Tuesday 27 August 2013

മഴസന്ധ്യ


മഴനൂലുകൾ പെയ്തിറങ്ങുന്ന ഒരു സന്ധ്യയിലാണ്
നാം ആദ്യം കാണുന്നതും അവസാനം പിരിയുന്നതും
ഇതിനിടയിൽ അറിഞ്ഞതും പറയാതെ പോയതും
നമ്മുടെ സ്നേഹബന്ധത്തിൽ ഉടലെടുത്ത ആ
മൃദുവികാരം മാത്രമായിരുന്നു, നാം കണ്ടില്ലെന്നു 
നടിച്ചതും പ്രണയം എന്നതൊന്നു മാത്രമായിരുന്നു
എന്തിനായിരുന്നു അതൊക്കെയും മറച്ചു വച്ചതും
ഒന്നും മനസ്സിലാക്കിയില്ലെന്നു നടിച്ചതും ..?
അവസാനം കരയുന്ന പ്രകൃതിയെ സാക്ഷിയാക്കി
നിന്നോട് യാത്ര ചൊല്ലാൻ വരുമ്പോൾ, എന്നിലെ
ഉള്ളിലെ നീറ്റൽ പോലെ ആ സന്ധ്യയും വിതുമ്പുന്നു .
ഈയൊരു വേർപിരിയലിനു വേണ്ടി മാത്രമാണോ
നാം അന്ന് ആ നനഞ്ഞ സന്ധ്യയിൽ കണ്ടുമുട്ടിയത്‌ .
നിന്റെ ചുണ്ടുകളിൽ അവസാനമായി എന്നോട്
പറയാൻ ബാക്കി വച്ച ആ വാക്കുകൾ ഞാൻ
വായിച്ചെടുക്കുമ്പോൾ നിന്റെ മുഖത്തും
ഞാൻ കാണാൻ കൊതിച്ച ആ പ്രണയഭാവം..!
അവിടെ വച്ച് നിന്റെ ദേഹം കത്തിയമരുന്നതും
നിന്റെ ദേഹി എന്നിലേക്ക്‌ ആവേശിക്കുന്നതും
ഒരു ഉന്മാദമെന്നിൽ പടരുന്നതും ആത്മഹർഷത്തോടെ
അറിയുമ്പോളൊന്നു കൂടി ഞാനറിഞ്ഞു എന്റെ പ്രണയം
എന്നെ വിട്ടു പോകാതെന്റെ കൂടെത്തന്നെയുണ്ടെന്നും
ഭൂമിയിൽ പ്രണയത്തിനു മരണമില്ലെന്നും
പ്രണയമാണ്‌ ശാശ്വതസത്യമായ വികാരമെന്നും ..!

No comments:

Post a Comment