Saturday 2 August 2014

പുനര്‍ജ്ജന്മം ?

പുനര്‍ജ്ജന്മം ?
===============
ഇന്ന്, ഈ ഇരുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ , ഒരു സ്വപ്നത്തിന്‍റെ പൊരുള്‍ തേടിയിറങ്ങുവാന്‍ തുനിഞ്ഞത് വിഡ്ഢിത്തമായോ എന്നറിയില്ല . വോള്‍വോ ബസ്സിന്‍റെ ഉള്ളില്‍, ഇങ്ങനെ എടുത്തുചാടി പുറപ്പെട്ടതിനെ ഓര്‍ത്തു ആശങ്കയോടെ ഇരിക്കുമ്പോള്‍ , പശ്ചാത്തലത്തില്‍ ജഗ്ജിത് സിംഗിന്‍റെ ഗസലുകള്‍ മുഴങ്ങുന്നത് ഒരാശ്വാസമായി തോന്നുന്നു . എന്റെ തോന്നലുകള്‍ .. നിഴല്‍ പോലെ പിറകെയുണ്ട് . അനാഥാലയത്തിന്റെ മതില്‍കെട്ടില്‍ നിന്നും പുറത്തുകടന്നതു ജോലി കിട്ടിയതിനു ശേഷമാണ് . അന്ന് മുതല്‍ തുടങ്ങിയ അന്വേഷണമാണ് . ചെറുപ്പം മുതല്‍ സ്വപ്നത്തില്‍ മാത്രം കണ്ട ആ സ്ഥലത്ത് പോകണമെന്നും .. സ്വപ്നത്തിന്‍റെ വഴികള്‍ നേരില്‍ തൊട്ടറിയണമെന്നും ! എന്നിട്ടും ആശങ്കകള്‍ ഉണ്ട് മനസ്സിലിപ്പോഴും . ഗസലില്‍ പാടുംപോലെ ..." മേ നശെ മെ ഹൂം ... അതെ.. ഞാനിപ്പോഴും ആ സ്വപ്നം തന്ന ലഹരിയിലാണ് . ഒരേ സ്വപ്നം മാത്രം കാണുമ്പോള്‍ കിട്ടുന്ന ലഹരി ! സിംഗിന്‍റെ ഗസലിന്റെ ആര്‍ദ്രത.. എന്നിലെ ഭാവങ്ങള്‍ക്കും ലഹരി പകരുന്നു .
കൊടുങ്ങല്ലൂര്‍ പിന്നിട്ട്‌ മതിലകം എത്തുമ്പോള്‍ ഞാന്‍ മനസ്സില്‍ വരച്ച ചിത്രം പോല്‍ എല്ലാം ഇതളുകളായി തെളിയുന്നു . മതിലകം സ്റ്റോപ്പില്‍ ഇറങ്ങി .. ഒരു ജ്യൂസും കുടിച്ചു ഓട്ടോയില്‍ കയറി ചന്ദ്രോത്ത് മന എന്ന് പറയുമ്പോള്‍ പോലും വിശ്വാസമുണ്ടായിരുന്നില്ലാ .. അങ്ങിനെ ഒരു മേല്‍വിലാസം ശരി തന്നെയോ എന്ന് !! ആരാണ് ഇവ്വിധം എന്നെ നയിക്കുന്നത് ... ഒരു സ്വപ്നത്തിന്‍റെ ചിറകിലേറി ഇങ്ങനെ ഇറങ്ങാന്‍ ധൈര്യം പകരുന്നത് ? എന്തായാലും ഇനി പിന്നോട്ടില്ല ....
കാട് പിടിച്ച പടിപ്പുര പണിപ്പെട്ടു തുറക്കുമ്പോള്‍ തുരുമ്പിച്ച വിജാഗിരിയുടെ കിരുകിരാ ശബ്ദം ചെവിക്കു അസ്വസ്ഥത ഉണ്ടാക്കുന്നു . മുറ്റമാണോ .. കാടാണോ എന്നറിയാനാവുന്നില്ല ... ആള്‍പ്പൊക്കത്തില്‍ തഴച്ചു വളര്‍ന്ന തെരുവപ്പുല്ലുകള്‍ വകഞ്ഞു മാറ്റി ഞാന്‍ സ്വപ്നത്തിന്‍റെ ഉറവിടം തേടി ..!!
അതേ തേന്മാവ് ... ബാല്യത്തില്‍ 5 വയസ്സുള്ളപ്പോള്‍ ഊഞ്ഞാലാടാന്‍ കൊതിപ്പിച്ച മാവ് .. നിറയെ ഇത്തിള്‍ക്കണ്ണി പിടിച്ചിരിക്കുന്നു . എന്നിട്ടും മാങ്ങ പഴുത്തു നിറഞ്ഞിട്ടുണ്ട് . താഴെ വീണുകിടക്കുന്ന ഒരു മാങ്ങ എടുത്തു കടിക്കും മുന്നേ തന്നെ ... അതിശയം പോലെ ...മുന്‍പെപ്പോഴോ കഴിച്ച പോല്‍ അതിന്‍റെ രുചി നാവിലെക്കെത്തുന്നു . അതെ.. ഈ മാവില്‍ ഞാന്‍ ഊഞ്ഞാലാടിയിട്ടുണ്ട് . എന്റെ റോസാച്ചെടി എവിടെ ? അയ്യോ .. അതാണോ ഉണങ്ങിനില്ക്കുന്ന മുള്ളുള്ള കുറ്റിച്ചെടി !
