Monday 28 July 2014

ഓര്‍മ്മക്കുറിപ്പുകള്‍ -11

ഓര്‍മ്മക്കുറിപ്പുകള്‍ -11 
======================
അച്ഛനും അമ്മയും നാലു മക്കളുമടങ്ങുന്ന കുടുംബത്തില്‍ ഞാന്‍ രണ്ടാം സന്താനം . മൂത്ത സഹോദരനും , ഇളയ രണ്ടു സഹോദരന്മാരും കൂടി ഇടയ്ക്കിടെ, എന്നെ ചുരുട്ടിക്കൂട്ടി സോഫക്കടിയില്‍ തള്ളുന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം ആനന്ദപ്രദമായി മുന്നോട്ടു പോകുന്നു . പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ അവരെയൊക്കെ ഭരിക്കാറായി എന്ന അഹങ്കാരം കൊണ്ട് അനുവര്‍ത്തിച്ചു പോരുന്ന ചില കടുത്ത ഭരണപരിഷ്ക്കാരങ്ങളില്‍ അസഹിഷ്ണുത പെരുകുമ്പോഴാണ് എന്‍റെ സഹോദരന്മാര്‍ ഇത്തരം കടുംകൈ എന്നോട് ചെയ്യുന്നത് ! കുറ്റം പറയാന്‍ പറ്റില്ല .. ആരായാലും ചെയ്തുപോകും ! അമ്മയും , അച്ഛനും കൂടി എന്‍റെ കാര്യപ്രാപ്തിയില്‍ സന്തുഷ്ടരായി ഗൃഹഭരണം എന്നെ ഏല്‍പ്പിക്കുന്നത് തന്നെ അവര്‍ക്ക് ദഹിക്കുന്നില്ല എന്നതും ഇതിന്‍റെ പിന്നാമ്പുറമായി വ്യാഖ്യാനിക്കാം ! അത്തരം ഭരണച്ചുമതലയില്‍ ഒന്നായിരുന്നു അടുക്കളയിലെ പലവ്യഞ്ജനങ്ങളിലുള്ള ഭരണവും അച്ഛന്റെ പണപ്പെട്ടിയുടെ താക്കോല്‍ സൂക്ഷിപ്പും ! പലവ്യഞ്ജനങ്ങള്‍ തീരുന്ന മുറയ്ക്ക് വാങ്ങിക്കുകയും ബില്ലുകള്‍ യഥാവിധി അടയ്ക്കുകയും ചെയ്യുക എന്നതൊക്കെ ആയിരുന്നു ആയിരുന്നു ചുമതലകള്‍ . അടുക്കള എന്നെ ഏല്‍പ്പിക്കാന്‍ കാരണങ്ങള്‍ ഉണ്ടായിരുന്നു . അതില്‍ രസകരമായ ഒന്ന് ഇവിടെ പറയാം . മാസം മൂന്ന് അമൂല്‍ പാല്‍പ്പൊടി ടിന്‍ ആണ് വീട്ടിലേക്കു വാങ്ങുന്നത് . ഒരുമിച്ചു ഒരു മാസത്തേക്കുള്ള പലചരക്ക് വാങ്ങിയാലും ചില ചില സാധനങ്ങള്‍ പകുതിയാകുമ്പോഴേക്കും തീരുന്നു . ബൂസ്റ്റ് , പാല്‍പ്പൊടി എന്നീ ഐറ്റങ്ങള്‍ ആയിരുന്നു തീരുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ ! അതെന്തു കൊണ്ടാകും എന്ന് ഞാന്‍ പറയാതെ ഊഹിക്കാമല്ലോ . എണ്ണിച്ചുട്ട അപ്പം പോലെ ശമ്പളം വാങ്ങുന്ന കൈക്കൂലിക്കാരല്ലാത്ത സര്‍ക്കാര്‍ഉദ്യോഗസ്ഥര്‍ ആയതുകൊണ്ട് രണ്ടുപേര്‍ക്കും ഒരുമാസം ചെലവ് താങ്ങേണ്ടത് ഒരു കടമ്പ ആയിരുന്നു. ഇടയ്ക്കു നാലെണ്ണത്തില്‍ ഒരെണ്ണത്തിനു അസുഖം വന്നാല്‍ പിന്നെ പറയുകേം വേണ്ടല്ലോ .. ! അപ്പോള്‍ ഇനി സംഭവത്തിലേക്ക് കടക്കാം ...
