Friday 19 July 2013

ഒരു അപൂര്‍ണ കഥ


ഒരു തുടക്കം എന്നായിരുന്നു എന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല . അല്ലെങ്കിലും ഓരോന്നായി വിസ്മൃതിയിലേക്ക് പോകുന്നുണ്ട് പലപ്പോഴായി . എന്നും ഒരേ റൂട്ടിൽ പോകാൻ തുടങ്ങിയിട്ട് നാളുകൾ കുറെ ആയി . ഇപ്പോൾ ഓർക്കുന്നു മൂന്നു മാസങ്ങൾക്ക് മുന്നേ ആയിരുന്നു ആദ്യത്തെ കാഴ്ച . രാത്രി കടലുണ്ടി പാലം കഴിയുമ്പോൾ എത്ര ശ്രമിച്ചാലും ബ്രേക്ക്‌ ആവുന്ന പോലെ തീവണ്ടിയിൽ ഒരു മാറ്റം വരും ! പിന്നെ എന്റെ കാബിനിൽ ഒരു നേർത്ത സുഗന്ധം നിറയും . ചന്ദനത്തിന്റെയും, രാമച്ചത്തിന്റെയും ഒരു സമ്മിശ്ര ഗന്ധം . ആഹാ ..... അതിലൊരു സുഖമുള്ള കുളിരും നനവും കൂടി കാണും , ആ പുഴയുടെ ഈർപ്പവും ..! എങ്ങിനെയാ ആ സാമീപ്യം പറയുക ... ങാ ... നല്ല മഴയത്തോ , കുളത്തിലോ പുഴയിലോ തുടിച്ചു കുളിച്ചു ഈറനോടെ ഒരാൾ അടുത്ത് വന്നു നിന്നാൽ നമ്മിൽ ഒരു ഈർപ്പം അനുഭവിക്കില്ലേ , അത് തന്നെ . അവളുടെ മുടിയിഴകളിൽ ഇപ്പോഴും ആ നനവുണ്ടെന്നു തോന്നും . ചുണ്ടുകളിൽ ഒരു മദിപ്പിക്കുന്ന ഭാവം , വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ എന്നോട് സംസാരിക്കും, ഏതോ മന്ത്രണം പോലെ , തൊട്ടു പിന്നിൽ ചെവിക്കരികിൽ !
സുന്ദരികൾ ഇങ്ങനെയുമുണ്ടോ .. യക്ഷിയോ , ഗന്ധർവ്വ കിന്നരയോ , അപ്സരസ്സോ ?
പാലപ്പൂവിന്റെ ഗന്ധമില്ലാത്ത കൊണ്ട് യക്ഷി ആവില്ല . ആരാണ് നീ .. എന്നോരോ തവണയും
ഉള്ള എന്റെ ചോദ്യത്തിന് അവൾ ചിരി കൊണ്ട് മറുപടി തരും . ആ ചിരിക്കും ഒരു വശ്യത ഉണ്ട് . ഇപ്പോൾ ഒരു അവധി പോലും എടുക്കാറില്ല ഞാൻ . എന്നും അവളെ കാണുകയെന്നതും ഒരു അടിമത്തം പോലെ , ദുശ്ശീലം പോലെ എന്നിൽ നിറഞ്ഞിരിക്കുന്നു ! അങ്ങിനെ നാളുകൾ കടന്നു പോകവേ , ഒരു ദിവസം .. അത് മുൻകൂട്ടി കണ്ടല്ല ഞാൻ ചെയ്തത് ... പക്ഷെ...?
ചെയ്യണമെന്നു തോന്നി ചെയ്തു , അത്ര തന്നെ.. ! മനുഷ്യ സഹജമായ കൌതുകം . ആരും ചെയ്യുന്നതേ ചെയ്തുള്ളൂ . വേറൊന്നുമല്ല , ഈ പെണ്ണ് ഒറിജിനൽ ആണോ, സ്വപ്നം ആണോ, തോന്നൽ ആണോ എന്നൊക്കെയറിയാൻ ഒന്ന് തൊട്ടു നോക്കി . തൊട്ടപ്പോൾ , ഒരു മൃദുലത
തോന്നിയപ്പോൾ ഒന്ന് കെട്ടി പിടിച്ചു . ഹോ , എന്താ ഒരു ഗന്ധം , മൂക്കിൽ നിന്നും പോകുന്നില്ല ഇപ്പോഴും !

ഇന്ന് , അവൾ വന്നു, ആദ്യമായി മിഴികൾ തുളുമ്പിയിരുന്നു , കണ്ണുകൾ കലങ്ങിയിരുന്നു ,
ചിരി കണ്ടതേയില്ല . എന്നോടൊന്നും സംസാരിച്ചില്ല . നോക്കി കൊണ്ടേയിരുന്നു വിദൂരതയിലേക്ക് . അടുത്ത സ്റ്റേഷൻ വന്നപ്പോൾ പിന്നെ കണ്ടതേയില്ല . ചോദ്യങ്ങൾക്ക് മറുപടി പണ്ടേയില്ലല്ലോ .

ഇന്ന് , ആദ്യമായി , എന്നോടൊന്നും ചോദിക്കുന്നില്ലേ എന്നവൾ ചോദിച്ചു . ഞാനൊരു മറു ചോദ്യം ചോദിച്ചു , എന്നെങ്കിലും എന്റെ ചോദ്യങ്ങൾക്ക് മറുപടി തരാറുണ്ടോ, പകരം റേഡിയോ പോലെ ഇങ്ങോട്ട് മാത്രം അല്ലെ ? അവൾ പൊട്ടി പൊട്ടി ചിരിച്ചു .. ഇത്രേം ചിരിക്കേണ്ട കാര്യമൊന്നും പറഞ്ഞില്ലെന്നായി ഞാനും . അവൾ പറഞ്ഞു, നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ എന്ത് രസാ ... എന്റെ നന്ദേട്ടന്റെ അതേ രീതി തന്നെ നിങ്ങൾക്കും .
ശരി , എങ്കിൽ നിന്റെ കഥ പറയാമോ എന്നോട് , ആരാണ് നീ ..? അവൾ ഒരു നിമിഷം എന്നെ പഠിക്കുന്ന പോലെ നോക്കി . പിന്നെ ഒന്ന് ചിരിച്ചു . ഈ കടലുണ്ടി പുഴയാണ് എന്റെ അമ്മ . എന്റെ കഥ തുടങ്ങിയതും അവസാനിച്ചതും ഇവിടെ നിന്നാണ് . അവൾ പറഞ്ഞു തുടങ്ങി ...!


No comments:

Post a Comment