Thursday 27 February 2014

ഓര്‍മ്മക്കുറിപ്പുകള്‍ - 3

ഓര്‍മ്മക്കുറിപ്പുകള്‍ - 3
---------------------------------
മൂന്നാം ക്ലാസ്സിലെ വിശേഷങ്ങള്‍ ...
കുരുത്തക്കേടുകള്‍ കൂടുകയല്ലാതെ കുറയുന്നില്ലല്ലോ !! ആ കാലയളവില്‍ ഞാന്‍ പുസ്തകങ്ങളുടെ ലോകത്ത് സഞ്ചരിക്കാന്‍ തുടങ്ങിയിരുന്നു .. ഒരു പാടു പുസ്തകങ്ങള്‍ അമ്മയാണ് തന്നിരുന്നത് .. വെറുതെ വായിച്ചു കൂട്ടിയെന്ന് പറയാന്‍ പറ്റില്ല .. എന്റെ ഭാവനകള്‍ തുടങ്ങുന്നത് ഒരു പക്ഷേ ആ വായനാ ലോകത്തില്‍ നിന്നുമാവാം . ആ സമയത്ത് പ്രമുഖ ബാലസാഹിത്യങ്ങള്‍ ആയിരുന്നു അമ്പിളി മാമന്‍ , പൂമ്പാറ്റ , ബാലരമ . കപീഷ് എന്ന കുരങ്ങന്‍ ആയിരുന്നു ഹീറോ .. വിക്രമാദിത്യന്‍ കഥകള്‍ ആവും നന്‍മയുടെയും , ധര്‍മത്തിന്റെയും ബാല്യ പാഠങ്ങള്‍ പകര്‍ന്നു തന്നത് ! കൃത്യമായി പൂമ്പാറ്റ അമര്‍ ചിത്ര കഥകളുടെ എല്ലാ ലക്കവും പത്രക്കാരന്‍ തരാനുള്ള ഏര്‍പ്പാടുകള്‍ അമ്മ ചെയ്തു വച്ചിരുന്നു . ഇന്ന് പുരാണ കഥകള്‍ എന്നില്‍ ചെലുത്തിയ സ്വാധീനം എത്ര വലുതാണെന്ന് മനസ്സിലാകുന്നു . ഒരു തവണ പൂമ്പാറ്റയുടെ അമര്‍ചിത്രകഥ ആയി വന്നത് .. "ഘടോല്‍ക്കചന്‍ " ആയിരുന്നു . വന്ന അന്ന് തന്നെ അതും ബാഗില്‍ തിരുകി സ്കൂളില്‍ ചെന്നു മിടുക്ക് കാട്ടുക എന്ന ഉദ്ദേശത്തോടെ പോയി . പത്രം ഇട്ടപ്പോള്‍ ഒപ്പം തന്നതാണ് .. വായിക്കാന്‍ നേരം കിട്ടിയില്ല .. ചേട്ടനുമായി ഗുസ്തി കഴിഞ്ഞപ്പോള്‍ കയ്യില്‍ കിട്ടിയതു സ്കൂളില്‍ പോകാന്‍ നേരത്താണു .. അതോണ്ട് തന്നെ , സ്കൂളില്‍ കൊണ്ട് പോയി വായിക്കാമെന്ന് കരുതി . അമ്മ പറഞ്ഞിട്ടുണ്ട് കഥാപുസ്തകങ്ങള്‍ കൊണ്ട് പോകരുതെന്ന് . പറഞ്ഞത് ചെയ്തില്ലേല്‍ നല്ല അടി തരും അമ്മ . ഒളിച്ചാണ് ബാഗില്‍ വച്ചത് . ഇന്‍റര്‍വെല്‍ ടൈമില്‍ രാജേശ്വരി എന്ന കൂട്ടുകാരി അത് വായിക്കാന്‍ മേടിച്ചു . ആദ്യമൊന്നും കൊടുത്തില്ല .. പിന്നെ ഒരു ഉപ്പ് നെല്ലിക്കയുടെയും , രണ്ടു ചാമ്പക്ക കൈക്കൂലിയുടെയും പുറത്തു ഞാന്‍ ദുര്‍ബലചിത്തയായിപ്പോയി ! പുസ്തകം നഷ്ടപ്പെടുത്തിയാല്‍ അടി കിട്ടുമെന്ന് മാത്രമല്ല , പിന്നെ വാങ്ങി തരില്ല എന്നും ഭീഷണി തന്നിരുന്നു അമ്മ . ഓരോ ലക്കങ്ങളും സൂക്ഷിച്ചു വച്ച് കുറച്ചാകുമ്പോള്‍ ബൈന്‍ഡ് ചെയ്യിച്ചിരുന്നു അമ്മ . ഞങ്ങള്‍ വലുതായപ്പോള്‍ അതൊക്കെ കൂട്ടുകാരുടെ കൊച്ചു കുട്ടികള്‍ക്ക് കൈമാറിപ്പോയി അതെല്ലാം ! ഇപ്പോള്‍ അത് ഒരു നഷ്ടബോധം പകരുന്നുണ്ട് .
