Friday 19 July 2013

ഒരു യാത്രയിലേക്ക് ....


അന്നു ഞാൻ കണ്ടിട്ടും കാണാതെ നടിച്ചോരാ
അൻപെഴും മിഴികളിൽ തുളുമ്പുന്ന സ്നേഹം
അകലത്തായി മാറ്റി നിറുത്തുംപോഴും

ആർദ്രമായ സ്നേഹത്തിൻ നിലാവെളിച്ചം
ആരിൽ തുടക്കവും ഒടുക്കവും അജ്ഞാതം എങ്കിലും
ആഴി തൻ പരപ്പും വിസ്തൃതിയും ഏകിയും
ആഴത്തിൽ പൂഴ്ത്തി വച്ചോരാ മുഗ്ദ പ്രണയവും

ഇടറുന്നോരെന്റെ കാലടികളും മനവും
ഇന്നിനി വരാത്തവണ്ണം ആ കിളിമൊഴികളെൻ
ഇടനെഞ്ചിൽ തപിച്ചു നീറ്റുന്നു അടക്കിയ നിലവിളി പോൽ !
ഇവിടെ ഒരു യാത്ര പറച്ചിലുകൾക്കായി പോലും
ഇനിയൊട്ടു വരില്ല നിൻ തിരുശേഷിപ്പുകൾക്കു മുന്നിൽ

ഈറൻ നിലാവുകൾ അരുമയായി പൊഴിയും രാവുകളിൽ
ഈറ്റ കുടിലൊന്നിൽ നിദ്ര പുണരാത്ത എന്റെ കണ്‍കളിൽ...
ഈ ശിലാ ബിംബത്തിലല്ല എൻ മനോ മുകുരത്തിലാണ്
ഈ ഈറൻ മിഴികളിലാണ് എൻ പ്രിയതെ നീയുറങ്ങുന്നത് ..,
ഈ പാഴ് ദേഹമാണ് നിനക്കുള്ള എന്റെ സ്മാരകം ...
ഈ ഓർമകളിൽ ആണു നിനക്കുള്ള പുനർജീവനം..!
 —

ഭഗോതി തെയ്യം


കയ്യിൽ പള്ളി വാളും കാലിൽ ചിലമ്പുമണിഞ്ഞു
ന്റെ ഭഗോതി എഴുന്നെള്ളത്തായീരിക്കുന്നു...!
നെറ്റിയിൽ ചുവന്ന സൂര്യൻ, ചുവന്ന പട്ടിൽ തീയുടെ വശ്യ സൌന്ദര്യം,
ചന്ദ്ര മുഖ കമലത്തിൽ എനിക്കുള്ള കാരുണ്യം ,
കൈയ്യിൽ നെൽക്കതിരെടുത്തുലച്ചും കൊണ്ടായമ്മ വരവായി
ചിന്നി ചിതറും മുടിയിഴകളിൽ മിന്നൽ പിണരുകൾ തൻ
വെള്ളി വെളിച്ചം എന്നിലേക്കും പടർത്തുന്നമ്മ
മുക്കൂത്തി കല്ലിൻ തിളക്കം നിലാവ് പോലെന്നിൽ നിറയുന്നു
കണ്ണുകളിൽ ദുഷ്ട നിഗ്രഹ ലാഞ്ചന , എന്നിലെ ദുഷ്ടത പാടെ നീക്കുന്നു
ചെംചുണ്ടുകളിലെ വശ്യതയിൽ ഞാൻ മയങ്ങി നില്ക്കുന്നു
എന്നിലെ കറകൾ നീക്കാനായമ്മ എന്നെ ചേർത്തണയ്ക്കുന്നു
പരാശക്തി രൂപമെന്നിൽ നിറയുന്നു ഞാനെന്നെ മറക്കുന്നു
ന്റെ ഭഗോതി എന്നിൽ വെളിച്ചം നിറച്ചലിയുന്നു !

