Thursday 27 February 2014

ഓര്‍മ്മക്കുറിപ്പുകള്‍ - 4

ഓര്‍മ്മക്കുറിപ്പുകള്‍- 4 
------------------------------------
നാലാം ക്ലാസ് വിശേഷങ്ങള്‍ - ക്ലാസിലെ ഏറ്റവും പൊക്കം കുറഞ്ഞ ഏറ്റവും ചെറിയ കുട്ടി ആയിരുന്നത് കൊണ്ട് തടിമിടുക്കുള്ള കുട്ടികള്‍ക്ക് കളിപ്പാട്ടമായിരുന്നു ഞാന്‍ ! അവരുടെ കുസൃതികള്‍ അതിര് കടക്കാന്‍ തുടങ്ങിയപ്പോള്‍ ഒരിക്കല്‍ ഞാനൊന്നു പൊട്ടിത്തെറിച്ചു .. !
ബെനഡിക്ട് എന്ന ചെക്കനാരുന്നു ക്ലാസ്സിലെ വില്ലന്‍ .. നാലാം ക്ലാസ് വരെ ബോയ്സ് ഉണ്ടായിരുന്നു . കൂടുതലും പെണ്‍ പിള്ളേര്‍ തന്നെ ! ഈ വില്ലന്റെ വലിയ കൂട്ടുകാരന്‍ ആയിരുന്നു സതീഷ് എന്ന ബ്രാഹ്മണ കുട്ടി . ഒന്നാം ക്ലാസ് മുതലേ എന്റെ കളിക്കൂട്ടുകാരന്‍ ! അവനെന്നെ വലിയ ഇഷ്ടമായിരുന്നു . അവന്റെ തൈര്‍ സാദം കുറച്ചെടുത്ത് എന്നും എന്നെയും തീറ്റിക്കും . ഒരു പക്ഷേ ബ്രാഹ്മണ ജീവിതശൈലി പില്‍ക്കാലത്ത് എന്നില്‍ വേരുറപ്പിച്ചത് അവനില്‍ നിന്നാവും ! തിരിച്ചറിവായപ്പോള്‍ ഒരു ബാല്യകാല നഷ്ടങ്ങളിലൊന്നായി അവന്‍ എന്റെ മുന്നിലുണ്ട് , വെളുത്തു തുടുത്ത കവിളും വലിയ നുണക്കുഴികളുമായി ഇന്നും ആ തോഴന്‍ മനസ്സിലുണ്ട് . പറഞ്ഞു വന്നത് , സതീഷിന്റെ വില്ലന്‍ കൂട്ടുകാരന്‍ വില്ലത്തികള്‍ പറഞ്ഞിട്ടു എന്റെ ഉച്ചഭക്ഷണത്തിന്റെ കറികള്‍ എടുത്തു തിന്നിട്ടു ഒന്നുമറിയാത്ത പോലെ പോകും . ഞാന്‍ കൈ കഴുകാന്‍ പോകുന്ന സമയമാണ് ഈ പരിപാടി . എനിക്കു മിണ്ടാന്‍ പേടിയായിരുന്നു . എന്നാല്‍ ഒരു ദിവസം സതീഷ് ഇത് കണ്ടു കൊണ്ട് വന്നു . അവര്‍ തമ്മില്‍ എന്തോ വാക്കുതര്‍ക്കമുണ്ടായി എന്നതിപ്പോഴും ഓര്‍മ്മയിലുണ്ട് . അതില്‍ പിന്നെ എനിക്കു വില്ലന്‍മാരുടെയും വില്ലത്തികളുടെയും ശല്യം ഉണ്ടായില്ല . ഒരിക്കല്‍ ഗായത്രി എന്ന കുട്ടി എന്നെ പിച്ചുകയും മാന്തുകയും ചെയ്തപ്പോള്‍ ഗീത എന്ന എന്റെ അടുത്ത