Monday 4 August 2014

സാഫല്യം



""ചീനൂ ... ചീനൂ .... ഈ ചെക്കന്‍ ഏടെ പോയോ ന്തോ ..?
അമ്മാളുവമ്മയുടെ വിളികേട്ടിട്ടും അവന്‍ മിണ്ടീല്ലാ ..
എന്‍റെ മനസ്സ് പൊടിഞ്ഞു നീറുന്നതു ആര്‍ക്കും കാണണ്ടല്ലോ ..
കുളക്കടവില്‍ രണ്ടും കൂടി മിണ്ടുന്നത് കണ്ടപ്പോ ന്‍റെ ചങ്ക് പൊടിഞ്ഞു . ചീനു പൂവാ ഇനീം ഇവിടെ നിക്കണില്ലാ .. ഹും ! ""

... ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷവും മറക്കാന്‍ കഴിഞ്ഞിട്ടില്ല ഒന്നും ഇപ്പോഴും ! തിരിച്ചു വന്നത് എന്തിനാണെന്നറിയാത്ത വിധം കാലമെന്നില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് .. എന്നാലും ഒരു നീറ്റലുണ്ട് ... സേതുലക്ഷ്മിയും സേതുനാരായണനും ഇപ്പോഴും കാണുമോ ഈ നാട്ടില്‍ ? സുഖായി ജീവിക്കണുണ്ടാവും എവിടെയായാലും ... പേരുകൊണ്ട് പോലും ചേര്‍ന്നവരല്ലേ... !! 25 വര്‍ഷത്തോളമായില്ലേ ...
ചീനൂനെ ഓര്‍ക്കുന്നുപോലുമുണ്ടാവില്ല !

...അമ്മാളുവമ്മ പാവമായിരുന്നു .. അനാഥനായ ശ്രീനിവാസന്‍ സനാഥനായതും പഠിച്ചതും ആയമ്മയുടെ കാരുണ്യം കൊണ്ടാണ്. ഡിഗ്രി പരീക്ഷയുടെ റിസള്‍ട്ട് പറയാന്‍ ചെന്നതായിരുന്നു കുളക്കടവില്‍ . ഉള്ളിലെ മോഹങ്ങള്‍ എല്ലാം അവളോട്‌ പറയാന്‍ .. എനിക്ക് വേണ്ടി കാത്തിരിക്കണമെന്ന് പറയാന്‍... പക്ഷേ !

അമ്മാളുവമ്മ വില്ലേജ് ഓഫീസില്‍ കൂട്ട് ചെല്ലാന്‍ പറഞ്ഞപ്പോള്‍ എന്തിനെന്നു ചോദിച്ചില്ല . ഇത്രയും കാലം നന്ദിയോ കടപ്പാടോ തിരികെ കൊടുക്കാന്‍ പറ്റിയില്ല , ഇനിയെങ്കിലും ആയമ്മയുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ നിശ്ചയിച്ചാണ് തിരികെ വന്നത്.
ഓഫീസിനകത്തേക്ക് ചെല്ലാന്‍ പ്യൂണ്‍ വിളിച്ചപ്പോഴാണ് ഓര്‍മ്മകളില്‍ നിന്നും മടങ്ങിയത് . ഒരു ചെറുപുഞ്ചിരിയോടെ ഇരിക്കുന്ന ആയമ്മയെ കണ്ടപ്പോള്‍ എന്താണെന്ന ഭാവത്തില്‍ നോക്കി . ചീനൂ എന്ന വിളി കേട്ടു ഞെട്ടി ഓഫീസറുടെ മുഖത്തേക്ക് നോക്കി . കണ്ടു മറന്ന മുഖം പോലെ മുന്നില്‍ സേതു നാരായണന്‍ !

എന്നോടൊപ്പം കാറിലിരിക്കുന്ന പഴയ കൂട്ടുകാരന്‍റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടിപ്പോഴും ! എത്ര ചോദിച്ചിട്ടും അവന്‍ ഒന്നും പറയുന്നില്ല . ഇതിനിടയില്‍ അവന്‍റെ വീട്ടില്‍ കൊണ്ട് പോയി ഭാര്യയെയും കുട്ടിയേയും കാണിച്ചപ്പോള്‍ ശരിക്കും ഞെട്ടി . അതെന്‍റെ സേതുവല്ലായിരുന്നു ! അവളെക്കുറിച്ച് ചോദിച്ചപ്പോള്‍ പറയാതെ ഒഴിഞ്ഞുമാറി . ഒരു യാത്ര പോകാന്‍ വരണം എന്ന് പറഞ്ഞു വിളിച്ചിട്ടു വന്നതാണ് . എന്നിട്ടും മിണ്ടുന്നില്ല .. എങ്ങോട്ടെന്നും പറയുന്നില്ല ! ഒടുവില്‍ ഒരു ആയുര്‍വേദ ചികിത്സാകേന്ദ്രത്തിന്‍റെ ഗേറ്റ് കടന്നു കാര്‍ മുന്നോട്ടു ചെല്ലുമ്പോള്‍ എന്നെ മോഹിപ്പിച്ച പഴയ ചിരിയോടെ ഞങ്ങളെ സ്വീകരിക്കാന്‍ ഇറങ്ങിവരുന്ന എന്‍റെ സേതു ... ഡോക്ടര്‍ സേതുലക്ഷ്മി .. !! സേതുനാരായണന്‍റെ പ്രണയം നിരസിച്ചു എനിക്ക് വേണ്ടി മാത്രം കാത്തിരുന്ന എന്‍റെ സേതു ... !!


No comments:

Post a Comment