ഒരു പ്രണയ ദുരന്തം



എന്റെ ഈ കഥയ്ക്ക്‌ ജീവിച്ചിരിക്കുന്നവരോ , മരിച്ചവരോ ആയ ആരോടും ഒരു ബന്ധവുമില്ല . ഇനി അങ്ങിനെ തോന്നുന്നുണ്ടെങ്കിൽ എന്റെ തെറ്റല്ല . നിങ്ങളുടെ മനോധർമ്മം പോലെ ഓരോന്ന് ചിന്തിക്കാൻ നിങ്ങള്ക്ക് സ്വാതന്ത്ര്യമുണ്ട് . ഇത് പോസ്റ്റി കഴിഞ്ഞു എന്നെ ആരെങ്കിലും കുഴിച്ചു മൂടിയാൽ അതവരുടെ മാനുഷിക മൂല്യവും ധാർമികതയും കൊണ്ടാണെന്ന് മനസ്സിലാക്കി അവരോടു ക്ഷമിക്കുക . ഇനി നമുക്ക് കഥയിലേക്ക്‌ വരാം...!

ഈ കഥ തുടങ്ങുന്നത് എന്റെ ചവിട്ടു നാടക കളരി പരിപാടി ബുക്ക്‌ ചെയ്യാൻ കൊച്ചാട്ടൻ എന്ന് പിന്നീടു ഞാൻ ഓമന പേരിട്ടു വിളിച്ച എന്റെ നായകൻ ആദ്യമായി എന്റെ മുന്പിൽ വന്നപ്പോഴാണ് . അന്നത്തെ പരിപാടി കഴിഞ്ഞു മടങ്ങുമ്പോൾ , സന്തോഷം കൊണ്ട് , എന്റെ കൊച്ചാട്ടൻ എനിക്കൊരു ഡയമണ്ട് നെക്ളസ് തന്നു ! സത്യം പറഞ്ഞാൽ അതായിരുന്നു എന്റെ മനസ്സിനെ പിടിച്ചു കുലുക്കിയതും . അപ്പോൾ ഞാൻ മനസ്സില് കരുതി ഇങ്ങേരു കൊള്ളാല്ലോ ... എന്ന് . പിന്നീടു , ഇടയ്ക്കിടെ എന്റെ കളരിയിൽ വരും പരിശീലനം കാണും , കുട്ടികൾക്കൊക്കെ സ്വീറ്റ്സ് കൊടുക്കും . പതിയെ , പതിയെ എന്റെ ഹൃദയം കവർന്നു അവന്റെ ആ വരവുകൾ . ഒരു ദിവസം എന്റെ പിറന്നാളിന് എന്നെ ഞെട്ടിച്ചു കൊണ്ട് എനിക്കൊരു കാർ സമ്മാനമായി തന്നു . പിന്നെ പറയേണ്ടല്ലോ , ഞങ്ങൾ ഒരുമിച്ചു യാത്രകൾ പോയി . എന്റെ വീടിന്റെ പാല് കാച്ചലിന് വന്നു . സമ്മാനം തന്നില്ല , പകരം എനിക്കൊരു ഓഫർ തന്നു . ആ വീട് ഞാൻ സൂര്യ താപനം കൊണ്ട് വൈദ്യുതീകരിക്കാൻ . പകുതി പണം കൊച്ചാട്ടൻ കൊടുത്തോളാമെന്നു പറഞ്ഞു . അങ്ങിനെ ഞാൻ കൊടുത്തു ... വൈദ്യുതീകരിച്ചില്ലെന്നതു പോകട്ടെ, എനിക്ക് അടുത്ത ഓഫർ തന്നു കൊച്ചാട്ടന്റെ ജീവിതത്തിലേക്ക് തുണയും കൊണ്ട് ചെല്ലാൻ . മനസ്സില് ലഡ്ഡു പൊട്ടി .

ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത് , മൂന്നാമത്തെ തുണയ്കാണെന്നും എനിക്ക് തന്ന സമ്മാനം എന്റെ കൈയ്യിൽ നിന്ന് പറ്റിച്ച കാശിന്റെ പകുതി പോലും ആയില്ലെന്നും . ഒരു കോടീശ്വരനല്ലേ , കൂടെ കൂട്ടിയാൽ സുഖ ജീവിതം എന്നൊക്കെയല്ലേ കരുതിയത്‌ .. ങാ .. പോട്ടെ , സാരമില്ല , എന്നേലും എന്റെ സ്നേഹം മനസ്സിലാക്കാൻ ഒരാള് വരും . എന്നാലും ഒരു പെണ്ണിനെ ഇങ്ങനെ പ്രേമിച്ചു ചതിക്കാൻ പാടുണ്ടോ ... നിന്നോടൊക്കെ ദൈവം ചോദിക്കും .. യെസ് ഗോഡ് വിൽ പണിഷ് യു !