കൂട്ടുകാരി അവളോടു ഭീഷണി മുഴക്കി . "നോക്കിക്കൊ .. ഇവളുടെ അച്ഛന്‍ പോലീസാണ് ... നിന്നെ പിടിച്ച് കൊണ്ട് പോയി ലോക്കപ്പിലിട്ട് ഇടിക്കും" . ഇത് കേട്ടതും വലിയ വായില്‍ അവള്‍ കരയാന്‍ തുടങ്ങി . എന്നെ പിച്ചിയിട്ട് അവള്‍ ഇരുന്നു കരയുന്നു . ഹും. ! ടീച്ചര്‍ വന്നു കാര്യം അന്വേഷിച്ചു .... "ഈ കുട്ടീടെ അച്ഛനെ കൊണ്ട് പോലീസില്‍ പിടിപ്പിക്കും ഇടിപ്പിക്കും" എന്നൊക്കെ പറഞ്ഞാണ് കരച്ചിലോട് കരച്ചില്‍ ! ടീച്ചര്‍ അടുത്ത് വിളിച്ചു ചെവി പിടിച്ചു തിരുമ്മി . പിച്ചും കൊണ്ട് , മാന്തും കൊണ്ട് അവസാനം ചെവിക്കു തിരുമ്മും കിട്ടി . അതോടെ ഭീഷണി എന്ന വാക്കു ഞാനങ്ങുപേക്ഷിച്ചു ! ഞാന്‍ ഭീഷണിപ്പെടുത്താതെ വേറൊരാള്‍ ചെയ്തിട്ടും കിട്ടിയത് എനിക്ക് .. ഹും ! പില്‍ക്കാലത്ത് അവള്‍ എന്റെ വലിയ കൂട്ടുകാരിയായി .10 വരെ ഒരുമിച്ചു പഠിച്ചു ഞങ്ങള്‍ ! പക്ഷേ, എന്റെ കല്യാണം കഴിഞ്ഞു കുട്ടികളുമായി ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ ആണ് ഞാന്‍ പത്രത്തില്‍ അവളുടെ ചരമ അറിയിപ്പ് കാണുന്നത് . ആത്മഹത്യ ആയിരുന്നു ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചൂത്രേ ! കുട്ടികള്‍ ഉണ്ടാവുന്നില്ല എന്ന് പറഞ്ഞു അമ്മായിയമ്മ കുത്തുവാക്ക് പറയുന്നത് കെട്ടു മനം മടുത്താണ് ആത്മഹത്യ ചെയ്തത് . ഇന്നും തീരാത്ത ഒരു നൊമ്പരമായി .. ചിലയിടവേളരാവുകളില്‍ അവളുടെ സാന്നിധ്യം ഞാന്‍ ഒരു നിശബ്ദതയിലൂടെ അറിയാറുണ്ട് . അവളുടേത്‌ മാത്രമല്ല .. മരിച്ചു പോയ പലരുടെയും .. എനിക്കറിയാം എന്റെ അബോധതലങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന അജ്ഞാത വീക്ഷണ കോണുകളുടെ കളിയാണവയെന്ന് ! ഇപ്പോഴും ഇടയ്ക്കു സിമിത്തേരിയില്‍ എന്റെ രണ്ടു കൂട്ടുകാരികളുടെ അടുത്ത് പോയി ഞാന്‍ സംസാരിക്കാറുണ്ട് . ബാക്കി അടുത്തതില്‍ ! നന്ദി നമസ്ക്കാരം !

