി മാത്രമുള്ള
സ്നേഹത്തിൻ അർത്ഥതലങ്ങൾ
എന്നെ സ്പർശിക്കാതെ പോകുന്നത്
എന്റെ നിഷ്കളങ്ക സ്നേഹത്തിനു
കിട്ടിയ വരദാനമെന്നു വിശ്വസിക്കുന്നു
എന്റെ സ്നേഹം കേടുകൂടാതെ
കാത്തു സൂക്ഷിക്കാനും , സ്വാർത്ഥതയുടെ
കറ പുരളാതെയും സ്വാർത്ഥരുടെ
കയ്യിലകപ്പെടാതെയും നില നിർത്തുവാനും
എന്റെ അസ്തിത്വങ്ങൾക്കു വിഘ്നം
വരുത്താതെയും സ്നേഹത്തിൻ വസന്തം
എല്ലാവരിലേക്കും സുഗന്ധമായി പടർത്തുവാനും
ഇനിയും എന്നെ അനുഗ്രഹിക്കൂ .. ആശീർവദിക്കൂ...!