ഞാനിപ്പോള്‍ ജയിലിലുമായി .... ആ പാട്ടും കൂത്തും ആയി കഴിഞ്ഞാല്‍ മതിയായിരുന്നു . ഒരു കല്യാണം കഴിക്കാമെന്ന് വിചാരിച്ചത് കൊണ്ടുള്ള ഓരോ വിനകളെ ...  വിനാശകാലേ വിപരീത ബുദ്ധി !

ഒരു അപൂര്‍ണ കഥ


ഒരു തുടക്കം എന്നായിരുന്നു എന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല . അല്ലെങ്കിലും ഓരോന്നായി വിസ്മൃതിയിലേക്ക് പോകുന്നുണ്ട് പലപ്പോഴായി . എന്നും ഒരേ റൂട്ടിൽ പോകാൻ തുടങ്ങിയിട്ട് നാളുകൾ കുറെ ആയി . ഇപ്പോൾ ഓർക്കുന്നു മൂന്നു മാസങ്ങൾക്ക് മുന്നേ ആയിരുന്നു ആദ്യത്തെ കാഴ്ച . രാത്രി കടലുണ്ടി പാലം കഴിയുമ്പോൾ എത്ര ശ്രമിച്ചാലും ബ്രേക്ക്‌ ആവുന്ന പോലെ തീവണ്ടിയിൽ ഒരു മാറ്റം വരും ! പിന്നെ എന്റെ കാബിനിൽ ഒരു നേർത്ത സുഗന്ധം നിറയും . ചന്ദനത്തിന്റെയും, രാമച്ചത്തിന്റെയും ഒരു സമ്മിശ്ര ഗന്ധം . ആഹാ ..... അതിലൊരു സുഖമുള്ള കുളിരും നനവും കൂടി കാണും , ആ പുഴയുടെ ഈർപ്പവും ..! എങ്ങിനെയാ ആ സാമീപ്യം പറയുക ... ങാ ... നല്ല മഴയത്തോ , കുളത്തിലോ പുഴയിലോ തുടിച്ചു കുളിച്ചു ഈറനോടെ ഒരാൾ അടുത്ത് വന്നു നിന്നാൽ നമ്മിൽ ഒരു ഈർപ്പം അനുഭവിക്കില്ലേ , അത് തന്നെ . അവളുടെ മുടിയിഴകളിൽ ഇപ്പോഴും ആ നനവുണ്ടെന്നു തോന്നും . ചുണ്ടുകളിൽ ഒരു മദിപ്പിക്കുന്ന ഭാവം , വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ എന്നോട് സംസാരിക്കും, ഏതോ മന്ത്രണം പോലെ , തൊട്ടു പിന്നിൽ ചെവിക്കരികിൽ !
സുന്ദരികൾ ഇങ്ങനെയുമുണ്ടോ .. യക്ഷിയോ , ഗന്ധർവ്വ കിന്നരയോ , അപ്സരസ്സോ ?
പാലപ്പൂവിന്റെ ഗന്ധമില്ലാത്ത കൊണ്ട് യക്ഷി ആവില്ല . ആരാണ് നീ .. എന്നോരോ തവണയും
ഉള്ള എന്റെ ചോദ്യത്തിന് അവൾ ചിരി കൊണ്ട് മറുപടി തരും . ആ ചിരിക്കും ഒരു വശ്യത ഉണ്ട് . ഇപ്പോൾ ഒരു അവധി പോലും എടുക്കാറില്ല ഞാൻ . എന്നും അവളെ കാണുകയെന്നതും ഒരു അടിമത്തം പോലെ , ദുശ്ശീലം പോലെ എന്നിൽ നിറഞ്ഞിരിക്കുന്നു ! അങ്ങിനെ നാളുകൾ കടന്നു പോകവേ , ഒരു ദിവസം .. അത് മുൻകൂട്ടി കണ്ടല്ല ഞാൻ ചെയ്തത് ... പക്ഷെ...?
ചെയ്യണമെന്നു തോന്നി ചെയ്തു , അത്ര തന്നെ.. ! മനുഷ്യ സഹജമായ കൌതുകം . ആരും ചെയ്യുന്നതേ ചെയ്തുള്ളൂ . വേറൊന്നുമല്ല , ഈ പെണ്ണ് ഒറിജിനൽ ആണോ, സ്വപ്നം ആണോ, തോന്നൽ ആണോ എന്നൊക്കെയറിയാൻ ഒന്ന് തൊട്ടു നോക്കി . തൊട്ടപ്പോൾ , ഒരു മൃദുലത
തോന്നിയപ്പോൾ ഒന്ന് കെട്ടി പിടിച്ചു . ഹോ , എന്താ ഒരു ഗന്ധം , മൂക്കിൽ നിന്നും പോകുന്നില്ല ഇപ്പോഴും !

