Friday, 6 September 2013

എന്റെ നായിക


എന്റെ നായിക അവൾ ഇന്നലെ രാത്രി കൊല്ലപ്പെട്ടു .അപ്പാർട്ടുമെന്റിലെ ബെഡ് റൂമിൽ ബെഡ്ഡിലേക്ക് തല ചാരി നിലത്തു ഇരിക്കുന്ന രീതിയിൽ ആയിരുന്നു ബോഡി കിടന്നത് . ഒരു കഥാപാത്രമാക്കി അവളെക്കുറിച്ച്എഴുതേണ്ടി വരുമെന്ന് കരുതിയതേയല്ല . എപ്പോഴും അവൾ പറയുമായിരുന്നു , എന്നെങ്കിലും എന്നെക്കുറിച്ചെഴുതേണ്ടിവരും നിനക്കെന്നു ! എങ്കിലും ഇത്ര പെട്ടെന്ന് അങ്ങിനെ വേണ്ടിവരുന്നു എന്നത് എനിക്ക് സങ്കടകരം തന്നെ .
അത് കൊലപാതകമോ , ആത്മഹത്യയോ അതല്ല എന്റെ പ്രശ്നം ! അവളുടെ മരണം അവരെ എല്ലാം എത്ര ആഴത്തിൽ സ്വാധീനിച്ചു കാണും എന്നാണു ? ( അവളുടെ കാമുകരെ ! )


കിടപ്പ് മുറി
തൊങ്ങലുകളുള്ള കിടക്കവിരി പകുതി ഊർന്നു തറയിൽ മുട്ടി കിടക്കുന്നുണ്ട് , അതിൽ കുറച്ചു ഭാഗം ചോരയിൽ മുങ്ങിയിട്ടുണ്ട് . പോലീസെത്തിയിട്ടുണ്ട് എഫ് ഐ ആർ റെഡി ആക്കുന്നു . വിരലടയാള വിദഗ്ദർ സ്ഥലത്തുണ്ട് .
ഒന്നേ നോക്കിയുള്ളൂ ഞാൻ , ഏറ്റവും അടുത്ത സുഹൃത്തെന്ന നിലയിൽ ഒന്ന് കണ്ടു അത്ര മാത്രം !
കോട്ടൻ ചുരിദാർ ആണ് ബോഡിയിൽ . അതും ഞാൻ വാങ്ങി കൊടുത്ത ആകാശ നീല ചുരിദാർ .
കിടക്കയിൽ ലാപ്‌ ടോപ്‌ ഉണ്ട്, ഓണ്‍ ആണെന്ന് പോലീസ് പറഞ്ഞു . സ്റ്റാന്റ് ബൈ ആണത്രേ !
ഫേസ് ബുക്ക്‌ ഓപ്പണ്‍ ആണ് . കിടക്കുന്ന പേജും ചാറ്റ് ആണ് എന്നൊക്കെ അറിയാൻ കഴിഞ്ഞു എന്നിലെ പത്രപ്രവർത്തകന്റെ ഗുണം , എല്ലാം പരിചയക്കാർ ! പിന്നെ അവൾ എന്റെ അടുത്ത സുഹൃത്തെന്നു അവർക്കും അറിയാം .
അതെ , ഈ ലോകത്തിൽ ഇങ്ങിനെ ഒരു സൗഹൃദം ഉണ്ടോ എന്ന് എനിക്കറിയില്ല , കാരണം ഇങ്ങിനെ വേറെ ആരോടും ഒരു സൗഹൃദം എനിക്കിതു വരെ തോന്നിയിട്ടില്ല . തമ്മിൽ ആകെ രണ്ടുവർഷത്തെ പരിചയമേ ഉള്ളൂ എങ്കിലും, അവളുടെ ലൈഫിൽ അവളെ അവൾക്കറിയുന്നത്
പോലെ തന്നെ അല്ലെങ്കിൽ , അതിനെക്കാൾ കൂടുതൽ എനിക്കറിയുമെന്നു ആണ് എന്റെ വിശ്വാസം
ഒരു എഴുത്തുകാരിയെന്ന നിലയിൽ അവൾ പ്രശസ്ത ആവുന്നതേയുള്ളൂ , അവളുടെ ആദ്യ കഥാ സമാഹാരവും നോവലും കഴിഞ്ഞ മാസമായിരുന്നു പ്രസിദ്ധീകരിച്ചത് . അവാർഡുകൾ രണ്ടെണ്ണം അപ്പോഴേക്കും കിട്ടി . പക്ഷെ , അവൾ അതിനു മുന്നേ ശക്തമായ ഒരു സൗഹൃദവലയം ഫേസ് ബുക്കിലും ബ്ലോഗിലും എഴുതി നേടിയിരുന്നു . അവരായിരുന്നു അവളുടെ ശക്തിയും പ്രചോദനവും !