ഏകദേശം ഒരു മൂന്നുമണിയോടെ , പതിവ് ഉച്ചമയക്കത്തിനു കേറിയതായിരുന്നു ഞാന്‍ . അടുക്കളയില്‍ പൂച്ച കയറിയതുപോലെ തോന്നിയപ്പോള്‍ ഞാന്‍ നോക്കാനായി ചെന്നു . എന്നെ കണ്ടതും നേരെ ഇളയ സഹോദരന്‍ , കൂട്ടത്തിലെ ഏറ്റവും കുരുത്തക്കേട്‌ കൂടിയവന്‍ , എന്നെയും തട്ടി മാറ്റി ഒറ്റ ഓട്ടം ... എന്തോ പന്തികേടുണ്ടല്ലോ എന്നോര്‍ത്ത് ഞാനും പിറകെ വച്ച് പിടിപ്പിച്ചു . ഓടുന്ന വഴി ശ്രദ്ധിച്ചപ്പോഴാണറിയുന്നത് ലവന്‍റെ കൈയ്യില്‍ പാല്‍പ്പൊടി ടിന്നിരിക്കുന്നു ... ഇനി പിന്നോട്ടില്ല , അത് മേടിച്ചെടുത്തിട്ട് ബാക്കി കാര്യം . ഓടി ഓടി തൊട്ടപ്പുറത്തുള്ള മൈതാനം വരെ ഓടിച്ചു ... എന്നെ ഇട്ടു ഓടിക്കല്ലേടാ .... എന്ന് ഞാന്‍ വിളിച്ചു പറയുന്നുണ്ട് . എന്‍റെ പിറകേ വരല്ലേ എന്നവനും ! മൈതാനത്തിന്‍റെ ഓരോ മൂലക്കായി ഏതാനും തെങ്ങുകള്‍ വെട്ടിയിട്ടുണ്ട് . അതുകൊണ്ട് തന്നെ ഓട്ടത്തിനു ഒരു മാരത്തോണ്‍ സ്വഭാവം കൂടിയുണ്ടായിരുന്നു . പെട്ടെന്നാണതു സംഭവിച്ചത്... അനിയച്ചാര്‍ ഒരു തെങ്ങിന്‍തടിയില്‍ തട്ടി മറിഞ്ഞു വീണു . എന്താണ് സംഭവിച്ചതെന്നറിയില്ല . അവന്‍റെ തലയ്ക്കു മുകളിലൂടെ മൂടി തുറന്നു മൊത്തം പാല്‍പ്പൊടിയും തൂവിപ്പോയി . ആദ്യത്തെ ഷോക്കില്‍ ചിരിക്കണോ , കരയണോ എന്നറിയാതെ ഞാന്‍ !! പക്ഷേ ... പിന്നീടുള്ള അവന്റെ നില്‍പ്പു കണ്ടപ്പോള്‍ ചിരി അടക്കാന്‍ വയ്യ .. മൈതാനത്തു കളിച്ചുകൊണ്ടിരുന്ന എല്ലാ കളിക്കൂട്ടുകാരും കൂടി ചിരി തുടങ്ങി . കാരണം അതൊരു ഒന്നൊന്നര നില്‍പ്പായിരുന്നു . വര്‍ഷങ്ങള്‍ ഇത്രയുമായിട്ടും ഇപ്പോഴും അവന്‍റെ മക്കളോട് ഇത് വിവരിച്ചു ഞാന്‍ ചിരിക്കാറുണ്ട് . ചിരിക്കുള്ള വക മാത്രമല്ല ... കരച്ചിലിനും കൂടിയുള്ളതായിരുന്നു അത് . കാരണം വൈകിട്ട് അമ്മ വന്നപ്പോള്‍ എനിക്കും അവനും കണക്കിന് തല്ലു കിട്ടി . അവന്‍ ഓടിയത്തിനും.. ഞാന്‍ ഓടിച്ചതിനും . രഹസ്യം പരസ്യമാക്കില്ലെങ്കില്‍ ഒരു കാര്യം കൂടി പറയാം .. അന്നത്തോടെ ലിവന്മാരുടെ കുരുത്തക്കേടിനു പിറകെയുള്ള എന്‍റെ മേല്‍നോട്ടം ഞാനങ്ങു നിര്‍ത്തി . എന്തിനു വെറുതെ എന്‍റെ ആരോഗ്യം കളയണം ... തല്ലും കൊള്ളണം ? ആ ആത്മാര്‍ത്ഥത ഞാന്‍ വേണ്ടെന്നു വച്ചു !! പിന്നീടുള്ള ഓരോ സംഭവത്തിലും ഞാന്‍ പരമാവധി അടി ഒഴിവാക്കിയിരുന്നുവെങ്കിലും കിട്ടേണ്ടത് ഞാന്‍ തന്നെ ചോദിച്ചു വാങ്ങിയിരുന്നു . അടി കൊള്ളാന്‍ ചെണ്ടയും കാശു വാങ്ങാന്‍ മാരാരും !
നന്ദി , നമസ്ക്കാരം

No comments:

Post a Comment