Tuesday 27 August 2013

പനംതത്ത


നാട്ടിലേക്കുള്ള വഴി ഇപ്പോഴും അങ്ങിനെ തന്നെ .. ! പച്ചപ്പുകൾക്ക് പോലും മാറ്റമില്ല . ഇപ്പോഴും സൈക്കിൾ ആണ് ഇവിടത്തെ ആഡംബര വാഹനം . ടൌണിൽ വന്നിറങ്ങിയപ്പോൾ ഈ കാളവണ്ടി കിട്ടിയത് ഭാഗ്യം . 20 വർഷം മുന്നേ ഇവിടം വിട്ടു പോകുമ്പോൾ ഇങ്ങനെ മടക്കം ഒരിക്കലും കരുതിയില്ല . ഈ മടക്കം എന്തിനാണ് എന്ന് പോലും ചിന്തിച്ചില്ല . ഇവിടെ ഈ പച്ചപ്പിന്റെ വഴിയിൽ ഈ പാടവരമ്പത്ത് വച്ചാണ് ഞാൻ അവളെ നോക്കി , " പച്ച പനംതത്തെ പുന്നാര പൂമുത്തെ " എന്ന് പാടിയത് . ഇവിടെ വച്ചാണ് അവളുടെ മടിയിൽ തല വച്ച് കിടന്നു ഭാവി സ്വപ്‌നങ്ങൾ കണ്ടത് . എല്ലാം മറക്കാൻ അവളോട്‌ പറഞ്ഞതും ഇവിടെ വച്ചാണ് . ഈ പാടവരമ്പത്ത് കൂടി പച്ചപട്ടുടുത്തു ദാവണിതുമ്പ് കാറ്റിൽ ഉലച്ചു ഒരു പൂമ്പാറ്റയെ പോലെ പാറി പാറി വരുന്ന അവളുടെ ചിത്രമാണ് ഇന്നും മനസ്സിൽ . ഒടുവിൽ പിരിയാൻ നേരം , അവളുടെ കരിമഷി പടർന്ന കണ്ണുകളിൽ മുത്തമിട്ടു ആ ഉപ്പുരസം എന്റെ ചുണ്ടുകളാൽ ഒപ്പിയെടുക്കുമ്പോൾ അതെന്റെ ആദ്യത്തെയും അവസാനത്തെയും ചുംബനമാണെന്ന തിരിച്ചറിവിൽ ഉള്ളുരുകുന്നുണ്ടായിരുന്നു . അവൾ എവിടെ ആയിരിക്കും ഇപ്പോൾ ? 20 വർഷം എന്തെല്ലാം മാറ്റം വന്നു കാണും . വീട്ടിൽ ആരെങ്കിലും കാണുമോ ....?
ഒടുവിൽ വീടിന്റെ പടിക്കലെത്തി . മുറ്റവും മരങ്ങളും അങ്ങനെ തന്നെ ഉണ്ടല്ലോ . വീടിനു പോലും മാറ്റമില്ല . ആരാണ് ഇത് നോക്കി നടത്തുന്നത് . ആകാംക്ഷയോടെ ആ പഴയ കതകിൽ മുട്ടി ..... കാത്തിരിപ്പിന്റെ കാലൊച്ചകൾ അടുത്ത് വരുന്നുണ്ടായിരുന്നു . ഒരേ ഒരു നിമിഷം കതകു തുറന്നത് ............. എന്റെ പനം തത്ത .. !
 

No comments:

Post a Comment