Sunday, 22 September 2013

വൃദ്ധ സദനം

അഞ്ചു വർഷം മുന്നേ , ഇതേ  ഓണക്കാലത്താണ് ഇതെന്റെ വീടായത് .ഓരോ ഓണം വരുമ്പോഴും ,ഒരേ ഒരു മകൻ എന്നെ കാണാൻ വരുമെന്ന് വഴിക്കണ്ണിട്ട്‌ നിന്ന എനിക്ക് ഒരു തവണ പോലും ആ ഭാഗ്യം ഉണ്ടായതേയില്ല .അവന്റെ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ തന്നെ വീട് കെട്ടാൻ ലോണിനു വേണ്ടി സ്വന്തം പേരിൽ തറവാട് എഴുതി വാങ്ങിയിരുന്നു .അച്ഛനും അമ്മയ്ക്കും എന്റെ വീടുണ്ടാകുമല്ലോ ..പിന്നെ , നിങ്ങളുടെ കാലശേഷം വരെ ആരും ശല്യപ്പെടുത്താൻ ആരും വരില്ലല്ലോ എന്നൊരു ആശ്വസിപ്പിക്കലും കൂടി തന്നു .എന്റേത് പതിവ് കഥയല്ലാട്ടോ...!ചെറുപ്പം മുതലേ അവൻ ഒന്നിനും ബുദ്ധിമുട്ടരുതു എന്ന വാശിയോടെ ആണ് അവന്റെ അച്ഛൻ അവനെ വളർത്തിയത്‌ .എന്റെ മരുമകളുടെ നിർബന്ധം സഹിക്ക വയ്യാതെയാണ് ഞാൻ പട്ടണത്തിലെ മകന്റെ വീട്ടിലെത്തിയത് . അവിടെ എനിക്ക് ഒന്നും ചെയ്യാനില്ലാതെ ശ്വാസം മുട്ടി തുടങ്ങിയപ്പോൾ, ഞാൻ നാട്ടിൽ തിരിച്ചു പോകാൻ ആഗ്രഹിച്ചത്‌ .അപ്പോൾ മാത്രമാണ് , അവൻ എന്നെ ആ വീട് വിറ്റ കാര്യം അറിയിക്കുന്നത് . എന്റെ മരുമകൾ പാവമായിരുന്നു , ഒരു പാട് സ്നേഹം തരുന്നവൾ .പക്ഷെ , അവൻ അവളോടും വഴക്കുണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് , ആ  സത്യവും എനിക്ക് മനസ്സിലായത്‌, അവൻ എന്നെ വൃദ്ധ സദനത്തിൽ ചേർക്കാൻ ആലോചിച്ചപ്പോൾ അവൾ എതിർത്തത്കൊണ്ടാണ് , അവളോട്‌ വഴക്കടിക്കുന്നത് എന്നും ...! സുകൃത ക്ഷയമല്ല .... വളർത്തു ദോഷമാണോ , അതോ ,മുജ്ജന്മ പാപമോ , അങ്ങിനെ ഞാൻ ഇവിടെ എത്തിപ്പെട്ടു .ഒരിക്കൽ അവൾ എന്നെ കാണാൻ വന്നു , കുറെ കരഞ്ഞു ,അവൻ , അവളെയും തീരെ സ്നേഹിക്കുന്നില്ലെന്നും ,ഒരു കുഞ്ഞിനെ നിർബന്ധിച്ചു  അലസിപ്പിച്ചുവെന്നും  , ഇപ്പോൾ തമ്മിൽ പിരിയാൻ നോട്ടീസ് അയച്ചെന്നും ... ! അതിൽ പിന്നെ , അവളെയും കണ്ടിട്ടില്ല .അദ്ദേഹത്തിന്റെ പെൻഷൻ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്തേനെ ...?ഇന്ന് ഈ ഓണത്തിനെങ്കിലും അവൻ എന്നെ കാണാൻ വരുമോ ... ?അതോ സുഖങ്ങൾ മാത്രം തേടിപ്പോകുന്ന തിരക്കിൽ ഈ അമ്മയെ മറക്കുമോ..? 


No comments:

Post a Comment