ഓര്‍മ്മക്കുറിപ്പുകള്‍ - 3

ഓര്‍മ്മക്കുറിപ്പുകള്‍ - 3
---------------------------------
മൂന്നാം ക്ലാസ്സിലെ വിശേഷങ്ങള്‍ ...
കുരുത്തക്കേടുകള്‍ കൂടുകയല്ലാതെ കുറയുന്നില്ലല്ലോ !! ആ കാലയളവില്‍ ഞാന്‍ പുസ്തകങ്ങളുടെ ലോകത്ത് സഞ്ചരിക്കാന്‍ തുടങ്ങിയിരുന്നു .. ഒരു പാടു പുസ്തകങ്ങള്‍ അമ്മയാണ് തന്നിരുന്നത് .. വെറുതെ വായിച്ചു കൂട്ടിയെന്ന് പറയാന്‍ പറ്റില്ല .. എന്റെ ഭാവനകള്‍ തുടങ്ങുന്നത് ഒരു പക്ഷേ ആ വായനാ ലോകത്തില്‍ നിന്നുമാവാം . ആ സമയത്ത് പ്രമുഖ ബാലസാഹിത്യങ്ങള്‍ ആയിരുന്നു അമ്പിളി മാമന്‍ , പൂമ്പാറ്റ , ബാലരമ . കപീഷ് എന്ന കുരങ്ങന്‍ ആയിരുന്നു ഹീറോ .. വിക്രമാദിത്യന്‍ കഥകള്‍ ആവും നന്‍മയുടെയും , ധര്‍മത്തിന്റെയും ബാല്യ പാഠങ്ങള്‍ പകര്‍ന്നു തന്നത് ! കൃത്യമായി പൂമ്പാറ്റ അമര്‍ ചിത്ര കഥകളുടെ എല്ലാ ലക്കവും പത്രക്കാരന്‍ തരാനുള്ള ഏര്‍പ്പാടുകള്‍ അമ്മ ചെയ്തു വച്ചിരുന്നു . ഇന്ന് പുരാണ കഥകള്‍ എന്നില്‍ ചെലുത്തിയ സ്വാധീനം എത്ര വലുതാണെന്ന് മനസ്സിലാകുന്നു . ഒരു തവണ പൂമ്പാറ്റയുടെ അമര്‍ചിത്രകഥ ആയി വന്നത് .. "ഘടോല്‍ക്കചന്‍ " ആയിരുന്നു . വന്ന അന്ന് തന്നെ അതും ബാഗില്‍ തിരുകി സ്കൂളില്‍ ചെന്നു മിടുക്ക് കാട്ടുക എന്ന ഉദ്ദേശത്തോടെ പോയി . പത്രം ഇട്ടപ്പോള്‍ ഒപ്പം തന്നതാണ് .. വായിക്കാന്‍ നേരം കിട്ടിയില്ല .. ചേട്ടനുമായി ഗുസ്തി കഴിഞ്ഞപ്പോള്‍ കയ്യില്‍ കിട്ടിയതു സ്കൂളില്‍ പോകാന്‍ നേരത്താണു .. അതോണ്ട് തന്നെ , സ്കൂളില്‍ കൊണ്ട് പോയി വായിക്കാമെന്ന് കരുതി . അമ്മ പറഞ്ഞിട്ടുണ്ട് കഥാപുസ്തകങ്ങള്‍ കൊണ്ട് പോകരുതെന്ന് . പറഞ്ഞത് ചെയ്തില്ലേല്‍ നല്ല അടി തരും അമ്മ . ഒളിച്ചാണ് ബാഗില്‍ വച്ചത് . ഇന്‍റര്‍വെല്‍ ടൈമില്‍ രാജേശ്വരി എന്ന കൂട്ടുകാരി അത് വായിക്കാന്‍ മേടിച്ചു . ആദ്യമൊന്നും കൊടുത്തില്ല .. പിന്നെ ഒരു ഉപ്പ് നെല്ലിക്കയുടെയും , രണ്ടു ചാമ്പക്ക കൈക്കൂലിയുടെയും പുറത്തു ഞാന്‍ ദുര്‍ബലചിത്തയായിപ്പോയി ! പുസ്തകം നഷ്ടപ്പെടുത്തിയാല്‍ അടി