ഇന്ന് , അവൾ വന്നു, ആദ്യമായി മിഴികൾ തുളുമ്പിയിരുന്നു , കണ്ണുകൾ കലങ്ങിയിരുന്നു ,
ചിരി കണ്ടതേയില്ല . എന്നോടൊന്നും സംസാരിച്ചില്ല . നോക്കി കൊണ്ടേയിരുന്നു വിദൂരതയിലേക്ക് . അടുത്ത സ്റ്റേഷൻ വന്നപ്പോൾ പിന്നെ കണ്ടതേയില്ല . ചോദ്യങ്ങൾക്ക് മറുപടി പണ്ടേയില്ലല്ലോ .

ഇന്ന് , ആദ്യമായി , എന്നോടൊന്നും ചോദിക്കുന്നില്ലേ എന്നവൾ ചോദിച്ചു . ഞാനൊരു മറു ചോദ്യം ചോദിച്ചു , എന്നെങ്കിലും എന്റെ ചോദ്യങ്ങൾക്ക് മറുപടി തരാറുണ്ടോ, പകരം റേഡിയോ പോലെ ഇങ്ങോട്ട് മാത്രം അല്ലെ ? അവൾ പൊട്ടി പൊട്ടി ചിരിച്ചു .. ഇത്രേം ചിരിക്കേണ്ട കാര്യമൊന്നും പറഞ്ഞില്ലെന്നായി ഞാനും . അവൾ പറഞ്ഞു, നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ എന്ത് രസാ ... എന്റെ നന്ദേട്ടന്റെ അതേ രീതി തന്നെ നിങ്ങൾക്കും .
ശരി , എങ്കിൽ നിന്റെ കഥ പറയാമോ എന്നോട് , ആരാണ് നീ ..? അവൾ ഒരു നിമിഷം എന്നെ പഠിക്കുന്ന പോലെ നോക്കി . പിന്നെ ഒന്ന് ചിരിച്ചു . ഈ കടലുണ്ടി പുഴയാണ് എന്റെ അമ്മ . എന്റെ കഥ തുടങ്ങിയതും അവസാനിച്ചതും ഇവിടെ നിന്നാണ് . അവൾ പറഞ്ഞു തുടങ്ങി ...!


ഒരു യാത്ര പറച്ചില്‍



ഇനി മടങ്ങുക . എല്ലാവരും നിന്നെ കുറ്റം പറയുന്നത് കേട്ട് എനിക്ക് സങ്കടം അടക്കാൻ കഴിയുന്നില്ല . നീ വരാൻ കൊതിച്ചിരുന്നവർ, നിനക്ക് വേണ്ടി നോയമ്പ് നോറ്റിരുന്നവർ
ഇപ്പോൾ വെറുപ്പോടെ മുഖം തിരിക്കുന്നു . എനിക്ക് നിന്നെ കണ്ടും അറിഞ്ഞും മതിയായില്ല . ഓരോ ദിവസവും നിന്റെ ഓരോ ഭാവങ്ങളെയും , താളങ്ങളെയും ആസ്വദിച്ചും പകർത്തിയും
നടക്കുന്ന എനിക്ക് നിന്നെ അപമാനിക്കുന്നത് സഹിക്കാനാകുന്നില്ല . നീ മടങ്ങുക . വർഷത്തിലൊരിക്കൽ അവധിക്കു വരുന്ന വീട്ടുകാരൻ കാട്ടിക്കൂട്ടുന്നതെല്ലാം വീട്ടുകാരി സഹിക്കും പോലെ നാട്ടുകാർ സഹിക്കില്ലല്ലോ . വർഷം കൂടുമ്പോൾ ഒരുമിച്ചു വരാതെ , ഇടയ്ക്കിടെ വന്നു, എന്നെ കണ്ടു പോകൂ . ആ വിരഹ വേളകൾ ഞാൻ നിനക്കായി പ്രണയ ഗീതികൾ ചമയ്ക്കാം . പിന്നെ , നാം ഒരുമിക്കും വേളകൾ.. ഹോ.. ഇപ്പോൾ തന്നെ എന്നെ പുളകിതയാക്കുന്നു . എനിക്ക് മാത്രമല്ല ഈ നാട്ടുകാർക്കും അതൊരു പുളകമാകും .! ഒരു പ്രാണൻ വലിച്ചു പറിച്ചെടുത്തു തരുന്ന നൊമ്പരത്തോടെ ഞാൻ പറയുന്നു ... മതി , നിന്റെ പൂണ്ടു വിളയാടൽ ! ഞാൻ വിളിക്കുമ്പോൾ ഗന്ധർവ്വൻ നീ വരൂ എനിക്കായി മാത്രം . ഇനിയും നിന്നെ ഇവർ പഴിക്കുന്നത് എനിക്ക് കേൾക്കണ്ട ! ഇനി നിനക്ക് മടങ്ങാം.. !

