Friday, 13 September 2013

ക്ഷണക്കത്ത്



എന്റെ ചക്കിക്ക് ,
കത്തെഴുതാൻ സമയമില്ലാണ്ടായി നിനക്ക് !
ഇവിടെ ഇപ്പോൾ നല്ല മഴ ഉണ്ട് .നിന്റെ വീടിനു പിറകിലുണ്ടായിരുന്നആ താമരക്കുളം അതിപ്പോഴുമുണ്ട്. അല്ല, അത് മാത്രമേ , ഇപ്പോഴും ഉള്ളൂ . നിന്റെ
വീടിരുന്നിടം ഇപ്പോൾ വലിയ ഫ്ലാറ്റ് സമുച്ചയം
ആണ് . നമ്മുടെ പാടം നികത്തി അവർ വിമാനത്താവളം
പണിതു .എനിക്ക് മൊബൈലും ഫോണും തരില്ലെന്ന അച്ഛന്റെ നിലപാടിനൊരു
മാറ്റവുമില്ല .നീ ഗുജറാത്തിൽ നിന്ന് ഒരിക്കലും ഇങ്ങോട്ട് വരില്ലേ ..?
ഒന്ന് കാണണമെന്നുണ്ട് . നിനക്ക് മൊബൈൽ ഉണ്ടെങ്കിൽ നമ്പർ എഴുതണേ ...!
ഞാൻ ഏട്ടൻ വരുമ്പോൾ വിളിക്കാം . അച്ഛന്റെ കണ്ണിൽ ഇതൊക്കെ
അനാവശ്യമെന്നാണ്‌ .
കാരണങ്ങളുണ്ട്', നിനക്ക് മിത്ര നന്ദിനിയെ ഓർമ്മയില്ലേ .. ടെൻ ബിയിൽ പഠിച്ചിരുന്നത് .
അവൾ എവിടെയാണെന്ന് ആർക്കുമറിയില്ല .
അവളുടെ അങ്കിള്‍ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു മൊബൈൽ വാങ്ങി കൊടുത്തിരുന്നു .
അതിലൂടെ വന്ന ഒരു മിസ്സഡ് കാളിലൂടെ ആണ് അവൾ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലാവുന്നതും ആരുമറിയാതെ നാടുവിടുന്നതും ..! അതു കണ്ടു പേടിച്ചാണ് അച്ഛന് മൊബൈലും ഫോണും വെറുപ്പായത്‌ ...!
നീ പോയതിൽ പിന്നെ എനിക്ക് നല്ല കൂട്ടുകാരി ആയി വേറാരെയും കിട്ടിയതുമില്ല .
ഞാൻ നിന്നെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല . എന്നും നമ്മൾ ഒരുമിച്ചല്ലേ ദേവിക്ക് താമര മാല കെട്ടുന്നത് . അതിനിന്നും മുടക്കമില്ല . രണ്ടു നേരവും അമ്പലത്തിൽ പോകുന്നുണ്ട് ഇപ്പോഴും ! ദേവിയോടെന്നും നിന്റെ കാര്യം ഞാൻ പറയാറുണ്ടുട്ടോ ..! ഒരാഴ്ച മുന്നെ, എന്നെ പെണ്ണ് കാണാൻ ആളു വന്നു . നീ ചിരിക്കണ്ട അദ്ദേഹം തന്നെ ആണ് . പട്ടാളക്കാരൻ ആയി , അന്നത്തെ പൊടി മീശ മാറി , ഞാൻ പറയാറുള്ള സങ്കല്പത്തിലെ കട്ടി മീശ വന്നു . എന്നോടദ്ദേഹം പറഞ്ഞു .. നീ പോകും മുന്നെ , എന്റെ സങ്കല്പങ്ങളെ കുറിച്ച് ഏട്ടനോട് പറഞ്ഞിട്ടാണ് പോയതെന്ന് ..!
കട്ടി മീശയുള്ള ഒരു പട്ടാളക്കാരനെ മാത്രേ ഞാൻ കല്യാണം കഴിക്കൂ എന്ന് നീ ഏട്ടനോട് പറഞ്ഞെന്നു . അത് കൊണ്ടാണത്രേ ഏട്ടൻ പട്ടാളത്തിൽ ചേർന്നത്‌ . കട്ടി മീശ വരാൻ കുറെ നാൾ ആവണക്കെണ്ണ പുരട്ടിയെന്നു .. അവസാനം അത് പ്രായം വന്നപ്പോൾ താനേ കട്ടി കൂടിയെന്നും , ഇല്ലേൽ എനിക്കെന്റെ പാറുക്കുട്ടിയെ ആലോചിക്കാൻ പറ്റില്ലാരുന്നല്ലോ കുറുമ്പി പെണ്ണെ എന്നാ ആദ്യം തന്നെ എന്നോട് പറഞ്ഞത് . ഭഗവതിക്കും നിനക്കും ആണ് ഞാൻ ഈ അനുഗ്രഹത്തെ പങ്കു വയ്ക്കുന്നത് . അടുത്ത മാസമാണ് കല്യാണം . നീ സകുടുംബം വരണം . വിശദ വിവരങ്ങൾ ഈ കല്യാണക്കുറിയിൽ ഉണ്ട് .
ഒരു പാട് പറയാനുണ്ട് . തല്ക്കാലം നിറുത്തുന്നു .
സ്നേഹത്തോടെ ,
പാർവതി

No comments:

Post a Comment