കൂട്ടുകാരി വായിക്കാന്‍ മേടിച്ച ബുക്ക് എന്നോടു പറയാതെ അവള്‍ വീട്ടിലേക്ക് കൊണ്ട് പോയി . പോകും മുന്നേ തരണമെന്ന് ഞാന്‍ പറഞ്ഞിരുന്നു . കാരണം, രാത്രി ഉറങ്ങാന്‍ നേരം അമ്മ അന്വേഷിക്കും അന്നത്തെ പുസ്തകം .. എന്നിട്ട് അത് വായിച്ചു അതിലെ വേറെയും ഉപകഥകള്‍ പറഞ്ഞാണ് അമ്മ മക്കളെ ഉറക്കിയിരുന്നത് . അപ്പോള്‍ അടി കിട്ടുമെന്നുറപ്പായി .. അത് മാത്രമല്ല ഞാന്‍ അത് വിശദമായി വായിച്ചിട്ടുമില്ല .. ആ സങ്കടവും .. എന്നോടു പറയാതെ അതും കൊണ്ട് അവള്‍ സ്ഥലം വിട്ടതിന്‍റെ അരിശവും , നിസ്സഹായതയും എല്ലാം കൂടി എന്നിലെ കുട്ടിയെ എന്തു ചെയ്യണമെന്ന് ഒരു രൂപമില്ലാതാക്കി . ആ ബാലിശതയില്‍ ഞാന്‍ ചെയ്തത് ഒരു കുരുത്തക്കേടായിപ്പോയി !! . അന്ന് ഞാന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ തന്നെ ഇരുന്നു കളഞ്ഞു . എല്ലാവരും പോയി . സ്കൂളിലെ മാവിന്റെ മുറ്റത്തു ഞാനും എന്റെ ഏകാന്തതയും ! മെല്ലെ സന്ധ്യ ആയി തുടങ്ങി . കുറേശ്ശെ പേടി തോന്നിത്തുടങ്ങി . വിതുംബിതുടങ്ങിയ കരച്ചില്‍ ഉച്ചസ്ഥായി ആയപ്പോള്‍ അവിടുത്തെ ആയമാരില്‍ ഒരാള്‍ കണ്ടു കൊണ്ട് വന്നു . അടിച്ചു വാരാന്‍ വന്നതായിരുന്നു അവര്‍ . കോണ്‍വെന്‍റ് ആയതോണ്ട് സിസ്റ്റേഴ്സിനെ കൂട്ടിക്കൊണ്ട് വന്നു , അവര്‍ ! എല്ലാരും ചുറ്റും കൂടി ചോദ്യം തുടങ്ങി . ഞാന്‍ ആണെങ്കില്‍ ആകെ പകച്ചു നില്‍ക്കുകയും, കരയുകയും ചെയ്യുന്നുണ്ട് . അവസാനം എച്ച് എം സിസ്റ്റര്‍ വന്നു . എന്നെയും കൂട്ടി അവരുടെ മഠത്തിലെ മുറിയില്‍ കൊണ്ട് പോയി സമാധാനിപ്പിച്ചു . വിശപ്പും ദാഹവും കൊണ്ട് ആകെ തളര്‍ന്നിരുന്നു ഞാന്‍ ! അവര്‍ എനിക്കു മൊരിച്ച റൊട്ടിയും , ചൂട് ചായയും , മഠത്തില്‍ ഉണ്ടാക്കുന്ന ഒരു പ്രത്യേക കുക്കീസും തന്നു . വിശപ്പടങ്ങിയപ്പോള്‍ ഞാന്‍ ഉഷാറായി .