പങ്കാളികള്‍

എന്റെ പ്രണയം പങ്കിട്ടവർ നിങ്ങളാണ്
എന്റെ സ്വപ്നങ്ങളിൽ വന്നു പോയവർ
എന്റെ ചിന്തകൾക്ക് സാക്ഷിയായവർ
എന്റെ ജീവിതത്തിനു നിറം പകർന്നവർ
എന്റെ അക്ഷരങ്ങൾക്കു ആശയം തന്നവർ
എന്റെ എന്നിലെ എന്നെ കണ്ടെടുത്തവർ
എന്റെ എന്ന് മാത്രം നിനച്ചവർ
എന്റെ കണ്ണൻ , എന്റെ മഴ
എന്റെ പുസ്തകങ്ങൾ, എന്റെ മയിൽ പീലി
എന്റെ നീയും പിന്നെ എന്റെ ഞാനും !

വ്യഥിത വിലാപങ്ങള്‍

നമുക്കിടയിൽ നാം നമുക്കായി മാത്രം
ചിലവഴിച്ച ആ ധന്യ നിമിഷങ്ങൾക്ക്
കടപ്പെട്ടത്‌ , നേടിയത്, എല്ലാം നമുക്കായി
നാളെയിലേക്ക് ഓർമയിൽ സൂക്ഷിക്കാം
അക്ഷരക്കൂട്ടങ്ങളായി മാല കൊരുക്കാം !
ഇനി ഒരു കണ്ടുമുട്ടലുകൾ ഉണ്ടെങ്കിലും
ഇല്ലെങ്കിലും അനന്തമായി പിരിഞ്ഞെങ്കിലും
എന്നെങ്കിലും എവിടെയെങ്കിലും എന്നെ
വായിക്കപ്പെടുമെന്ന് കരുതി മാത്രം
ഞാൻ നിനക്കായി എഴുതിക്കൊണ്ടേയിരിക്കും
നീ എന്നെ വായിക്കപ്പെടും വരെ മാത്രം
എന്നെ അറിഞ്ഞു നീ മടങ്ങുമ്പോൾ
നിനക്കായി മടങ്ങാൻ എന്നിൽ ഞാൻ ഉണ്ടാവില്ല
കാണും നിന്നിലേക്ക്‌ മടങ്ങി വരാതെ പോയൊരെന്നെ,
അതെന്റെ ദേഹമില്ലാത്ത ദേഹിയെ ആയിരിക്കും .
അതെന്റെ ദേഹമില്ലാത്ത ദേഹിയെ ആയിരിക്കും .
വായിച്ചറിഞ്ഞു , എന്ന് നീ കരുതിയതെല്ലാം
എന്റെ ആത്മ വിലാപങ്ങളുമായിരിക്കും
നിനക്ക് മാത്രം വായിക്കാൻ കഴിയുന്നോരെന്റെ
ആത്മ സംവാദങ്ങൾ എന്റെ വ്യഥിത വിലാപങ്ങൾ !

