Wednesday, 10 June 2015

ഇവള്‍ അനാമിക

പരാജയപ്പെട്ട പെണ്ണ് ...
====================
ഇവള്‍ അനാമിക ...
ഇവള്‍ക്ക് പേരില്ല .. എന്തെന്നാല്‍ , ജാതിമതദേശകാലവ്യത്യാസങ്ങളില്ലാതെ , പ്രണയാന്ധതയില്‍ ചിറകു കരിക്കപ്പെടുന്ന, അനേകം പെണ്‍കുട്ടികളില്‍ ഒരുവള്‍ . പ്രണയം കാഴ്ച മറച്ചപ്പോള്‍ , പഠിപ്പും വിവരവുമില്ലാത്ത പഴയകാല പെണ്കുട്ടിക്കുണ്ടായിരുന്നതിന്‍റെ വകതിരിവുപോലും ഇല്ലാതെ പോയ എറണാകുളത്തെ പ്രശസ്ത കലാലയത്തില്‍ ബിരുദാനന്തരബിരുദം അവസാന വര്‍ഷം പഠിച്ചു കൊണ്ടിരുന്ന പുതുതലമുറയിലെ വേറിട്ട ശൈലി ആഗ്രഹിക്കുന്ന, വിപ്ലവകരമായ മാറ്റത്തിന്‍റെ വക്താവാണ്‌ ഞാന്‍ എന്ന് കാണിക്കുവാന്‍ സ്വന്തം ജീവിതം തുലച്ച സാംസ്കാരികമായി അധ:പതിച്ച ഒരു പെണ്‍കുട്ടി . സാംസ്കാരികതയെ പുച്ഛത്തോടെ വെല്ലുവിളിച്ച അവള്‍ക്കു എന്ത് സംഭവിച്ചു ? മലര്‍മണം മായാത്ത വിടര്‍ന്നു തുടങ്ങിയ ജീവിതമാം പൂവിനെ സ്വയം ഞെരിച്ചുടക്കേണ്ടി വന്നു അവള്‍ക്ക്‌ (അതോ , ഞെരിച്ചുടക്കപ്പെട്ടതോ -തര്‍ക്കങ്ങള്‍ നടക്കുന്നു ) . ഭാര്യയും രണ്ടു കുട്ടികളുമുള്ള ഒരുത്തനോട്‌ (അതും കൊലപാതകി , ക്രിമിനല്‍) തോന്നിയ പ്രണയാന്ധതയില്‍ അവള്‍ മറന്നത് , സ്വന്തം മാതാപിതാക്കളെയാണ് , അവരുടെ സ്വപ്നങ്ങളെയാണ് , പ്രതീക്ഷകളെയാണ് . സ്വന്തം ജീവിതത്തോടൊപ്പം അവള്‍ ഇല്ലാതാക്കിയത് അവരുടെ ജീവിതം കൂടിയാണ് . എങ്ങോട്ടാണ് 


പരാജയപ്പെടുന്നവര്‍ 
===================

നമ്മുടെ ഈ പെണ്‍കുട്ടികള്‍ പോകുന്നത് ? സ്വന്തം ജീവിതം കുരുതിക്ക് കൊടുക്കും പോലെ സ്വത്വം മറന്നു പുതിയ നിയമങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ തത്രപ്പെടുമ്പോള്‍ എന്താണ് അവര്‍ നേടുന്നത് ? സമൂഹത്തിനു മുന്നില്‍ അപഹാസ്യര്‍ ആകുകയാണ് എന്ന് മനസ്സിലാക്കാതെ അഭിമാനമായ് കൊണ്ട് നടക്കുന്നു ഇത്തരം പുരോഗമന ആശയങ്ങള്‍ . ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ എങ്കിലും അവള്‍ക്കു തിരുത്താമായിരുന്നു . തെറ്റുകള്‍ പറ്റാത്ത മനുഷ്യര്‍ ഇല്ലല്ലോ ഭൂമിയില്‍ ? ജീവിതത്തില്‍ തോറ്റുപോയെന്ന തോന്നല്‍ എന്തിനു ? അവള്‍ ഒരിക്കലെങ്കിലും തിരുത്തിയിരുന്നെങ്കില്‍ സമൂഹത്തിനു മിടുക്കിയായ ഒരു ഐ എ എസ് കാരിയെ കിട്ടുമായിരുന്നു . പക്ഷേ .. അവളുടെ മിടുക്കും ചിന്തയും വഴി തിരിഞ്ഞു പോയെന്നു അവള്‍ക്കും മാതാപിതാക്കള്‍ക്കും മനസ്സിലായതുമില്ല . അവള്‍ അതിമിടുക്ക് കാട്ടിയത് വേറൊരു ഭാര്യയും കുട്ടികളുമുള്ള ഒരുത്തന്‍റെ കൂടെ വിവാഹം എന്ന പവിത്ര ബന്ധത്തിന്‍റെ മാന്യതയുടെ മുഖത്ത് തുപ്പി ലിവിംഗ് ടുഗതര്‍ എന്ന ആശയത്തിനോട് ഐക്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു . മകളെ തിരുത്താന്‍ മാതാപിതാക്കള്‍ക്കും കഴിഞ്ഞില്ല . അവരുടെ ആ പരാജയത്തിനു അവര്‍ കൊടുക്കേണ്ടി വന്ന വിലയോ , നാളത്തെ വാഗ്ദാനമായ ഏകമകളുടെ ജീവിതവും !
നമ്മുടെ ഈ പെണ്‍കുട്ടികള്‍ ഇനി ഏതു വിദ്യാഭ്യാസം നേടിയാല്‍ ആണു വിവേകം പഠിക്കുക ? നാളത്തെ വാഗ്ദാനമാകേണ്ട സമൂഹത്തിനു ഐശ്വര്യമാകേണ്ട ഈ കുട്ടികള്‍ തലതിരിഞ്ഞ ആശയങ്ങള്‍ക്കടിമപ്പെടാതെ ജീവിതമൂല്യങ്ങള്‍ കൈവിടാതെ പക്വതയോടെ ജീവിക്കാന്‍ ഓരോ കുടുംബത്തിലുമുള്ള മാതാപിതാക്കള്‍ മാത്രമാണ് അവരെ പഠിപ്പിക്കേണ്ടത് . വഴിതെറ്റിയാല്‍ തിരുത്തി മുന്നോട്ടു പോകാമെന്ന് ധൈര്യം കൊടുക്കേണ്ടതും അവര്‍ തന്നെയാണ് . തെറ്റുകള്‍ മനുഷ്യസഹജമെന്നും തിരുത്തിയാല്‍ ജീവിതവിജയം നേടാനാവുമെന്നും കരുത്തുപകരാന്‍ കഴിയുന്ന മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ നാളെയെങ്കിലും ഇത്തരം അനാമികമാര്‍ ആവര്‍ത്തിക്കപ്പെടില്ല എന്ന് വിശ്വസിച്ചുകൊണ്ട് അതിനായി ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ട് , ആശംസകളോടെ നിങ്ങളുടെ രാധാമീര . നന്ദി നമസ്കാരം .
(എന്‍റെ ഈ പോസ്റ്റ്‌ കൊണ്ട് ഒരു പെണ്‍കുട്ടിയോ മാതാപിതാക്കളോ സ്വയം ചിന്തിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥയായി )

No comments:

Post a Comment