കിട്ടുമെന്ന് മാത്രമല്ല , പിന്നെ വാങ്ങി തരില്ല എന്നും ഭീഷണി തന്നിരുന്നു അമ്മ . ഓരോ ലക്കങ്ങളും സൂക്ഷിച്ചു വച്ച് കുറച്ചാകുമ്പോള്‍ ബൈന്‍ഡ് ചെയ്യിച്ചിരുന്നു അമ്മ . ഞങ്ങള്‍ വലുതായപ്പോള്‍ അതൊക്കെ കൂട്ടുകാരുടെ കൊച്ചു കുട്ടികള്‍ക്ക് കൈമാറിപ്പോയി അതെല്ലാം ! ഇപ്പോള്‍ അത് ഒരു നഷ്ടബോധം പകരുന്നുണ്ട് .
കൂട്ടുകാരി വായിക്കാന്‍ മേടിച്ച ബുക്ക് എന്നോടു പറയാതെ അവള്‍ വീട്ടിലേക്ക് കൊണ്ട് പോയി . പോകും മുന്നേ തരണമെന്ന് ഞാന്‍ പറഞ്ഞിരുന്നു . കാരണം, രാത്രി ഉറങ്ങാന്‍ നേരം അമ്മ അന്വേഷിക്കും അന്നത്തെ പുസ്തകം .. എന്നിട്ട് അത് വായിച്ചു അതിലെ വേറെയും ഉപകഥകള്‍ പറഞ്ഞാണ് അമ്മ മക്കളെ ഉറക്കിയിരുന്നത് . അപ്പോള്‍ അടി കിട്ടുമെന്നുറപ്പായി .. അത് മാത്രമല്ല ഞാന്‍ അത് വിശദമായി വായിച്ചിട്ടുമില്ല .. ആ സങ്കടവും .. എന്നോടു പറയാതെ അതും കൊണ്ട് അവള്‍ സ്ഥലം വിട്ടതിന്‍റെ അരിശവും , നിസ്സഹായതയും എല്ലാം കൂടി എന്നിലെ കുട്ടിയെ എന്തു ചെയ്യണമെന്ന് ഒരു രൂപമില്ലാതാക്കി . ആ ബാലിശതയില്‍ ഞാന്‍ ചെയ്തത് ഒരു കുരുത്തക്കേടായിപ്പോയി !! . അന്ന് ഞാന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ തന്നെ ഇരുന്നു കളഞ്ഞു . എല്ലാവരും പോയി . സ്കൂളിലെ മാവിന്റെ മുറ്റത്തു ഞാനും എന്റെ ഏകാന്തതയും ! മെല്ലെ സന്ധ്യ ആയി തുടങ്ങി . കുറേശ്ശെ പേടി തോന്നിത്തുടങ്ങി . വിതുംബിതുടങ്ങിയ കരച്ചില്‍ ഉച്ചസ്ഥായി ആയപ്പോള്‍ അവിടുത്തെ ആയമാരില്‍ ഒരാള്‍ കണ്ടു കൊണ്ട് വന്നു . അടിച്ചു വാരാന്‍ വന്നതായിരുന്നു അവര്‍ . കോണ്‍വെന്‍റ് ആയതോണ്ട് സിസ്റ്റേഴ്സിനെ കൂട്ടിക്കൊണ്ട് വന്നു , അവര്‍ ! എല്ലാരും ചുറ്റും കൂടി ചോദ്യം തുടങ്ങി . ഞാന്‍ ആണെങ്കില്‍ ആകെ പകച്ചു നില്‍ക്കുകയും, കരയുകയും ചെയ്യുന്നുണ്ട് . അവസാനം എച്ച് എം സിസ്റ്റര്‍ വന്നു . എന്നെയും കൂട്ടി അവരുടെ മഠത്തിലെ മുറിയില്‍ കൊണ്ട് പോയി സമാധാനിപ്പിച്ചു . വിശപ്പും ദാഹവും കൊണ്ട് ആകെ തളര്‍ന്നിരുന്നു ഞാന്‍ ! അവര്‍ എനിക്കു മൊരിച്ച റൊട്ടിയും , ചൂട് ചായയും , മഠത്തില്‍ ഉണ്ടാക്കുന്ന ഒരു പ്രത്യേക കുക്കീസും തന്നു . വിശപ്പടങ്ങിയപ്പോള്‍ ഞാന്‍ ഉഷാറായി .