ഓര്‍മ്മകള്‍


ഒരിക്കൽ നീ പറഞ്ഞു വയലെറ്റ് പൂക്കൾ നിനക്ക് പ്രിയപ്പെട്ടതെന്നു
പിന്നീടൊരിക്കൽ അത് പ്രണയത്തിന്റെ നിറമാണെന്നും പറഞ്ഞു
പിന്നീടെപ്പോഴും വയലെറ്റ് പൂക്കൾ കാണുമ്പോഴോക്കെയും
അവ, എന്നിലേക്ക്‌ നിന്റെ പ്രണയത്തെ പെയ്തിറക്കിയിരുന്നു
എന്റെ പ്രണയം എന്നും ഹൃദയം പോലെ ചുവപ്പായിരുന്നു
നീ പറഞ്ഞു ചുവപ്പിനു ഒരിക്കലും പ്രണയമാകാൻ കഴിയില്ലെന്ന്
കാമ്പസ്സിലെ വയലെറ്റ് പൂക്കൾ നിറഞ്ഞ മരത്തണലിൽ ഇരുത്തി
പൂക്കൾ എന്നിലെക്കെറിഞ്ഞു കൊണ്ടാണ് നീ പ്രണയം പറഞ്ഞത്
എന്നിട്ടാ പ്രണയം വയലെറ്റ് പൂക്കൾ കൊഴിയും മുന്നേ പൊഴിച്ച്
എന്നെ വയലറ്റ് പൂക്കളാൽ മൂടുമ്പോൾ അതിനു മുകളിലായി
ഒരു ചുവന്ന പൂവും വച്ച് നീ തിരിഞ്ഞു നോക്കാതെ നടന്നു
അപ്പോഴും എന്റെ പിൻവിളിക്കായി നിന്റെ കാതുകൾ
തുടിക്കുന്നത് ഞാനറിഞ്ഞില്ലെന്ന് നടിച്ചു കണ്ണുകളടച്ചു
ഇനി ഒരിക്കലും തുറക്കില്ലെന്ന വാശിയോടെ, സങ്കടത്തോടെ
അല്ലെങ്കിൽ എന്തിനായ് നീ എനിക്കാ ശവകുടീരം പണിതു !

ലില്ലിത്

ലില്ലിത് .....!
മരണത്തിന്റെ ദേവതയാണവൾ
ഭൂമിയിലെ ആദ്യത്തെ പെണ്ണ് 
ലോകത്തിലെ ആദ്യ സ്ത്രീത്വവാദി
പിഞ്ചു കുഞ്ഞുങ്ങളെ ഭക്ഷിക്കുന്നവൾ
ആദമിനെ സൃഷ്ടിച്ച അതേ പൊടിയിൽ നിന്നു
ദൈവമവളെയും സൃഷ്ടിച്ചുവെന്ന
ഒരൊറ്റ കാരണത്താൽ തുല്യത
അവകാശമെന്ന് വാദിച്ചു പോയവൾ
പിറകെ തേടി വന്ന മാലാഖമാരോട്
നിങ്ങൾ മൂന്നുപേരുടെ നാമം
ചൊല്ലുന്ന ഗൃഹത്തിലെ പിഞ്ചു കുഞ്ഞുങ്ങളെ
വെറുതെ വിടുമെന്ന വാഗ്ദാനമേകിയവൾ
സമത്വത്തിനായി ദൈവത്തെ വെല്ലുവിളിച്ചവൾ
ആദമിനെഅനുസരിക്കേണ്ട ബാധ്യതയില്ലെന്ന്
തുറന്നു പറഞ്ഞു ഏദൻതോട്ടം വിട്ടവൾ
ലോകത്തോടാകെ പകയുള്ളവൾ
മരണത്തിന്റെ ദേവതയെന്നു ജൂത ലോകം
നാടോടി പാട്ടുകളിൽ പറഞ്ഞു പേടിക്കുന്നവൾ
അവൾ ലില്ലിത് .. ആദ്യ പെണ്ണ് ..സ്ത്രീത്വ വാദി..
ബൈബിളിൽ പറയപ്പെടാതെ പോയവൾ !
ലില്ലിത് ...!

സന്ദേശം

എന്റെ പ്രിയന് ,

നീ പറത്തി വിട്ട സന്ദേശം കിട്ടി . മേഘത്തോടോ , കാറ്റിനോടോ
പറഞ്ഞു വിടുമെന്ന് കരുതി . പക്ഷെ , സന്തോഷം .... വാക്കുകളാക്കി ,
കൊരുത്ത മാല പോലെ എന്റെ മുന്നിൽ നിന്റെ സന്ദേശം . 

