ജന്മം തന്നവർ ആരെന്നറിയില്ല
കണ്ണു തുറക്കും മുന്നേ കൊല്ലപ്പെട്ടിരുന്നു
പെറ്റു വീണിടത്ത് നിന്ന് മോഷ്ടിക്കപ്പെട്ടതാവില്ല
മോഷണം നടത്തുന്നത് കൊല്ലാനല്ലല്ലോ
ഞാൻ എന്റെ സൃഷ്ടാവിനോട് കൂടി,
സന്തോഷത്തോടെ ജീവിക്കുകയായിരുന്നു
ഭൂമിയിൽ ഒരു സ്വർഗമുണ്ട്,
അച്ഛനെന്നും , അമ്മയെന്നും പേരുള്ള ,
രണ്ടു സംരക്ഷകർ നിനക്കുണ്ടാവും ,
നീ പോയി വരൂ കുഞ്ഞേ എന്നായിരുന്നു
 എന്റെ നാഥൻ എന്നോട് കൽപിച്ചത്‌ .
ഈ ചവറ്റു കുട്ടയാണോ എന്റെ സ്വർഗം ....?
പോരും മുന്നേ കേട്ടത് അമ്മയെന്നാൽ
ദൈവത്തെക്കാളും ശ്രേഷ്ടമെന്നാണ്
കാരണം ഏതു തെറ്റും പൊറുക്കുന്ന
കാണപ്പെട്ട ദൈവമാണമ്മയെന്നതത്രേ !
എന്തിനാവും എന്നെ കൊന്നു കളഞ്ഞത് ?
കൊന്നില്ലായിരുന്നെങ്കിൽ ഈ ഭൂമിയിൽ
വേറെ ഏതെങ്കിലും സംരക്ഷകരെ
എന്റെ സൃഷ്ടാവ് എനിക്കേകിയേനെ !
സാരമില്ല , ഞാൻ തിരിച്ചു പോകുന്നു .
എന്റെ സൃഷ്ടാവിന്റെ ലോകം
 വീണ്ടുംഎനിക്കായി തുറന്നിട്ടുണ്ട്
അവിടെ, എന്റെ പ്രിയ  മാലാഖമാർ ,
എന്നെകൊഞ്ചിക്കാൻ കാത്തിരിക്കുന്നു
മടങ്ങുകയാണ് ഈ  കാപട്യലോകം
എനിക്കുള്ളതല്ല ... വിട വിട വിട !