സിസ്റ്റെര്‍സിന്‍റെ കൂടെ കൂടി പാട്ടും കളിച്ചിരിയുമൊക്കെ ആയി . പാവം എന്റെ അമ്മ .. ജോലി കഴിഞ്ഞു 6 മണി കഴിഞ്ഞാണ് എത്തുന്നത് തന്നെ . അത്രയും നേരമായിട്ടും എന്നെ കാണാതെ വന്നപ്പോള്‍ പേടിച്ചരണ്ട് അന്വേഷിച്ചു സ്കൂളില്‍ വന്നു . സ്കൂള്‍ ഗേറ്റ് 6 മണിക്ക് തന്നെ താഴിട്ട് പൂട്ടും . കന്യാസ്ത്രീ മഠം ആണല്ലോ . അമ്മ എത്തുമ്പോള്‍ 7 മണി ആകുന്നു . കരഞ്ഞു വിഷമിച്ച കണ്ണുമായി അമ്മ മഠത്തിന്‍റെ ഗേറ്റില്‍ തട്ടി . വിരുന്ന് മുറിയിലിരിക്കുന്ന എനിക്കു ആരോ ഗേറ്റില്‍ തട്ടുന്നത് കേള്‍ക്കാം . പെട്ടെന്നു എന്റെ ഭാവം മാറി .. അപ്പോഴേക്കും ആയമാരില്‍ ഒരാള്‍ പോയി ഗേറ്റ് തുറന്നു . അമ്മയെ കണ്ടതും ഞാന്‍ കാറിക്കൂവിക്കരഞ്ഞു ക്കൊണ്ട് ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിച്ചു . അമ്മയും എന്നെ കണ്ടതും കരയാന്‍ തുടങ്ങി . ഞാനും ഒരമ്മ ആയപ്പോള്‍ മാത്രമാണു എനിക്കു തിരിച്ചറിയാന്‍ കഴിയുന്നത് ... കുട്ടി സ്കൂളില്‍ നിന്നും തിരിച്ചെത്താതിരുന്നാല്‍ ഒരമ്മ എന്തു മാത്രം വിഷമം അനുഭവിച്ചിരിക്കും എന്നു ..! പക്ഷേ , അന്നത് തുടക്കം മാത്രമായിരുന്നു .. പിന്നീട് പല കാര്യങ്ങളോടുള്ള അമര്‍ഷം .. ഞാന്‍ രേഖപ്പെടുത്തിയിരുന്നത് ഇത് പോലെ സ്കൂളില്‍ ഇരുന്നു കളഞ്ഞാണ് . കാരണം ഞാന്‍ ക്ലാസിലെ ഏറ്റവും ചെറിയ കുട്ടി ആയിരുന്നു .. വില്ലത്തികള്‍ ഉപദ്രവിക്കുന്ന പൊക്കം കുറഞ്ഞ ഏറ്റവും ചെറിയ കുട്ടി . ഓരോ ഉപദ്രവങ്ങളും എന്റെ ഓരോ കുത്തിയിരുപ്പിന് തുടക്കം കുറിച്ചപ്പോള്‍ കോണ്‍വെന്‍റിലെ ആയമാരും , സിസ്റ്റെര്‍സും അവരുടെ അവസാന അടവ് പുറത്തെടുത്തു . ഇനി ഇത് പോലെ ക്ലാസ് വിട്ടു മടങ്ങാതെ അവിടെ കുത്തിയിരിക്കുന്നത് കണ്ടാല്‍ .. ചൂരല്‍ എടുത്തു അടിച്ചു കൈ പൊട്ടിക്കും എന്നു ! അതോടെ ... ആ വേണ്ടാതീനത്തിന് ഒരു വിരാമമായി ! നന്ദി .. നമസ്ക്കാരം !!

No comments:

Post a Comment