Saturday 2 August 2014

ചന്ദനമരം

ചന്ദന മരം 
===========
വേരുകള്‍ നീണ്ടുവരുന്നുണ്ട് ..ആ വേരുകളിലേക്ക് ഒരു ദുര്‍മന്ത്രവാദിയെപ്പോല്‍ നിന്‍റെ നീലവിഷം പടര്‍ത്തി വിടുന്നുണ്ട് .
ഡ്രാക്കുളയ്ക്കടിമപ്പെട്ട ലൂസിയെപ്പോലെ ... ഒരു ജന്മം മുഴുവന്‍ നീയെന്ന നിധി തേടി ഭ്രാന്തമായി അലയാന്‍ വിധിക്കപ്പെട്ട സാന്റിയാഗോ എന്ന ആല്കെമിസ്റ്റിലെ ആട്ടിടയനെപ്പോലെ ... 
നിന്‍റെ പ്രണയത്തിന്‍റെ വന്യത എന്നെ ഉന്മാദിയാക്കുമ്പോള്‍ നീലവിഷത്തിന്റെ ലഹരി സിരകളില്‍ നിറഞ്ഞു നിറഞ്ഞു ആ വേരുകളിലൂടെ എന്‍റെ ജീവരക്തം മുഴുവന്‍ പടരുന്നു ... കൂടെ നില്‍ക്കും ചെടിയുടെ വേരില്‍ നിന്നും ജീവനം തേടുന്ന ചന്ദനമരം ചെയ്യുംപോലെ ഞാന്‍ നീയെന്ന മായാജാലക്കാരന്റെ നീല വിഷം നിറച്ച പ്രണയവേരുകളിലൂടെ എന്നിലെ ഉന്മാദിനിക്കു ജീവാമൃതം തേടുന്നു . ലിംഗഭേദങ്ങളില്ലാത്ത ... രതിയുടെ കാപട്യമില്ലാത്ത .. ആത്മാവ് ആത്മാവില്‍ അലിയുന്ന പ്രണയത്തിന്‍റെ വന്യഭാവം .. !!
കാന്തം ആകര്‍ഷിക്കുമ്പോലെ നിന്‍റെ നീലക്കണ്ണുകളില്‍ നിന്നും എന്നിലേക്കു നീളുന്ന മാന്ത്രികദൃഷ്ടികളെ നേരിടാന്‍ ... ഈ ഉന്മാദാവസ്ഥയില്‍ നിന്നും .. ലഹരിയില്‍ നിന്നും പുറത്തു കടക്കാന്‍.. തടവിലാക്കപ്പെട്ട എന്നെ മോചിപ്പിക്കാന്‍ എന്നെങ്കിലും എനിക്കാവുമോ ... ? അതോ ... നീലരാവുകളില്‍ എന്നിലെ ചന്ദനഗന്ധം നുകരാന്‍ നിന്‍റെ സാമീപ്യം കൊതിക്കും വന്യമായ ഉന്മാദത്തിലേക്കുണരാന്‍ മാത്രമായി .. എന്‍റെ ചേതന ഉറങ്ങീടുമോ ..?
അങ്ങിനെ ഉണര്‍ന്നുണര്‍ന്നൊടുവിലൊരു നീലരാവില്‍.. മദോന്മത്തയായി.. സ്വാശ്രയം നേടിയ ഞാനെന്ന ചന്ദനമരത്തിന്റെ ശാഖകള്‍ക്കും നീലനിറമാവും , ഇലകളില്‍ നിന്നും സ്വേദകണം പോലെ വിഷത്തുള്ളികളിറ്റു വീണു കൊണ്ടേയിരിക്കും .. ഞാന്‍ നീ മാത്രമാവും... ഓരോ പൂവിലും , കായിലും നീയെന്ന മായാജാലക്കാരന്‍ മാത്രമാവും ....
അസ്തിത്വം നഷ്ടപ്പെട്ട ചന്ദനമരം !!

No comments:

Post a Comment