സിസ്റ്റെര്‍സിന്‍റെ കൂടെ കൂടി പാട്ടും കളിച്ചിരിയുമൊക്കെ ആയി . പാവം എന്റെ അമ്മ .. ജോലി കഴിഞ്ഞു 6 മണി കഴിഞ്ഞാണ് എത്തുന്നത് തന്നെ . അത്രയും നേരമായിട്ടും എന്നെ കാണാതെ വന്നപ്പോള്‍ പേടിച്ചരണ്ട് അന്വേഷിച്ചു സ്കൂളില്‍ വന്നു . സ്കൂള്‍ ഗേറ്റ് 6 മണിക്ക് തന്നെ താഴിട്ട് പൂട്ടും . കന്യാസ്ത്രീ മഠം ആണല്ലോ . അമ്മ എത്തുമ്പോള്‍ 7 മണി ആകുന്നു . കരഞ്ഞു വിഷമിച്ച കണ്ണുമായി അമ്മ മഠത്തിന്‍റെ ഗേറ്റില്‍ തട്ടി . വിരുന്ന് മുറിയിലിരിക്കുന്ന എനിക്കു ആരോ ഗേറ്റില്‍ തട്ടുന്നത് കേള്‍ക്കാം . പെട്ടെന്നു എന്റെ ഭാവം മാറി .. അപ്പോഴേക്കും ആയമാരില്‍ ഒരാള്‍ പോയി ഗേറ്റ് തുറന്നു . അമ്മയെ കണ്ടതും ഞാന്‍ കാറിക്കൂവിക്കരഞ്ഞു ക്കൊണ്ട് ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിച്ചു . അമ്മയും എന്നെ കണ്ടതും കരയാന്‍ തുടങ്ങി . ഞാനും ഒരമ്മ ആയപ്പോള്‍ മാത്രമാണു എനിക്കു തിരിച്ചറിയാന്‍ കഴിയുന്നത് ... കുട്ടി സ്കൂളില്‍ നിന്നും തിരിച്ചെത്താതിരുന്നാല്‍ ഒരമ്മ എന്തു മാത്രം വിഷമം അനുഭവിച്ചിരിക്കും എന്നു ..! പക്ഷേ , അന്നത് തുടക്കം മാത്രമായിരുന്നു .. പിന്നീട് പല കാര്യങ്ങളോടുള്ള അമര്‍ഷം .. ഞാന്‍ രേഖപ്പെടുത്തിയിരുന്നത് ഇത് പോലെ സ്കൂളില്‍ ഇരുന്നു കളഞ്ഞാണ് . കാരണം ഞാന്‍ ക്ലാസിലെ ഏറ്റവും ചെറിയ കുട്ടി ആയിരുന്നു .. വില്ലത്തികള്‍ ഉപദ്രവിക്കുന്ന പൊക്കം കുറഞ്ഞ ഏറ്റവും ചെറിയ കുട്ടി . ഓരോ ഉപദ്രവങ്ങളും എന്റെ ഓരോ കുത്തിയിരുപ്പിന് തുടക്കം കുറിച്ചപ്പോള്‍ കോണ്‍വെന്‍റിലെ ആയമാരും , സിസ്റ്റെര്‍സും അവരുടെ അവസാന അടവ് പുറത്തെടുത്തു . ഇനി ഇത് പോലെ ക്ലാസ് വിട്ടു മടങ്ങാതെ അവിടെ കുത്തിയിരിക്കുന്നത് കണ്ടാല്‍ .. ചൂരല്‍ എടുത്തു അടിച്ചു കൈ പൊട്ടിക്കും എന്നു ! അതോടെ ... ആ വേണ്ടാതീനത്തിന് ഒരു വിരാമമായി ! നന്ദി .. നമസ്ക്കാരം !!

