Friday, 1 August 2014

പറയാതെ ബാക്കി വച്ചത്..

സ്വപ്‌നങ്ങള്‍ സഫലമാകാതെ ബാക്കി ... !!
=====================================
ആദിപരാശക്തി കുടിയിരിക്കും കുടജാദ്രിയുടെ നെറുകയിലേക്ക്
നീയുമൊത്തു നടന്നു കയറണം ...
ആര്‍ദ്രമായി എന്നിലേക്കിറങ്ങുന്ന ഹിമമേഘങ്ങള്‍ എന്നെ അടിമുടി ഈറനുടുപ്പിക്കുമ്പോള്‍ ഒരു ചുടുനിശ്വാസമേകി ഈറന്‍കാറ്റിനെ ശാസിക്കുവാന്‍ നീയെന്നരികില്‍ വേണം ...
ഒരു കിളിയൊച്ച പോലുമില്ലാതെ ആകാശത്തിന്‍റെയും ഭൂമിയുടെയും അതിരുമുട്ടുന്ന തുമ്പില്‍ നിന്ന് , അനന്തതയിലേക്ക് നോക്കി നിന്‍റെ നെഞ്ചിന്‍റെ ചൂടേറ്റിരിക്കണം...!
സായാഹ്നങ്ങളില്‍ , പുഴയുടെ ഓളങ്ങളില്‍ തട്ടുന്ന അന്തിച്ചുവപ്പിന്‍റെ രശ്മികളെ നോക്കി ശാന്തമായി സൂര്യാസ്തമയം കണ്ടിരിക്കാന്‍ എന്‍റെ സ്വപ്നവീടിന്‍റെ ഉമ്മറക്കോലായില്‍ നീയെന്നരികിലുണ്ടാവണം...
കുട്ടനാടിന്‍റെ വയലേലകള്‍ക്കു നടുവിലൂടെ ഒരു ബുള്ളറ്റില്‍ ഏറ്റവും കുറഞ്ഞ വേഗതയില്‍, നിന്നോടൊട്ടിയിരുന്നു , തെങ്ങോലകള്‍ നിഴല്‍ വീഴ്ത്തുന്ന വഴികള്‍ തേടണം ...!
മഹാനഗരത്തിന്‍റെ തിരക്കുകളിലൂടെ ആരെയും കണ്ണില്‍ കണ്ടതായി നടിക്കാതെ നിന്‍റെ വിരലുകളില്‍ വിരലുകള്‍ കോര്‍ത്തു തോളില്‍ ചെറുതായി തല ചേര്‍ത്ത് പിടിച്ചു .. കണ്ടോളൂ ഇവനെന്‍റെ പുരുഷന്‍..
എന്നഹങ്കരിക്കുംവിധമൊരു ഭാവം കണ്ണുകളില്‍ ചേര്‍ത്തുവച്ചു ആ തിരക്കുകളില്‍ അലിഞ്ഞു ചേരണം !
പ്രഭാതങ്ങളില്‍ പുളിയിലക്കര നേര്യതു ചുറ്റി.. വീതിക്കരയുള്ള മുണ്ടുടുത്തു രണ്ടാം മുണ്ട് പുതച്ച നിന്നോടൊപ്പം നീട്ടിയ നിന്‍ കൈകളില്‍ പിടിച്ചു മഹാദേവന്‍റെ തിരുനടയിലെ പടവുകള്‍ താണ്ടണം... പടിയെല്ലാം കടന്നു ചെല്ലുമ്പോള്‍ അകത്തിരിക്കും ദേവനേക്കാള്‍ ശോഭയില്‍ ഇവനെന്‍റെ ജീവിതം മുഴുവന്‍ കൂടെയുണ്ടാകണമേ എന്ന് തൊഴുകൈകളോടെ കുമ്പിട്ടു കേഴണം..!

....ഒടുവിലായ് തെക്കെത്തൊടിയില്‍ ... ചാണകവരളിക്കടിയില്‍ വൈക്കോല്‍പുതപ്പു മൂടും മുന്നേ .. സിന്ദൂരച്ചെപ്പിലെ കുംകുമം തണുത്തു മരവിച്ചോരെന്‍ നെറ്റിയില്‍, നിന്‍ മോതിരവിരലിനാല്‍ ചാര്‍ത്തണം .. എരിഞ്ഞടങ്ങിയ എന്‍ ദേഹഭസ്മം ഒരു ശിവരാത്രി നാളില്‍ നിളയിലൊഴുക്കണം .. ജനിമൃതികളില്ലാത്ത ലോകത്ത്.. ദേഹികളായ് നാമൊത്തു ചേരും വരെയും നിന്‍റെ മാത്രം പെണ്ണായ് .. ആ നിളാതീരത്ത് ഞാന്‍ കാത്തിരിക്കാം..!

(എന്‍റെ കണ്ണനോട് പറയാതെ ബാക്കി വച്ചത് ..! )

1 comment:

  1. കുടജാദ്രിയില്‍ ഇതുവരെ ഞാന്‍ പോയിട്ടില്ല ..... പലപ്പോഴും വായിച്ചിട്ടുണ്ട് . പോകനമെന്നുണ്ട് .... എന്നാ പോവാന്‍ പറ്റുക എന്നറിയില്ല ...

    ReplyDelete