കിഴക്കിനിയില്‍ നിന്ന് നോക്കിയാല്‍ കാണാമായിരുന്ന ഇതില്‍ കുട പോലെ ആള്‍പ്പൊക്കത്തില്‍ നിറയെ ഇളം റോസ് പനിനീര്‍പ്പൂക്കള്‍ ആയിരുന്നല്ലോ ? തെക്കിനിയിലെ എന്‍റെ മുല്ലക്കാട് നിറയെ പൂത്തുനില്‍ക്കുന്നുണ്ട് .. ആഹാ .. സന്തോഷം ! ഒരേ സമയം എന്തൊക്കെ വികാരങ്ങള്‍ കടന്നുപോകുന്നു എന്‍റെ മനസ്സിലിപ്പോള്‍ !! കാലം ഇവിടെ ഇനിയും എനിക്കായി എന്തൊക്കെയാണ് കാത്തുവച്ചിട്ടുള്ളതാവോ ?
""ആരാ അവിടെ ? ""
ശോ .. ഞാനിനിയും ഇവിടെ ആരൊക്കെ ഉണ്ടെന്നു നോക്കിയില്ല മുത്തശ്ശി കാണുമോ? അമ്മയില്ലാത്ത നന്ദ മോള്‍ക്ക്‌ അമ്മയും അച്ഛനും ആയിരുന്ന എന്‍റെ മുത്തശ്ശി ? അച്ഛനെപ്പോഴും യാത്രകളുടെ തിരക്കായിരുന്നല്ലോ !! നോക്കട്ടെ .. വളരെ പരിചിതമായ ഈ ശബ്ദം ആരുടേതെന്ന് ?
യ്യോ ... ജാനുവമ്മ .. എനിക്ക് മുലപ്പാല്‍ പകര്‍ന്നെന്നെ വളര്‍ത്തിയ ജാനുവമ്മ !!
"" ജാനുവമ്മേ ..... ഇത് ഞാനാ ...!! ""
അവര്‍ കതകു തുറന്നു പുറത്തേക്കു വന്നു .. എന്നെ കണ്ടതും ഞെട്ടി പിറകോട്ടു മാറി ..! വീണ്ടും വീണ്ടും വിശ്വാസം വരാത്തപോലെ നോക്കി കൊണ്ട് അരികിലേക്ക് വന്നു . തിമിരം കാഴ്ചയെ മാത്രമല്ല മനസ്സിനെയും ബാധിച്ചോ എന്നുറപ്പിക്കും പോലെ !! മുള ചീന്തും പോലെ ഒരു പൊട്ടിക്കരച്ചില്‍ !
അകത്തേക്ക് അവരെ കെട്ടിപ്പിടിച്ചു നടക്കുമ്പോള്‍ അവിടെ നിലവറ ചുവരിന് മുകളിലായ് മാലയിട്ടു വച്ച മുത്തശ്ശിയുടെ ചിത്രത്തോടൊപ്പം , എന്‍റെയും ചന്ദനമാലയിട്ട ചിത്രം !! വിതുമ്പല്‍ കേട്ടു പിന്തിരിഞ്ഞു നോക്കുമ്പോള്‍ പിറകില്‍ എന്‍റെ അച്ഛന്‍ . അച്ഛന്‍റെ പുരികം പോലും നരച്ചിരിക്കുന്നു . ഒന്നും മിണ്ടാതെ , എന്‍റെ മുറിയിലേക്ക് പോയി ഞാനൊളിപ്പിച്ച എന്‍റെ ഓര്‍മ്മപുസ്തകം എടുത്തു അച്ഛന് നേരെ നീട്ടുമ്പോള്‍ അച്ഛന്‍റെ ഒരു പാട് ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നു . എന്‍റെ ജീവിതം നിലവറയില്‍ ഒടുങ്ങിയതെങ്ങനെ എന്നതിനു പോലും ഉത്തരം ഉണ്ടായിരുന്നു ...! ഉത്തരമില്ലാത്തത് ഈ ദേഹത്തിലുള്ള .. ഞാന്‍ എന്ന എന്‍റെ അസ്തിത്വത്തിനു മാത്രമായിരുന്നു . ഞാന്‍ എന്നത് അമ്മയോ .. മകളോ എന്ന ചോദ്യത്തിന്‍റെ ഉത്തരം ??

No comments:

Post a Comment