അവൾക്കു ഫേസ് ബുക്കിൽ ഒരു പാട് കൂട്ടുകാർ ഉണ്ടായിരുന്നു . പക്ഷെ വളരെ കുറച്ചു പേരോടെ ചാറ്റിംഗ് ഉള്ളൂ അതും ഏറെ അടുപ്പമുള്ളവർ , അതിൽ കൂടുതലും ആണ്‍സുഹ്രുത്തുക്കൾ . അതിൽ കുറച്ചു പേർ ഉപാധികൾ വയ്ക്കാതെ അവളെ പ്രണയിക്കുന്നവർ . ഓർഫനേജിൽ വളർന്ന അവൾക്കു സ്നേഹം എന്നാൽ ഭ്രാന്തായിരുന്നു . കിട്ടാവുന്നിടത്ത് നിന്നൊക്കെ അവൾ അത് പിടിച്ചു വാങ്ങി . എല്ലാവർക്കും സ്നേഹം വാരിക്കോരി നൽകുമ്പോഴും ഒരേ ഒരു ഡിമാണ്ട് ആണ് അവൾ പറഞ്ഞത് അവരോടായി ... "ഒരിക്കലും അവളുടെ വഴികളിലേക്ക് കാമം എന്ന നികൃഷ്ടതയെ അഴിച്ചു വിടരുതെന്ന് " !
അനാഥബാല്യം അവളെ അത്രത്തോളം വെറുപ്പിച്ചിരുന്നു . ആ തരത്തിൽ അടുക്കുന്നവരോടും അവൾ ആ വെറുപ്പ്‌ കാണിച്ചിരുന്നു ... ആരേലും ആ രീതിയിലേക്കെത്തുമ്പോൾ തന്നെ അവരെ ബ്ലോക്ക് ചെയ്യുമായിരുന്നു .
എന്നും എന്നോട് ഉറങ്ങും മുന്നേ ഒരു ഗുഡ് നൈറ്റ്‌ പറഞ്ഞിരുന്നു , ചിലപ്പോളൊക്കെ മണിക്കൂറുകൾ ചാറ്റിൽ കാണും . എന്റേതും അവളുടേതും ജോലിയുടെ ഭാഗമായി നെറ്റ് ഓണായിരുന്നു . അവൾ ഒരു ഫൈൻ ആർട്സ് ബിരുദധാരിണി കൂടി ആയിരുന്നു . എങ്കിലും ,
ഇടയ്ക്കവൾ പറയാറുണ്ടായിരുന്നു , വരകളുടെ 10 വർഷങ്ങളുടെ ചിത്ര പ്രദർശനങ്ങളിൽ പോലും കിട്ടാത്ത ജനസമ്മതിയും കൂട്ടുകാരും എഴുത്തിലൂടെ അവൾക്കു കിട്ടുന്നെന്നു !
അവളുടെ മനസ്സൊന്നിടറിയാൽ, ശ്വാസത്തിന്റെ താളഗതി ഒന്ന് മാറിയാൽ ഞാൻ അത് അറിഞ്ഞിരുന്നു , ആശ്വസിപ്പിച്ചിരുന്നു . ചില കാര്യങ്ങളിൽ ഞാൻ അവളെ തിരുത്തിയിരുന്നു .
അവൾ സ്നേഹം കാണിച്ചു വന്നിരുന്ന എല്ലാവരെയും അന്ധമായി വിശ്വസിച്ചിരുന്നു . അവളുടെ സുഹ്രുത്തുക്കൾ, അടുപ്പം കാണിച്ചിരുന്നവർ , എല്ലാവരെയും എനിക്കും , അവർക്കെന്നെയും അറിയാമായിരുന്നു . അതിൽ , അവളുടെ പ്രണയിതാക്കൾ എന്നോട് രഹസ്യമായി ഞാൻ ആണോ അവളുടെ ശരിക്കുള്ള കാമുകൻ എന്ന് ചോദിച്ചിട്ടുണ്ട് . ഇനി പറയട്ടെ , ചിലപ്പോളൊക്കെ ഞാൻ എന്നോട് ചോദിച്ചിരുന്ന ഒരു ചോദ്യം ആയിരുന്നു അത് . പക്ഷെ , ഒരിക്കലും എന്റെയും അവളുടെയും ബന്ധത്തെ ഒരു പ്രണയത്തിന്റെ ചട്ടക്കൂട്ടിൽ അളന്നു തൂക്കി കല്യാണം കഴിച്ചു അവളെ സ്വാർത്ഥതയുടെ തടവിലേക്കെറിയാൻ ഞാനും അവളും ഒരു പോലെ ഇഷ്ടപെട്ടിരുന്നില്ല .
എന്നെങ്കിലും നീ എനിക്ക് മാത്രം സ്വന്തമാകണം എന്ന് പറഞ്ഞാൽ അവൾ അതും സ്വീകരിക്കുമായിരുന്നു , എന്തെന്നാൽ , അവൾ അത്ര മാത്രം എന്നെ വിലമതിച്ചിരുന്നു . അവളെ അറിഞ്ഞിരിക്കുന്ന ഞാൻ ഒരിക്കലും അങ്ങിനെ ചിന്തിക്കില്ലല്ലോ !
എങ്കിലും ഒരിക്കൽ എനിക്ക് തോന്നി അവൾ ആരെയോ അഗാധമായി പ്രണയിക്കുന്നെന്ന് . ഞാൻ ചോദിച്ചപ്പോൾ അവൾ ചിരിച്ചു കൊണ്ട് വിഷയം മാറ്റി .. ! ഇനി , അവൾ സ്വയം അറിയാതെ പോയതോ ആ പ്രണയം ?
ഇത് ആത്മഹത്യയാവില്ല ഒരിക്കലും , കാരണം , അവൾക്കു മരണം പേടിയായിരുന്നു എന്നും എപ്പോഴും ! അവൾ പ്രണയാഭ്യർത്ഥന നിരസിച്ച ആരെങ്കിലും ആകുമോ ? ഹേയ് , അവർക്കെല്ലാം അവളോട്‌ വളരെ സ്നേഹമായിരുന്നു . ഇനി സ്നേഹക്കൂടുതൽ കൊണ്ട് , " ഞാൻ തന്നെ ആകുമോ ആ കൊലപാതകി ....? AM I A SCHIZOPHRENIAC ? "

ശേഷം ഭാഗം സ്ക്രീനിൽ ....!
-----------------------------------------

No comments:

Post a Comment