" കാത്തിരിക്കുമല്ലോ " എന്ന് മാത്രം

" തീർച്ചയായും "

തിരിച്ചു പറത്തുന്നു .... കാത്തിരിക്കും ഒരു മറുപടിക്കായി

പരിദേവനങ്ങള്‍





തെറ്റാണെന്നറിഞ്ഞിട്ടും മൌനത്തിന്റെ നേർത്ത സ്തരങ്ങൾ പോലും
എന്നെ അസ്വസ്ഥപെടുത്തുന്നു
വാല്മീകത്തിനുള്ളിലോളിപ്പിച്ച സ്വന തന്തുക്കളെ പുറത്തെക്കെടുത്ത്
പറത്തി വിടാൻ തോന്നുന്നു
അകറ്റി നിറുത്താൻ ശ്രമിക്കുന്നതും ആഗ്രഹിക്കുന്നതും ഏതിനെയാണോ
അതൊന്നു മാത്രമാണ്
എന്നെ വലിച്ചടുപ്പിച്ചു കൊണ്ടിരിക്കുന്നതും സ്വതന്ത്രമായി മടങ്ങാൻ
എന്നെ അനുവദിക്കാത്തതും
ഈ മൌനം പലപ്പോഴും എന്നെ കൊലപ്പെടുത്തുന്നുണ്ട് , ഞാൻ
ഞാനല്ലാതാവുന്നുണ്ട്
എങ്കിലും നൊമ്പരങ്ങളെ ഒരു പട്ടം പോലെ കാറ്റിൽ പറത്തി വിട്ടിട്ടു
ഒരു കുട്ടിയെപ്പോലെ ,
നൂൽചരട് പൊട്ടിച്ചു വലിച്ചെറിയാനും , കൈകൊട്ടി ചിരിക്കാനും
എനിക്കിപ്പോഴും കഴിയുന്നുണ്ട്
ഒരു പക്ഷെ , അതെന്റെ വിജയമാവാം , പരാജയമാവാം എങ്കിലും
അതാണെന്റെ ധൈര്യം
എന്നുമെന്നും എനിക്കിങ്ങനെ ഞാനായി ഇരിക്കാൻ എന്നിലെ
കുട്ടിത്തം കളയാതെ
എന്നെ അനുഗ്രഹിക്കൂ , നീയല്ലാതാരുണ്ടെനിക്കൊരു തുണയായി
കൃഷ്ണാ , അനുഗ്രഹിക്കൂ !

