Sunday, 8 September 2013

എന്റെ കൂട്ടുകാരന് ...

ഒരു ചേമ്പിലക്കുമ്പിൾ തുമ്പപ്പൂ
കടം തരുമോ കൂട്ടുകാരാ ...?
എൻ സ്നേഹത്തിൻ പൂക്കളം
ഒരുക്കാം ഞാൻ നിനക്കായി !
എന്നെയാ ബാല്യത്തിലേക്ക്
കൊണ്ടു പോകൂ കൂട്ടുകാരാ.. 
കൊതിയോടെ കാതോർക്കുമാ
കൗമാരമെങ്കിലും നേടുമോ
നമുക്കായി ഒരു വട്ടമെങ്കിലും ?
താമരത്തണ്ടിനാൽ തീർത്തൊരു
വരണമാല്യമണിയിച്ചോരാ
മധുരപ്പതിനേഴെങ്കിലുമെനിക്കു
തിരികെ തരുമോ ഒരിക്കൽ കൂടി ?
പാടവരമ്പത്തെ കൈതയ്ക്ക്
മറവിൽ എന്നിലേക്ക്‌ പകർന്നോരാ
ആദ്യ ചുംബനത്തിൻ ഈറൻ
മാറാത്തോരാ യൗവനമെങ്കിലും
എനിക്കായി അർപ്പിക്കുമോ ..?
തിരിച്ചു കിട്ടില്ലെന്നറിയുമെങ്കിലും
വെറുതെ ആശിച്ചു പോകുന്നു
ഞാൻ അവിടെ വച്ചു നിന്നിൽ
കടം കൊണ്ടതെല്ലാം തിരിച്ചു
നിന്നിലേക്ക്‌ പകരുവാൻ
എന്നെ തിരിച്ചെടുക്കുവാൻ ...!

No comments:

Post a Comment