ഓര്‍മ്മക്കുറിപ്പുകള്‍ - 2

ഓര്‍മ്മക്കുറിപ്പുകള്‍ - 2
--------------------------------
അടുത്തത്, രണ്ടാം ക്ലാസ്സിലേക്ക് ...!!
നോക്കണ്ടാ ... സത്യായിട്ടും പിറ്റേക്കൊല്ലം തന്നെ ഞാന്‍ രണ്ടിലെത്തി .. സത്യായിട്ടും !!
പക്ഷേ .. ഏതെങ്കിലും ക്ലാസ് ടെസ്റ്റുണ്ടെങ്കില്‍ .. അല്ലെങ്കില്‍ ഹോം വര്‍ക് ചെയ്തിട്ടില്ലെങ്കില്‍ .. എനിക്കന്നു വയറുവേദന (അതും നെറ്റിയില്‍ കൈ പൊത്തിപ്പിടിച്ചു പുളഞ്ഞുകൊണ്ടാണ് വയറുവേദന എന്നു പറയുന്നത് ). എന്റെ ഈ വേഷം കെട്ടൊക്കെ അച്ഛനും അമ്മയ്ക്കും നല്ലോണം അറിയാം . അമ്മ പഞ്ചായത്തില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത് . അതിരാവിലെ പോകും .. കുറെ ദൂരെ ട്രാന്‍ഫര്‍ ആയതിന്റെ ടെന്‍ഷന്‍ ഉണ്ടാരുന്നു അമ്മയ്ക്ക് ! ഞങ്ങള്‍ നാലു മക്കള്‍ .. അതും ഓരോ വയസ്സിന്റെ വ്യത്യാസം മാത്രം . എനിക്കു മൂത്ത ആളും ബാക്കി ഇളയ കുട്ടികളും ( 3ആണും , 1 പെണ്ണും .. നഞ്ചെന്തിനാ നാനാഴി.....!!? ഞാനൊരെണ്ണം പോരേ ..? ) .
പറഞ്ഞോണ്ട് വന്നത് .. അമ്മ പോയിക്കഴിഞ്ഞാണ് എനിക്കു തോന്നിയത് .. എന്തിനാ ഇന്ന് പഠിക്കാന്‍ പോകുന്നത് ..?
ഈ പഠനം ആരാ കണ്ടു പിടിച്ചത് ആവോ... ? എന്നാ പിന്നെ ഇന്ന് പോകുന്നില്ല . അച്ഛന്‍ ഡേ ആന്‍ഡ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നിട്ടില്ല . പോലീസുകാര്‍ക്ക് അങ്ങിനെ അവധി ഇല്ലല്ലോ .. സര്‍ക്കാര്‍ മൊത്തമായിട്ട് ഏറ്റെടുത്തേക്കുവല്ലേ !! പക്ഷേ .. മൂന്നാം ക്ളാസ്സില്‍ പഠിക്കുന്ന എന്റെ ചേട്ടച്ചാര്‍.. വലിയ ചേട്ടന്‍ കളിക്കാരനാണ് . എന്നെ പിടിച്ച് വലിച്ചു റെഡിയാക്കി കൊണ്ട് പോയി . സരിത സ്റ്റോപ്പില്‍ ഇറങ്ങി സ്കൂളിലേക്കുള്ള വഴിയില്‍ വിട്ടിട്ടു തൊട്ടപ്പുറത്തുള്ള ആല്‍ബര്‍ട്സിലേക്ക് പോയി . പോകും വരെ നോക്കി നിന്ന ഞാന്‍ റോഡ് ക്രോസ്സ് ചെയ്തു അടുത്ത ബസ്സ് പിടിച്ച് നേരെ വീട്ടിലെത്തി !! അടുത്തുള്ള കൊച്ചു കുട്ടികളുമായി തോരണം തൂക്കി കളി തുടങ്ങി . എകദേശം ഉച്ചക്ക് 12 മണി കഴിഞ്ഞപ്പോള്‍ അച്ഛന്‍ ഊണ് കഴിക്കാന്‍ വന്നു ! എന്നെ കണ്ടു അച്ഛന്‍ ഞെട്ടി !! "എന്താ നീ ക്ളാസ്സില്‍ പോയില്ലേ ?" എന്നൊരു ചോദ്യവും ! ഞാന്‍ വേഗം എന്റെ വയറുവേദന കലാ പരിപാടി പുറത്തെടുത്തു ! പക്ഷേ .. എന്റെ അല്ലേ അച്ഛന്‍ ..! ഹും.. ഒന്നേയുള്ളൂവെങ്കിലും ഉലക്കയ്ക്ക് തല്ലി വേണം വളര്‍ത്താന്‍ എന്ന പക്ഷക്കാരന്‍ ആണ് . വേലിക്കലുള്ള ശീമക്കൊന്ന വടി ഓടിച്ചു രണ്ടെണ്ണം തന്നു . ഹെര്‍കൂലിസ് സൈക്കിള്‍ ആയിരുന്നു അഛന്റെ വാഹനം . അപ്പോ തന്നെ എന്നെയും കൂട്ടി സ്കൂളിലേക്ക് ! എന്റെ ക്ലാസ് ടീച്ചര്‍ മേരി ടീച്ചര്‍ എന്നെ കണ്ടതും ചിരിക്കാന്‍ തുടങ്ങി .. പുതിയ കാര്യമാണെങ്കിലല്ലേ അതിശയം തോന്നൂ ! ഹും .. പാവം ഞാന്‍ ! ഇങ്ങനെ ഒരു പാട് കലാപരിപാടികള്‍ നടത്തി കൊണ്ട് സംഭവ ബഹുലമായ എന്റെ ജീവിതം ഇനിയും ബാക്കി ... !! നമസ്കാരം .. !