രാ മായണം

ഓം ഹരിശ്രീ ഗണ പതയെ നമ :
അവിഘ്ന മസ്തു
രാമായണം ...
ദശരഥന്റെ അമ്പിനാൽ മരിച്ച മുനി പുത്രന്റെ
വൃദ്ധ മാതാപിതാക്കളുടെ ദുഃഖം
മുനിശാപം മൂലം പുത്രവിരഹതാപത്താൽ
മനം നൊന്തു മരിച്ച ദശരഥന്റെ ദുഃഖം
രാമന്റെ മാതാക്കളുടെ ഭർതൃ പുത്ര ദുഃഖം
ലക്ഷ്മണ ഭാര്യ ഊർമിളയുടെ വിരഹ ദുഃഖം
പ്രണയ തിരസ്കാരവും മൂക്കും മുലയും ചേദിച്ചു
അപമാനിക്കപ്പെട്ട ശൂർപ്പണഖയുടെ ദുഃഖം
രാവണന്റെ സീതാപഹരണത്തിൽ മനം നൊന്തു
സീതയെ വിളിച്ചു കേഴും രാമന്റെ ദുഃഖം
ഓരോ മരത്തിനോടും കാറ്റിനോടും
പക്ഷി മൃഗാദികളോടും സീതയെ തേടുന്ന
വിരഹ താപത്താൽ നീറുന്ന രാമന്റെ ദുഃഖം
അശോകവനത്തിലെ സീതയുടെ ദുഃഖം
സ്ത്രീജിതനായ രാവണന്റെ കോട്ടയിൽ
രാമ നാമം ഉരുവിട്ട് ജലപാനം പോലുമില്ലാതെ
രാമാഗമനം ധ്യാനിച്ച്‌ കഴിയും സീതയുടെ ദുഃഖം
വിഷ്ണു ഭക്തൻ ബാലിയുടെ ദുഃഖം
ശ്രീ ഹനുമാന്റെ നിസ്സഹായതയുടെ ദുഃഖം
രാവണ പത്നി മണ്ടോദരിയുടെ ദുഃഖം
ഒടുവിൽ വിജയം നേടി കൊട്ടാര വാസത്തിൽ
ഒരു കുറവന്റെ വാക്കിൽ ഉപേക്ഷിക്കപെടുന്ന
നിറഗർഭിണിയായ സീതയുടെ ദുഃഖം
ജ്യേഷ്ട്ടത്തിയെ വനത്തിൽ ഉപേക്ഷിച്ചിട്ട്
മടങ്ങുന്ന ധർമ്മനിഷ്ടാവാനായ ലക്ഷ്മണന്റെ ദുഃഖം
ലവകുശന്മാരുടെ പിതൃസ്നേഹനഷ്ടത്തിന്റെ ദുഃഖം
എല്ലാം മംഗളമെന്നു കരുതി മടങ്ങാൻ തുടങ്ങുമ്പോൾ
വീണ്ടും ഒരു അഗ്നിപ്രവേശത്തിനു നിർബന്ധിക്കപ്പെടുന്ന
ചാരിത്ര്യവതിയാം സീതയുടെ അപമാനഭാര ദുഃഖം
രാമായണം അല്ല സീതായനം എന്ന ഗ്രന്ഥം
ഉള്ളു പൊള്ളിക്കും ദുഖകടലിൽ ആണെന്നു
തിരിച്ചറിയും വായനക്കാരന്റെ ദുഃഖം
എങ്കിലും ജീവിതമെന്നാൽ സുഖ ദുഃഖ സമ്മിശ്രമെന്നു
അന്ത്യത്തിൽ തിരിച്ചറിയപ്പെടുന്നവന്റെ ആശ്വാസം
അതാണ്‌ ഈ ദുഖങ്ങളിലും വലുതെന്ന സത്യം
അതാണ്‌ രാമായണത്തിന്റെ വിജയം ...!
രാമ രാമ രാമ രാമ രാമ രാമ പാഹിമാം

.....ശുഭം

ഒരു മരണം

ഇന്നത്തെ ഒരു മരണത്തെ കാറ്ററിയിച്ചത്
കുന്തിരിക്കം പുകയിലൂടെ !
ശബ്ദം അറിയിച്ചത് സമയമാം രഥത്തിൽ 
അലമുറകളോടൊപ്പം !
വീഥികൾ നിറയെ വാഹനങ്ങളായും ആളുകൾ
കൂട്ടം കൂടിയും മരണം അറിയിച്ചു കൊണ്ടേയിരുന്നു
പ്രകൃതിയും കരയുന്നുണ്ടായിരുന്നു ആവുംപോലെ
പ്രിയമുള്ളോരാളാണോ എന്ന് മാത്രേ അറിയേണ്ടതുള്ളൂ
അല്ലായെങ്കിൽ പതിവുപോലെ തിരക്കുകളിലേക്കെന്ന
നിസ്സംഗത എന്നുള്ളിലും വളരുന്നെന്നെത്തെയും പോൽ !

ഏദന്‍ തോട്ടം


നിന്റെ ഈ തുറന്നിട്ട വാതായനങ്ങൾ
എന്നെ പേടിപ്പെടുത്തുന്നു വല്ലാതെ
സ്നേഹത്തിന്റെ മാസ്മരിക ലോകമുണ്ടതിനുള്ളിൽ
നന്മ ഉള്ളൊരു ലോകമെങ്കിലും ആശങ്കകൾ
എന്നെ തിരുത്തുന്നു പുറംതിരിപ്പിക്കുന്നു
അതിനുള്ളിലെ പൂവുകളും കായകളും
എന്നെ മോഹിപ്പിക്കുന്നുണ്ട് ഇപ്പോഴും
ഒരു ശലഭായുസ്സിൽ ആ സ്വർഗം തീരില്ലത്രേ
ഞാനോ ഒരു ചിത്രശലഭം ആയുസ്സറ്റവൾ
ഒരു പഞ്ചവർണക്കിളിയുടെ ആയുസ്സെങ്കിലും
എനിക്ക് സ്വന്തമെങ്കിൽ പാറിപ്പറന്നോരോ
പൂവിലും തേൻ നുകരും ശലഭമായി
ആ ഉദ്യാന ഭംഗിയിൽ മതിമറന്നേനെ !