ഓര്‍മ്മക്കുറിപ്പുകള്‍- 1

ഓര്‍മ്മക്കുറിപ്പുകള്‍ .. !!- (1)
-----------------------------------
ഞാന്‍ ഒന്നാം ക്ളാസ്സില്‍ പഠിക്കുന്ന സമയത്തുള്ള ഒരു സംഭവം .. എറണാകുളം സരിത തീയറ്റര്‍ സ്റ്റോപ്പ് ആണ് എന്റെ സ്കൂള്‍ സ്റ്റോപ്പ് . അവിടെ നിന്നും ജനത റോഡ് സ്റ്റോപ്പ് 
(കലൂര്‍ സ്റ്റേഡിയം ) വരെയുള്ളതാണ് എന്റെ സ്കൂള്‍ യാത്രകള്‍ . പലപ്പോഴും തനിച്ചു തന്നെ . അന്ന് എന്നെ കാണണമെങ്കില്‍ ഭൂതക്കണ്ണാടി കൂടി വേണ്ടി വരും .. ആകെ കൂടി ഒരു പുഴുവിന്റെ വലിപ്പം എന്നു പറഞ്ഞാല്‍ ഇച്ചിരെ കൂടിപ്പോകും .. !! എന്നാല്‍ കുരുത്തക്കേടുകള്‍ക്ക് ആനയേക്കാളും വലിപ്പമുണ്ട് . ഇടക്കൊക്കെ അച്ഛനോ രണ്ടാം ക്ളാസ്സില്‍ പഠിക്കുന്ന ചേട്ടനോ വരും കൂടെ .. അവരില്ലാത്ത ദിവസങ്ങള്‍ എന്റെ സാഹസികതയ്ക്കു ഞാന്‍ ഒറ്റക്കു പോരും !
ഇടക്ക് , തൊങ്ങി തൊട്ട് (ഒരു കാല്‍ പൊക്കി ചാടി കളങ്ങളില്‍ കൂടി ഓടിന്‍ കഷണം എറിഞ്ഞുള്ള കളി ) കളിക്കുമ്പോള്‍ ലൈന്‍ ബസ്സിനു കൊടുക്കാനുള്ള 10 പൈസ കളയുന്ന പതിവുണ്ട് . എന്നിട്ട് നടന്നു പോരും സ്കൂള്‍ തുടങ്ങി വീടുവരെ ! അങ്ങിനെ ഒരു ദിവസം കയ്യിലുള്ള പൈസ കളഞ്ഞിട്ടു നടക്കാന്‍ തുടങ്ങി . സ്കൂളില്‍ പോരും മുന്നേ ദിവസവും അച്ഛന്‍റെ വക ഉപദേശമുണ്ട് .. പിള്ളേര് പിടുത്തക്കാര്‍ ഉണ്ടാകും .. "ആര് വിളിച്ചാലും നോക്കരുത് .. തരുന്നതൊന്നും തിന്നരുത് . അപരിചിതരോട് മിണ്ടാന്‍ പോലും നില്‍ക്കരുത്,"
എന്നൊക്കെ ! അതൊക്കെ കൃത്യായിട്ടു പാലിച്ചിരുന്നു ഞാന്‍ ! അങ്ങിനെ നടന്നു നടന്നു ലിസി സ്റ്റോപ്പ് എത്തിയപ്പോ അച്ഛന്‍ ഏതോ ബസ്സിലിരുന്നു എന്നെ കണ്ടു .. അച്ഛന്‍ പോലീസായിരുന്നു .. ബസ്സിലിരുന്നു തന്നെ അച്ഛന്‍ വഴിയേ പോയ ഒരാളോട് ആ കൊച്ചിനെ ഒന്നു പിടിച്ച് നിറുത്തൂ എന്നു വിളിച്ച് പറഞ്ഞു. അത് കേട്ട ഒരാള്‍ എന്നെ വഴിയില്‍ തടഞ്ഞു . ഞാനത് വക വയ്ക്കാതെ അയാളെ തട്ടി മാറ്റി മുന്നോട്ടും . അച്ഛന്‍ ബസ് നിറുത്തി ക്രോസ്സ് ചെയ്യാന്‍ നില്‍ക്കുന്നത് കണ്ടു അയാള്‍ എന്റെ കയ്യില്‍ പിടിച്ച് നിറുത്തി . " കൊച്ചേ.. നിന്റെ അച്ഛന്‍ ഇപ്പോ വരും .. അവിടെ നില്‍ക്ക് " എന്നു പറയുന്നുണ്ട് . ഞാന്‍ അയാളുടെ കയ്യില്‍ ഒരു കടി കൊടുത്തിട്ടു ഉറക്കെ കരയാന്‍ തുടങ്ങി ... ഓടി വായോ .. ഈ പിള്ളേര് പിടിത്തക്കാരന്‍ എന്നെ പിടിച്ചോണ്ട് പോണേ ... " ആളുകള്‍ ഓടിക്കൂടി ..! അയാളെ തല്ലാന്‍ ഒരുങ്ങി .. അപ്പോഴേക്കും അച്ഛന്‍ അടുത്തെത്തി .. ! ഹിഹിഹി .. പാവം എന്നെ സഹായിക്കാന്‍ ശ്രമിച്ചു എന്റെ പല്ലുകളുടെ പാടു കയ്യില്‍ ഏറ്റു വാങ്ങിയ ആ മനുഷ്യന്റെ മുഖം പോലും ഓര്‍മ്മയില്ല എനിക്കെങ്കിലും .. ഈ അവസരം മനസ്സ് കൊണ്ട് അദ്ദേഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു .. ! എന്റെ നമസ്കാരം

Monday 10 February 2014

കുയില്‍പാട്ട്

എനിക്കായി പാടുമോ പൂംകുയിലേ ..
ഈ പുലര്‍വേളയിലൊരു കുയില്‍ പാട്ട് .
ഉള്ളു നീറുമ്പോള്‍ തുയിലുണര്‍ത്താനൊരു പാട്ട്..
എന്‍ വിഷാദ ഭാവമകറ്റാനൊരു പാട്ട് ..!
എന്നില്‍ സ്നേഹം നിറയ്ക്കാനൊരു പാട്ട് ..
എന്‍ കദനം മറക്കുവാനൊരു പാട്ട് ..
ഇന്നെനിക്കു മാത്രം കേള്‍ക്കാനൊരു പാട്ട്..
നിന്‍ സ്വനതന്തുക്കളിലുതിരുമാ പാട്ട് ..
എന്‍റെ പൂങ്കുയിലേ ..എനിക്കുവേണമാ പാട്ട് ..
എന്നില്‍ പ്രണയം നിറയ്ക്കുമാ പാട്ട് ..
പാടൂ നീ പൂങ്കുയിലേ .. പാടൂ നീ എനിക്കായി ...!!

പൂവും വണ്ടും

പൂവിനറിയാഞ്ഞിട്ടല്ല.. 
വണ്ട്, സ്നേഹം പകരുമ്പോള്‍ ..
അതിന്റെ കൂര്‍ത്തു മൂര്‍ത്ത കാലുകള്‍ കൊണ്ട് 
പൂവിന്റെ മൃദുല മേനിയില്‍ പോറല്‍ ഉണ്ടാകുന്നുണ്ട് ..
എന്നിട്ടും പൂവും ആ സ്നേഹം ആസ്വദിക്കുന്നുണ്ട് ... 
തിരിച്ചറിയുന്നുണ്ട് ..
സ്വന്തം ജീവിതസാഫല്യം അവന്റെ സ്നേഹമാണെന്നുള്ളത് !
അതുപോലെ തന്നെയാണ് .. എന്‍റെ കൊച്ചു കുറിപ്പുകളും ..!
അത് വായിക്കുന്ന നിന്‍റെ ഹൃദയം പോറല്‍ പറ്റുന്നുവെന്ന് അറിയാഞ്ഞിട്ടല്ല ..
നിനക്ക് നോവുമെങ്കിലും എനിക്ക് സ്നേഹിക്കാതെ വയ്യ ..!
എനിക്കു നിന്നോടുള്ള സ്നേഹമാണ് എന്റെ വാക്കുകളുടെ മൂര്‍ച്ച കൂട്ടുന്നത്‌ .. !
സ്നേഹിക്കുമ്പോള്‍ , ആഴത്തില്‍ മുറിവേല്‍ക്കാതെ നോക്കുന്നുണ്ട് ഞാനും !
എന്റെ സ്നേഹം നിന്നെ മുറിവേല്‍പ്പിക്കുന്നെങ്കില്‍ ക്ഷമിക്കുക ..
സ്നേഹത്തോടെ ....
നിന്‍റെ രാധ .

വരുന്നോ?

വരുന്നോ.. ?
നീറ്റി നീറ്റി കാച്ചിക്കുറുക്കിയ ചന്ദനതൈലം തരാം..
കാണുമോ ..?
വ്യഥ മറന്നു സ്നേഹം തുടിക്കുന്നോരെന്‍ മനസ്സ്..
കേള്‍ക്കുമോ ..?
ബധിരത കടം കൊണ്ട കാതുകളില്‍ വീഴും പാഴ് സംഗീതത്തെ ..
അറിയുമോ..?
നിശാ ശലഭങ്ങള്‍ മുട്ട വിരിയിക്കുമാ ഇലച്ചാര്‍ത്തുകളെ ..
രുചിക്കുമോ..?
സ്നേഹത്താല്‍ ചൊരിഞ്ഞോരാ രക്തത്തുള്ളികളെ..
ഒടുവിലായ് ..
നീട്ടുക നിന്‍ കൈകളെന്നിലേക്ക് ..
ഇനിയൊരു ചുഴികളും ചതുപ്പുനിലങ്ങളും എനിക്ക് ചതിക്കുഴികളൊരുക്കാതിരിക്കട്ടെ !

ഓലഞ്ഞാലി

എന്‍റെ ഓലഞ്ഞാലിക്കുരുവീ..
കളിചിരി ചൊല്ലാനും കൊഞ്ചാനും 
തിന തിന്നാനുമെന്നരികിലെത്തുമ്പോള്‍
ഞാനെന്നേകാന്തത മറന്നീടുന്നെന്‍ കുരുവീ ..!
ഇന്നെന്തേ നീ വരാത്തതെന്ന് ചിന്തിച്ചു ഞാനീ 
പടവിലൊറ്റക്കിരിക്കെയൊരു തൂവല്‍ 
പാറിപ്പാറിയെന്നരികിലെത്തുമ്പോള്‍ ..
അറിയുന്നു ഞാന്‍ നിന്‍ സാമീപ്യമൊരു
നേര്‍ത്ത കിളിയൊച്ചപോലെന്നിലേക്ക് ..!

ഇണക്കിളി

""പറക്കമുറ്റിയാല്‍ പറന്നു പോകുന്ന കിളിക്കുഞ്ഞിനെ ചൊല്ലി അമ്മക്കിളി കരയാറില്ലയെങ്കിലും കൂടണയാന്‍ വൈകും ആണ്‍കിളിയെ ഓര്‍ത്തു പെണ്‍കിളി തപിക്കാറുണ്ട് !!""

പെണ്പക്ഷിയിവളൊന്നു 
വിതുമ്പിക്കൊണ്ടോരോ 
മരമതിന്‍ ചില്ലകളിലേറും
കൂടുകളിലായി തേടീടുന്നു
തന്നാണ്‍കിളിയവനെ ..
കണ്ടീലയെങ്ങുപോയെന്ന
വ്യാധിയിലവള്‍ വിറപൂണ്ടാള്‍ !
കാറ്റിനോടുമിലഞ്ഞിപൂക്കളോടും
ജടയഴിച്ചാടുമാല്‍മുത്തശ്ശനോടും
കേണു കേണാരാഞ്ഞിട്ടുമറിയില്ലാര്‍ക്കുമേ
എങ്ങുപോയവനെങ്ങു
പോയെന്നാധിയോടെ
തലതല്ലിക്കരഞ്ഞാളവള്‍ !
തേടിനടന്നൊടുവിലായവള്‍
കണ്ടൂ തന്നാണ്‍കിളിയവനെ ..?